സജി ചെറിയാൻ  
KERALA

പിണറായി മന്ത്രിസഭയില്‍ രാജിവെച്ചശേഷം മടങ്ങിയെത്തുന്ന മൂന്നാമന്‍; സജിചെറിയാന്റെ സത്യപ്രതിജ്ഞ വൈകീട്ട് നാലിന്

ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കോൺഗ്രസ് ഇന്ന് കരിദിനമായി ആചരിക്കും.

ദ ഫോർത്ത് - തിരുവനന്തപുരം

സജി ചെറിയാൻ മന്ത്രിയായി ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ ഒരുക്കിയ പ്രത്യേക വേദിയിൽ വെച്ച് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സജി ചെറിയാൻ മന്ത്രിയായിരിക്കേ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗം ഇപ്പോഴും നിലനിൽക്കുന്നു എന്നാരോപിച്ച്, പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കും. സജി ചെറിയാന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ പോലീസിനെ ഉപയോഗിച്ച് കള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്ന പ്രധാന ആരോപണം.

മുൻപ് മന്ത്രി ആയിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം,സിനിമ, യുവജനക്ഷേമ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നൽകുക

സത്യപ്രതിജ്ഞ ചടങ്ങിൽ മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും പങ്കെടുക്കും. സത്യപ്രതിജ്ഞയ്ക് ശേഷം ഗവര്‍ണര്‍ ഒരുക്കുന്ന ചായസത്ക്കാരം നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിക്കാൻ ഇടയില്ല. സർക്കാർ ഗവർണർ പോര് രൂക്ഷമായതിനു ശേഷം ആദ്യമായാണ് മുഖ്യമന്ത്രി നാളെ രാജ്ഭവനിൽ എത്തുന്നതെന്ന സവിശേഷതയുമുണ്ട്.

മുൻപ് മന്ത്രി ആയിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം,സിനിമ, യുവജനക്ഷേമ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നൽകുകയെന്നാണ് സൂചന. ഇതറിയാൻ സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവർണർ വിജ്ഞാപനം പുറത്തിറക്കുന്നത് വരെ കാത്തിരിക്കണം. മന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഗവർണർ വകുപ്പുകൾ അനുവദിച്ചു നൽകുക.

സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടക്കത്തില്‍ സ്വീകരിച്ച നിലപാട് അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിഷയത്തില്‍ ഭരണഘടനാ വിദഗ്ധർ, അറ്റോർണി ജനറല്‍ അടക്കമുള്ളവരുമായി ഗവര്‍ണർ ആശയ വിനിമയം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ചത്.

പ്രതിഷേധങ്ങളുടെ ഭാഗമായി കോൺഗ്രസ് ഇന്ന് കരിദിനമായി ആചരിക്കും. രാജ്ഭവൻ മാർച്ച് നടത്തി പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിൽ പ്രതിഷേധിച്ച് ബിജെപി ഭരണഘടനാ ദിനമായും ആചരിക്കുന്നുണ്ട്.

182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാന്‍ മന്ത്രി സഭയില്‍ തിരിച്ചെത്തുന്നത്. കേരളത്തിലെ രണ്ട് പിണറായി സര്‍ക്കാരുകളിലായി രാജിവെയ്‌ക്കേണ്ടിവന്ന് വീണ്ടും മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുന്ന മൂന്നാമത്തെയാളാണ് സജി ചെറിയാന്‍. ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍ എന്നിവരാണ് ഈ പട്ടികയിലെ സജി ചെറിയാന്റെ മുന്‍ഗാമികള്‍. എന്നാല്‍ മറ്റ് രണ്ടുപേരെ അപേക്ഷിച്ച് കുറഞ്ഞ കാലം മാത്രമാണ് സജി ചെറിയാന് മന്ത്രി സഭയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിവന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇപി ജയരാജന്റെയും, എകെ ശശീന്ദ്രന്റെയും പുറത്തുപോകലും മടങ്ങിവരവും ഉണ്ടായത്. ഇപി ജയരാജന് 669 ദിവസം പദവിയില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വന്നപ്പോള്‍ ശശീന്ദ്രന്‍ 312 ദിവസത്തിന് ശേഷം മന്ത്രിയായി തിരികെയെത്തി.

സംസ്ഥാനത്തെ നാല് മന്ത്രിസഭകളില്‍ നിന്ന് സജി ചെറിയാന് സമാനമായി രാജിവച്ച മന്ത്രിമാര്‍ മടങ്ങിയെത്തിയിട്ടുണ്ട്. വിഎസ് അച്യുതാനന്തന്‍ മന്ത്രി സഭയില്‍ പിജെ ജോസഫ്. ഒന്നാം എകെ ആന്റണി മന്ത്രിസഭയില്‍ സിഎച്ച് മുഹമ്മദ് കോയ, കെഎം മാണി എന്നിവരും രാജിവെച്ചശേഷം മടങ്ങിയെത്തിയവരാണ്. മൂന്നാം കരുണാകരന്‍ മന്ത്രിസഭയില്‍ ആര്‍ ബാലകൃഷ്ണപിള്ളയാണ് ഇതേരീതിയില്‍ രാജിവെച്ച ശേഷം വീണ്ടും മന്ത്രിയായിട്ടുള്ളത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം