മുൻ മന്ത്രി കെ ടി ജലീലിന്റെ ആത്മകഥ 'പച്ച കലർന്ന ചുവപ്പി'ന്റെ പ്രസിദ്ധീകരണം നിർത്തി സമകാലിക മലയാളം വാരിക. ' കെ ടി ജലീല്‍ ജീവിതം എഴുതുന്നു' എന്ന ടാഗ് ലൈനോടെ എത്തിയ പംക്തി 21 ലക്കങ്ങള്‍ പിന്നിടുമ്പോഴാണ് അപ്രതീക്ഷിതമായി നിര്‍ത്തുന്നത്. ഈ ലക്കം പുറത്തിറിങ്ങിയ വാരികയിലാണ് പംക്തി നിര്‍ത്തുന്നതായി അറിയിച്ചത്. ചില അവിചാരിത കാരണങ്ങളാൽ പ്രസിദ്ധീകരണം നിർത്തുന്നു എന്നാണ് പത്രാധിപസമിതിയുടെ അറിയിപ്പ്.
സമകാലിക മലയാളം വാരികയിൽ അറുപത് ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു ജലീൽ അറിയിച്ചത്.
അതേസമയം, തുടർക്കഥയായി പ്രസിദ്ധീകരിക്കുന്ന ലേഖനം കൃത്യ സമയത്ത് ജലീൽ എഴുതി നൽകാത്തതാണ് പെട്ടെന്ന് നിര്‍ത്തിവയ്ക്കുന്ന നിലയിലേക്ക് എത്തിച്ചത് എന്ന് മലയാളം വാരികയുടെ പത്രാധിപർ സജി ജെയിംസ് ദ ഫോർത്തിനോട് പറഞ്ഞു. ജലീലിന്റെ വിദേശ യാത്രകൾ കാരണം എഴുത്ത് മുടങ്ങുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പച്ച കലർന്ന ചുവപ്പ് (അരനൂറ്റാണ്ടിന്റെ കഥ)' എന്ന പേരിൽ തന്റെ 50 വർഷത്തെ ജീവിതകഥയായിരുന്നു കെ ടി ജലീൽ എഴുതാൻ ഒരുങ്ങിയത്. പുസ്തകമായി പ്രസിദ്ധീകരിക്കാനിരുന്ന ആത്മകഥ മലയാളം വാരികയുടെ എഡിറ്റർ സന്നദ്ധത അറിയിച്ചതോടെ പ്രസിദ്ധീകരണ അവകാശം നൽകുകയായിരുന്നുവെന്നും ജലീൽ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഏകദേശം പൂർത്തീകരിച്ച ആത്മകഥ ഉദ്ദേശം 60 അധ്യായങ്ങൾ ഉണ്ടാകുമെന്നും സമകാലിക മലയാളം വാരികയിൽ അറുപത് ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു ജലീൽ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളായിരുന്നു 'പച്ച കലർന്ന ചുവപ്പി'ലൂടെ ജലീല്‍ വായനക്കാരുമായി പങ്കുവച്ചത്.
രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളായിരുന്നു 'പച്ച കലർന്ന ചുവപ്പി'ലൂടെ ജലീല്‍ വായനക്കാരുമായി പങ്കുവച്ചത്. മുസ്ലിം ലീഗിൽ നിന്നും സിപിഎമ്മിലേയ്ക്കുള്ള മാറ്റം. 2006ലെ കുറ്റിപ്പുറം തിരഞ്ഞെടുപ്പ്, ബന്ധു നിയമന വിവാദം, രാജി തുടങ്ങിയവയെല്ലാം പുസ്തകത്തിലുണ്ടാകുമെന്നും കെടി ജലീൽ പറഞ്ഞിരുന്നു. കൂടാതെ ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുന്‍കാല ചരിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ബോധ്യമുള്ള ചില വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ടാകുമെന്നും ജലീല്‍ സൂചിപ്പിച്ചിരുന്നു.