മണ്ഡലം-മകരവിളക്ക് തീര്‍ഥാടന കാലത്തിന് ശബരിമല സജ്ജമെന്ന് സര്‍ക്കാര്‍. എല്ലാ തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കും. വെര്‍ച്വല്‍ ക്യൂവിന് പുറമെ പതിനായിരം പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുമെന്നും തീര്‍ഥാടനം സുഗമാക്കേണ്ട എല്ലാ ഒരുക്കവും പൂര്‍ത്തീകരിച്ചതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം തീര്‍ത്ഥാടനകാലത്തെ അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും മന്ത്രി അറിയിച്ചു. ശബരമലയില്‍ ഇത്തവണ എത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കും. ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും
തീര്‍ഥാടന പാതയിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവര്‍ത്തികളും നവംബര്‍ 10നകം പൂര്‍ത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ നിയോഗിക്കുന്നത്. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പോലീസും വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ തയ്യാറാക്കും. മുന്‍പ് ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാനനപാതയില്‍ സ്നേക്ക് ക്യാച്ചേഴ്സിന്റെ അടക്കം സേവനം ലഭ്യമാക്കും. അഗ്‌നിരക്ഷാ സേനയക്ക് പുറമെ 2500 ആപ്തമിത്ര വോളന്റിയര്‍മാരുടെ സേവനം അഗ്‌നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. ഫയര്‍ഫോഴ്സ് വിവരങ്ങള്‍ കൈമാറുന്നതിനും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുന്നതിനും പുതിയ വാക്കിടോക്കി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യൂപോയിന്റുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
തീര്‍ഥാടകര്‍ എത്തുന്ന എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ ജലഅതോറിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, എരുമേലി, പമ്പയടക്കം എല്ലാ കുളിക്കടവുകളിലും ഇറിഗേഷന്‍ വകുപ്പ് സുരക്ഷാവേലികള്‍ നിര്‍മിക്കും. വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ശുചിത്വമിഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മാലിന്യസംസ്‌ക്കരണത്തിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുക. സെപ്റ്റിക് ടാങ്ക് മാലിന്യസംസ്‌ക്കരണത്തിന് ആധുനിക മൊബൈല്‍ സംവിധാനങ്ങടക്കം ഉപയോഗിക്കും. ചങ്ങനാശേരി നഗരസഭ, കുമരകം പഞ്ചായത്ത് എന്നിവിടങ്ങളിലെ മൊബൈല്‍ സെപ്റ്റിക് ടാങ്ക് മാലിന്യസംസ്‌ക്കരണ യൂണിറ്റ് ഇതിനായി ഉപയോഗിക്കും.
കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തും
നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലും കോട്ടയം മെഡിക്കല്‍ കോളജിലും പത്തനംതിട്ട ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവടങ്ങളില്‍ ആരോഗ്യവകുപ്പ് വിപുലമായ ചികിത്സാസൗകര്യങ്ങളൊരുക്കും. പാമ്പുകടി ഏല്‍ക്കുന്നവര്‍ക്ക് ആന്റീവെനം അടക്കമുള്ള ചികിത്സാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കാലം മുഴുവന്‍ എക്കോ കാര്‍ഡിയോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കി ഡോക്ടര്‍സ് പമ്പയിലും സന്നിധാനത്തും സേവനം ലഭ്യമാക്കും. കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തും. തേനി-പമ്പ സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. കാനനപാതയിലടക്കം മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി. നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
മരക്കൂട്ടംമുതല്‍ സന്നിധാനം വരെ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്ലറ്റ് സൗകര്യവുമുണ്ടാകും. പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനുകളില്‍ പൊലീസ് എയ്ഡ്പോസ്റ്റുകള്‍ തുറക്കും. കാനനപാതയില്‍ വനംവകുപ്പ് 132 സേവനകേന്ദ്രങ്ങള്‍ തുറക്കും. തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ 1500 എക്കോ ഗാര്‍ഡുകളെ നിയോഗിക്കും. എലിഫെന്റ് സ്‌ക്വാഡിന്റെയടക്കം സേവനമുണ്ടാകും. ഭക്ഷ്യ-സാധനവില ആറു ഭാഷകളില്‍ പ്രദര്‍ശിപ്പിക്കും. കൂടുതല്‍ സി.സി.ടി.വികള്‍ സ്ഥാപിക്കും. തുണിമാലിന്യങ്ങള്‍ നീക്കുന്നതിന് ഗ്രീന്‍ ഗാര്‍ഡുകളെ നിയോഗിക്കും.
നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇത്തവണ സൗകര്യമൊരുക്കും. കഴിഞ്ഞതവണ 7500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നു. ഇത്തവണ കൂടുതല്‍ സൗകര്യമൊരുക്കി 2500 വാഹനങ്ങള്‍ക്ക് കൂടി പാര്‍ക്കിങ് ക്രമീകരണമൊരുക്കും. നിലയ്ക്കലില്‍ പാര്‍ക്കിങ് പൂര്‍ണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. പമ്പ ഹില്‍ടോപ്പ് , ചക്കുപാലം എന്നിവിടങ്ങളില്‍ മാസപൂജ സമയത്ത് പാര്‍ക്കിങ്ങിന് കോടതി അനുമതി നല്‍കിയിരുന്നു. ഇവിടെ 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാര്‍ക്കിങ് ക്രമീകരണം ഒരുക്കാന്‍ ശ്രമിക്കും. എരുമേലിയില്‍ ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള ആറര ഏക്കര്‍ സ്ഥലം പാര്‍ക്കിങ്ങിനായി വിനിയോഗിക്കും.
നിലയ്ക്കലില്‍ 1045 ടോയ്ലറ്റുകളും പമ്പയില്‍ 580 ടോയ്ലറ്റുകളും ഒരുക്കും. നൂറെണ്ണം സ്ത്രീകള്‍ക്കായാണ് ഒരുക്കുക. സന്നിധാനത്ത് 1005 ടോയ്ലെറ്റുകളൊരുക്കും. പാരമ്പര്യപാതയിലും സ്വാമി അയ്യപ്പന്‍ റോഡിലുമായി ബയോടോയ്ലെറ്റുകളും ബയോ യൂറിനലകളും അന്‍പതിലധികം സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 15 ലക്ഷത്തിലേറെ പേര്‍ക്ക് അന്നദാനം നല്‍കി. ഇത്തവണ 20 ലക്ഷത്തിലേറെ അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് അന്നദാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രിമാരായ വി എന്‍ വാസവന്‍, കെ രാജന്‍, കെ കൃഷ്ണന്‍ കുട്ടി, എ കെ ശശീന്ദ്രന്‍, ജി.ആര്‍. അനില്‍, കെ ബി ഗണേഷ്‌കുമാര്‍, വീണ ജോര്‍ജ്, എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമ, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ കളക്ടര്‍മാര്‍, തദ്ദേശസ്വയംഭരണ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.