പ്രധാനമന്ത്രി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സഭാ ബിഷപ്പുമാരെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം തുടങ്ങിവച്ച വിവാദത്തില്‍ കരുതലോടെ സിപിഎം. സജി ചെറിയാനെതിരെ വിവിധ ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെ വിവാദത്തില്‍ കരുതലോടെയാണ് സിപിഎം ഇടപെടല്‍.
സജി ചെറിയാന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രം
സജി ചെറിയാന്റെ പരാമര്‍ശത്തില്‍ സഭാ നേതൃത്വങ്ങള്‍ ഒന്നടങ്കം വിമര്‍ശനം ഉന്നയിക്കുകയും ഒരു പടികൂടി കടന്ന് കെസിബിസി ബഹിഷ്‌കരണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിപിഎം വിഷയം പരിശോധിക്കുന്നത്. വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തിലും ഇതേ കരുതല്‍ വ്യക്തമാണ്. മന്ത്രിയെ തള്ളാനോ കൊള്ളാനോ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തയാറായില്ല. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി ബിഷപ്പുമാരുമായി ആശയവിനിമയം നടത്തുന്നതിന്റെ ഭൗതിക പശ്ചാത്തലം എന്തായിരുന്നു എന്നത് സൂചിപ്പിക്കേണ്ടത് ആവശ്യമായിരുന്നു. അത്തരത്തിലാണ് മന്ത്രിയുടെ പരാമര്‍ശം, നാക്കുപിഴയല്ല. ബിഷപ്പുമാര്‍ക്കെതിരേയുള്ള മന്ത്രിയുടെ പരാമര്‍ശത്തില്‍ അതൃപ്തി ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും. സജി ചെറിയാന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാണെന്നായിരുന്നു എംവി ഗോവിന്ദന്റെ വിശദീകരണം.
എന്നാല്‍ സജി ചെറിയാന്റെ നിലപാട് സര്‍ക്കാരിലെ സാംസ്‌കാരിക മന്ത്രിയുടെ നിലപാടായി കാണുന്നുവെന്ന് വ്യക്തമാക്കിയാണ് ക്ലിമിസ് ബാവ കെസിബിസിയുടെ നിസഹകരണം പ്രഖ്യാപിച്ചത്. പ്രസ്താവന വ്യക്തിപരമാണോ എന്ന് വ്യക്തമാക്കേണ്ടത് മന്ത്രി തന്നെയാണ്. പരാമര്‍ശം പിന്‍വലിക്കുംവരെ സര്‍ക്കാരിനോട് സഹകരിക്കാനില്ലെന്നും ക്ലിമ്മിസ് ബാവ മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്ത, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിസഭയ്ക്കും എതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുന്നു. 'വിരുന്നുകളില്‍ പങ്കെടുത്ത് നിലപാട് മാറ്റുന്നത് ബിഷപ്പുമാരല്ല, മറിച്ച് മറ്റ് പലരുമാണെന്നത് കേരള സമൂഹം സമീപ കാലത്ത് വീക്ഷിച്ച ചില സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. താന്‍ ഉള്‍പ്പെട്ട കേസില്‍ വിധിപറയുന്നവരെ വിളിച്ചുവരുത്തി സല്‍ക്കരിച്ച മുഖ്യമന്ത്രിയുടെ ഓര്‍മയായിരിക്കാം മന്ത്രിയെക്കൊണ്ട് ഇപ്രകാരം പറയിച്ചത്' എന്നാണ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വാര്‍ത്താകുറിപ്പില്‍ ഉയര്‍ത്തിയ ആരോപണം. മന്ത്രിയുടെ പരമര്‍ശം ഉള്‍പ്പെടെയുള്ള നടപടികള്‍ തീക്കൊള്ളികൊണ്ടുള്ള തല ചൊറിയലാണെന്ന് ദീപിക പത്രം മുഖപ്രസംഗത്തിലൂടെ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് സഭാ നേതൃത്വങ്ങള്‍ ഒന്നടങ്കം നിലപാട് കടുപ്പിച്ച് പ്രതികരിച്ചത്.
സജി ചെറിയാനെ പുറത്താക്കണമെന്ന് പ്രതിപക്ഷവും ബിജെപിയും
അതിനിടെ, സജി ചെറിയാന്‍ നടത്തിയത് വളരെ മോശം അഭിപ്രായം പ്രകടനമാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. മന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി. സാംസ്‌കാരിക മന്ത്രിയായ സജി ചെറിയാന്‍ സംസ്ഥാനത്തെ ഏറ്റവും സംസ്‌കാരമില്ലാത്തയാളെന്ന് തെളിയിച്ചു എന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇത്തരത്തിലുള്ള ഒരാളെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പൊതുനയത്തിന്റെ ഭാഗമാണ്. ഏറ്റവും വലിയ ഗുണ്ടകള്‍ എന്നതാണ് മന്ത്രിസഭയിലേക്കെടുക്കുന്നതിനുള്ള യോഗ്യത എന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.