ശബരിമല ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ടിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി. മന്ത്രാലയവും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും (കെഎസ്ഐഡിസി) തമ്മില്‍ നടന്ന നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‌സ് അനുമതി ലഭിച്ച വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവച്ചു.
വിനോദ സഞ്ചാരമേഖലയ്ക്കും പ്രത്യേകിച്ച്, അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാര്‍ത്തയാണിതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. കേരള സര്‍ക്കാരിന് കീഴിലുള്ള കെഎസ്‌ഐഡിസിയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച്, വിമാനത്താവളത്തിന് 08/26 അലൈന്‍മെന്റില്‍ കുറഞ്ഞത് 3.5 കിലോമീറ്റര്‍ നീളമുള്ള റണ്‍വേ ഉണ്ടായിരിക്കുമെന്ന് കെഎസ്‌ഐഡിസിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ സംസ്ഥാനത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാകും ഇത്. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 'മുന്‍ഗണന' പദവി നല്‍കിയിട്ടുണ്ട്. ആരാധനാലയത്തില്‍ യാതൊരു ശല്യവും ഉണ്ടാകാതിരിക്കാന്‍ ശബരിമല ക്ഷേത്രത്തില്‍ നിന്ന് മതിയായ ദൂരത്തില്‍ വിമാനത്താവളം സ്ഥാപിക്കുമെന്ന് കെഎസ്‌ഐഡിസി അറിയിച്ചു.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എന്നിവയുടെ അഭിപ്രായങ്ങള്‍ ഇതിനകം തന്നെ സാധ്യതാ പഠന ഘട്ടത്തില്‍ പരിഗണിച്ചിരുന്നു. പദ്ധതി ആരംഭിക്കുന്നതിന് മുന്‍പ് പാരിസ്ഥിതിക അനുമതിയും ആവശ്യമാണെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, സംസ്ഥാന സര്‍ക്കാരിനയച്ച ക്ലിയറന്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കണമെന്നും, എല്ലാ സര്‍ക്കാര്‍ റെഗുലേറ്ററി ഏജന്‍സികളില്‍ നിന്നും അനുമതി നേടണമെന്നും മന്ത്രാലയം പ്രസ്ഥാവനയില്‍ വ്യക്തമാക്കി.
ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പ്രോജക്റ്റിന് സൈറ്റ് ക്ലിയറന്‍സ് നല്‍കിയിട്ടുണ്ടെന്നും പദ്ധതി മേഖലയിലെ വികസനത്തിനും വളര്‍ച്ചയ്ക്കും ഗുണചെയ്യുമെന്നുമാണ് ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ട്വീറ്റ്. 2500 ഏക്കര്‍ സ്ഥലത്താണ് കോട്ടയം ഗ്രീന്‍ഫീല്‍ഡ് എയര്‍പ്പോര്‍ട്ട് നിര്‍മ്മിക്കാനിരിക്കുന്നതെന്നും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പദ്ധതി ഏറ്റെടുക്കാനാണ് കെഎസ്‌ഐഡിസി ലക്ഷ്യമിടുന്നത്, 4000 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.