വാഫി വഫിയ സംവിധാനവുമായി ബന്ധപ്പെട്ട് സമസ്ത മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സിഐസി (കോഓര്‍ഡിനേഷന്‍സ് ഓഫ് ഇസ്ലാമിക് കോളജസ്) അംഗീകരിച്ചതോടെ സമസ്തയും സിഐസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നു.
സമസ്തയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വാഫി വഫിയ സംവിധാനം പ്രവര്‍ത്തിക്കാമെന്ന് സിഐസി സെനറ്റ് യോഗം അംഗീകരിച്ചതോടെയാണ് ഭിന്നതകള്‍ നീങ്ങാനുള്ള വഴിയൊരുങ്ങുന്നത്. മലപ്പുറം പാണക്കാട് ചേര്‍ന്ന സി ഐസി സെനറ്റ് യോഗത്തിലായിരുന്നു തീരുമാനം. വാഫി- വഫിയ സംവിധാനം സമസ്തയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക, അക്കാദമിക കാര്യങ്ങള്‍ സമസ്തയുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി നടത്തുക, സമസ്തയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായതൊന്നും സിഐസി ഭരണഘടനില്‍ പാടില്ല തുടങ്ങിയ നിബന്ധനകളാണ് സമസ്ത മുന്നോട്ടുവച്ചിരുന്നത്.
അടുത്തദിവസം കോഴിക്കോട് ചേരുന്ന സമസ്ത മുശാവറാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടായേക്കും. സമസ്തയില്‍ നിന്നുള്ളവരെ സിഐസിയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കം ചര്‍ച്ചയാകും.
സമസ്തയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി സിഐസി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് വിഭാഗീയത രൂക്ഷമായിരുന്നു. പിന്നാലെ സിഐസി ജനറല്‍ സെക്രട്ടറിയായിരുന്ന ഹക്കീം ഫൈസി ആദൃശേരിയെ സംഘടനയില്‍നിന്ന് പുറത്താക്കി. ഇപ്പോള്‍ ഹബീബുള്ള ഫൈസിയാണ് സിഐസി ജനറല്‍ സെക്രട്ടറി. സിഐസി - സമസ്ത പ്രശ്‌നത്തിന് പൂര്‍ണ തോതില്‍ പരിഹാരമായാല്‍ സിഐസിക്ക് കീഴിലുള്ള വിവിധ കോളേജുകളിലെ കോഴ്‌സ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും.