KERALA

ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന് സർക്കാർ സംരക്ഷണം; 'രഞ്ജിത്ത് പ്രഗത്ഭൻ', നടപടിയെടുക്കാന്‍ പരാതി വേണമെന്ന് സജി ചെറിയാന്‍

കഴിഞ്ഞദിവസമാണ് ബംഗാളി നടി ശ്രീലേഖ മിത്ര, 2009-10 കാലഘട്ടത്തിൽ 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയത്

വെബ് ഡെസ്ക്

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിൽ പരാതിയില്ലാതെ കേസെടുക്കില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. കഴിഞ്ഞദിവസമാണ് ബംഗാളി നടി ശ്രീലേഖ മിത്ര, 2009-10 കാലഘട്ടത്തിൽ 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയത്. എന്നാൽ അതൊരു ആക്ഷേപം മാത്രമാണെന്നും രഞ്ജിത്ത് അതിനുള്ള മറുപടി പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു സജി ചെറിയാന്റെ മറുപടി.

രഞ്ജിത്ത് രാജ്യം അംഗീകരിച്ച കലാകാരനാണെന്നും ഒരു ആരോപണത്തിനുമേൽ അദ്ദേഹത്തെ ക്രൂശിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം. ഇടതുപക്ഷ സർക്കാർ സ്ത്രീപക്ഷത്താണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിൽ ഉൾപ്പെടെ പരാതി ലഭിച്ചാൽ മാത്രമേ കേസെടുത്ത് അന്വേഷണം നടത്താൻ സാധിക്കൂ. അങ്ങനെ പരാതി ലഭിച്ചാൽ ഏത് ഉന്നതനെതിരെയും നടപടിയുണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച 'പരാതിയുണ്ടെങ്കിൽ കേസ്' എന്ന നിലപാടായിരുന്നു ശനിയാഴ്ച സജി ചെറിയാൻ ആവർത്തിച്ചത്. ഒരു സ്ത്രീ തനിക്കുണ്ടായ ദുരനുഭവം പരസ്യമായി വെളിപ്പെടുത്തിയിട്ടും നടപടിയെടുക്കാൻ സാധിക്കില്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും രഞ്ജിത്തിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു മന്ത്രി സ്വീകരിച്ചത്. പരാതിയില്ലാത്ത പക്ഷം ഒരു നടപടിക്കും സാധിക്കില്ലെന്ന് നിരവധി തവണ മന്ത്രി ആവർത്തിച്ചു.

ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത്തിനോട് സംഭവത്തിൽ വിശദീകരണം തേടിയോയെന്നതിൽ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമല്ല. ചിലപ്പോൾ വിശദീകരണം തേടിയിട്ടുണ്ടാകാം ഇല്ലെന്നും വരാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളിൽ പരാതിയുണ്ടെങ്കിൽ നടപടിയെടുക്കാമെന്ന് ന്യായീകരണത്തിനെതിരെ വലിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നിരുന്നു. പോലീസിന്റെ പണിയും തങ്ങളെടുക്കാനോയെന്ന് ഡബ്ല്യു സി സി അംഗവും നടിയുമായ പാർവതി തിരുവോത്തും ചോദിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് ഒരു നടി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി