ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. മുന്‍കൂര്‍ ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി. വിര്‍ച്വല്‍ ബുക്കിങ്ങും സ്‌പോട്ട്ബുക്കിങ്ങും ഇല്ലാതെ തീര്‍ഥാടകരെ കടത്തി വിടേണ്ടെന്നാണ് നിര്‍ദേശം.
തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കാന്‍ ആവശ്യമെങ്കില്‍ സമീപ കോളജുകളില്‍ നിന്ന് എന്‍എസ്എസ് - എന്‍സിസി വോളണ്ടിയര്‍മാരുടെ സഹായം തേടാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തീര്‍ഥാടകരുടെ ക്യൂ നീങ്ങുന്നത് വൈകുമ്പോള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി അറിയിച്ചു.
സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രണവിധേയമാണെന്ന് എഡിജിപി ഉറപ്പ് വരുത്തണമെന്നും ക്യൂ കോംപ്ലക്‌സില്‍ പരിധിയിലധികം ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തീര്‍ഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ ഉറപ്പുുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നിറയുന്നത് ഒഴിവാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് കൃത്യമായ പരിശോധന നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ശബരിമലയില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ വിന്യാസം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവച്ച കവറിലായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.