സംസ്ഥാനത്തെ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ തലസ്ഥാനത്ത് എസ്എസ്എ ഓഫീസിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം തുടരും. അധ്യാപകരുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ശമ്പള വിഷയത്തില്‍ ധാരണയിലെത്താന്‍ കഴിയാതിരുന്നതോടെയാണ് സമരം തുടരുമെന്ന നിലപാടിലേക്ക് അധ്യാപകരെത്തിയത്.
വാഗ്ദാനം ചെയ്ത ശമ്പളം നല്‍കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന അധ്യാപകരോട്, 13000 രൂപ ശമ്പളമായി നല്‍കാമെന്ന ഉപാധിയാണ് ചര്‍ച്ചയില്‍ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വച്ചത്. ഇത് അംഗീകരിക്കാന്‍ അധ്യാപകര്‍ തയാറായില്ല. അധ്യാപകരുടെ സമരം എട്ട് ദിവസം പിന്നിട്ടപ്പോഴായിരുന്നു ഇന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറായത്.
രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നടന്നത്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രൈവറ്റ് സെക്രട്ടറി, എസ്എസ്എ ഡയറക്ടര്‍, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. മൂന്ന് അധ്യാപകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. നിലവില്‍ നല്‍കിവരുന്ന 10000 രൂപയില്‍ നിന്നും ശമ്പളം 13,000 രൂപയാക്കി വര്‍ധിപ്പിക്കാമെന്നും അധ്യാപകരെ അറിയിച്ചു.
എന്നാല്‍, വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ ചര്‍ച്ചയില്‍ നിലപാടെടുത്തു. ആവശ്യം അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം. സര്‍ക്കാരിനുമേല്‍ കൂടുതല്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് അധ്യാപകന്‍ ദാസ് ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.
2016ലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 2600 സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമിച്ചത്. കലാ-കായിക- പ്രവര്‍ത്തി പരിചയ അധ്യാപകരാണ് സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍. നിയമനം നടത്തുമ്പോള്‍ 29,200 രൂപയായിരുന്നു ഇവര്‍ക്ക് ശമ്പള വാഗ്ദാനം. കയ്യിലെത്തിയപ്പോള്‍ 25,000 ആയി. 2016ലെ പ്രളയത്തിന് പിന്നാലെ ശമ്പളം 14,000 ആയി കുറഞ്ഞു. ഇന്നത് 10000 ല്‍ എത്തി നില്‍ക്കുകയാണ്.
ഈ മാസം 18ന് ആരംഭിച്ചതാണ് സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ സമരം. റോഡരികില്‍ എസ്എസ്എ ആസ്ഥാനത്തിന്റെ ഗേറ്റിന് പുറത്ത് മുദ്രാവാക്യം മുഴക്കിയും സമര പാട്ടുകള്‍ പാടിയും അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍.