KERALA

'സമസ്തയ്ക്ക് വിധേയമായി തന്നെ സിഐസി പ്രവര്‍ത്തിക്കണം'; സിഐസി സെനറ്റ് പ്രമേയത്തെ തള്ളി സാദിഖലി തങ്ങൾ

സമസ്ത കേരള ജംഈയത്തുല്‍ ഉലമയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായതൊന്നും സിഐസി നിയമാവലിയിൽ ഉണ്ടാവാൻ പാടില്ലെ

വെബ് ഡെസ്ക്

സമസ്തക്കെതിരായ സിഐസി പ്രമേയത്തെ തള്ളി സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയ്‌ക്കെതിരെ സിഐസി സെനറ്റിൽ പാസാക്കിയ പ്രമേയത്തിനെതിരെയാണ് സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങൾ തന്നെ രംഗത്തെത്തിയത്. സെനറ്റിൽ പാസാക്കിയ പ്രമേയം എന്ന രൂപത്തിൽ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് സാദിഖലി തങ്ങൾ പ്രസ്‍താവനയിൽ വ്യക്തമാക്കി.

വാഫി-വാഫിയ്യ സംവിധാനം സമസ്തയുടെ ഉപദേശ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കും. സമസ്ത നിയോഗിക്കുന്ന സമിതിയുമായി എല്ലാ വാഫി സ്ഥാപനങ്ങളും സഹകരിക്കണം. ഇതിന് വിരുദ്ധമായതൊന്നും സിഐസി നിയമാവലിയിൽ ഉണ്ടാവാൻ പാടില്ലെന്നും സാദിഖലി തങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കി.

സമസ്ത-സിഐസി തർക്കത്തിന് പരിഹാരമായെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു

സിഐസിക്കും ഹക്കിം ഫൈസി ആദൃശേരിക്കുമെതിരെ സമസ്ത ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ തള്ളുന്ന മൂന്ന് പ്രമേയങ്ങൾ സെനറ്റ് യോഗത്തിൽ പാസാക്കിയെന്നായിരുന്നു സിഐസി പക്ഷത്ത് നിന്ന് പുറത്തുവന്ന വാർത്താകുറിപ്പ്. ഹകീം ഫൈസി ആദൃശേരിക്കെതിരെ ഉയർന്നആരോപണങ്ങളെ നിരാകരിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു. വാഫി, വഫിയ്യ കോഴ്‌സുകൾ തടസ്സപെടുത്തുന്നത് അംഗീകരിക്കാൻ ആവില്ല. കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണം.

വാഫി, വഫിയ്യ കോഴ്‌സുകൾ തടസ്സപെടുത്തുന്ന നീക്കങ്ങളില്‍ നിന്ന്  സ്ഥാപനങ്ങള്‍ പിന്‍വാങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. വാഫി - വാഫിയ്യ സിലബസുമായി ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. സിലബസുകളിൽ സുന്നി വിരുദ്ധ ആശയങ്ങൾ ഉണ്ടെന്ന ആരോപണം അപലനീയമാണെന്നും പ്രമേയത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതാണ് സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങൾ നിഷേധിക്കുന്നത്.

അതേസമയം, സമസ്ത-സിഐസി തർക്കത്തിന് പരിഹാരമായെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുസ്ലിം ലീഗ് നേതൃത്വം മുന്‍കൈയെടുത്ത് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ ചൊവ്വാഴ്ച ചേര്‍ന്ന സിഐസി സെനറ്റ് യോഗം അംഗീകരിച്ചു എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. സെനറ്റ് മുന്നോട്ടുവച്ച നിർദേശങ്ങൾ സമസ്ത ചർച്ച ചെയ്യുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരും സെനറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞമാസം ആദ്യമാണ് അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി നേതൃത്വം നല്‍കുന്നതോ പങ്കാളിത്തമുള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി ബന്ധമില്ലെന്ന് സമസ്ത വ്യക്തമാക്കിയത്. നേരത്തെ, സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിഐസി ജനറല്‍ സെക്രട്ടറി ഹകീം ഫൈസി ആദൃശേരിയെ സമസ്ത കേരള ജംഈയത്തുല്‍ ഉലമയില്‍നിന്ന് പുറത്താക്കിയിരുന്നു. പക്ഷേ, ബഹിഷ്‌കരണം വകവയ്ക്കാതെ സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി വേദി പങ്കിടുകയും ഇതിന് പിന്നാലെ സിഐസി വാഫി, വഫിയ്യ കോഴ്‌സുകളെ പിന്തുണയ്ച്ച് പാണക്കാട് കുടുംബാംഗങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ