KERALA

തുല്യസ്വത്തവകാശ പ്രതിജ്ഞ മൗലികാവകാശ നിഷേധം; കുടുംബശ്രീ ജന്‍ഡര്‍ ക്യാമ്പയിന് എതിരെ സമസ്ത നേതാവ്

ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ നിഷേധിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി

വെബ് ഡെസ്ക്

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ജന്‍ഡര്‍ ക്യാമ്പയിന് എതിരെ സമസ്ത. ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ നിഷേധിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ആരോപിച്ചു. ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ എടുപ്പിക്കുന്ന പ്രതിജ്ഞയിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

'നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും' എന്ന വാചകം ചൊല്ലിക്കുന്നത് മൗലികാവകാശ ലംഘനമാണ് എന്നാണ് വിമര്‍ശനം. ഖുര്‍ആര്‍ വചനം ചൂണ്ടിക്കാട്ടിയാണ് സമസ്ത നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഖുര്‍ആന്‍ പറയുന്നത്: 'ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്' (അന്നിസാഅ്: 11)- എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സര്‍ക്കുലര്‍ നിഷേധിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് പ്രതിഷേധം ക്ഷണിച്ച് വരുത്തുമെന്നും സമസ്ത നേതാവ് മുന്നറിയിപ്പ് നല്‍കുന്നു.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ദേശീയ ഗ്രാമീണ ഉപജീവന പദ്ധതി മുഖാന്തിരമാണ് ദേശീയ വ്യാപകമായി വിവിധ പരിപാടികളോടെ ദേശീയ ജന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെയാണ് ജന്‍ഡര്‍ ക്യാമ്പയിന്‍സംഘടിപ്പിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി ജില്ല തലം മുതല്‍ കുടുംബശ്രീ യൂണിറ്റുകള്‍ വരെയുള്ള തലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് ക്യാമ്പയിന് മാര്‍ഗരേഖ വ്യക്തമാക്കുന്നത്.

നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം-

ഭരണഘടനയുടെ മൗലികാവകാശം നിഷേധിക്കുന്നു കുടുംബശ്രീ

വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാന്തര ചടങ്ങുകൾ... തുടങ്ങിയ സിവിൽ നിയമങ്ങൾ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നൽകുന്ന അവകാശം ഭരണഘടനയുടെ മൗലികതയിൽപ്പെട്ടതാണ്.കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജൻഡർ കാമ്പയിൻ്റെ ഭാഗമായി കേരള സർക്കാർ 2022 നവമ്പർ 25 മുതൽ ഡിസംബർ 23 വരേ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികൾ നടത്തുമ്പോൾ ശ്രേഷ്ടകരമായ പലതിനോടും ചേർത്ത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലിക അവകാശ ലംഘനമുണ്ട്.സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകൾക്കും കുടുംബശ്രീക്കും ജില്ലാ മിഷൻ കോ-ഓഡിനേറ്റർ നൽകുന്ന സർക്കുലറിലാണ് ഈ മൗലികാവകാശ ലംഘനമുള്ളത്.നാലാമത് ആഴ്ച എല്ലാ കുടുംബശ്രീയിലും ജൻഡർ റിസോഴ്സ് മീറ്റിലൂടെ പ്രതിജ്ഞ ചെയ്യാനുള്ള നിർദേശമുണ്ട്. പ്രതിജ്ഞയുടെ അവസാന ഭാഗത്തിൽ"നമ്മൾ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകും" എന്ന് സ്ത്രീകളെകൊണ്ട് ചൊല്ലിക്കുകയാണ്.ഖുർആൻ പറയുന്നത്: " ആണിന് രണ്ട് പെണ്ണിൻറേതിന് തുല്യമായ ഓഹരിയാണുള്ളത്" (അന്നിസാഅ്: 11)

സ്ത്രീക്ക് അല്പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്നലോകത്തോടാണ് പിതാവിൻ്റെയും ഭർത്താവിൻ്റെയും മകൻ്റേയും സ്വത്തിൽ സ്ത്രീക്ക് അനന്തര സ്വത്തവകാശം ഇസ്ലാം പ്രഖ്യാപിച്ചത്.എന്നാൽ പിതാവിൻ്റെ സ്വത്തിൽഅവർക്ക് പുരുഷൻ്റെ (സഹോദരൻ്റെ ) പകുതിയാക്കിയത് വിവേചനമല്ല.

സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭർത്താവ് ദ്രരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കിൽ പോലും അവരുടേയും ഭർത്താവിൻ്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭർത്താവിനാണ്. ഒരു ചില്ലിക്കാഷും ചെലവിനത്തിൽ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാൻ അവകാശം നൽകുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലർ ആരോപിച്ച് വന്നത്.ജൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായിമതത്തിൻ്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സർക്കുലർ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യും.

നാസർ ഫൈസി കൂടത്തായി02/12/22

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ