ഹക്കീം ഫൈസി ആദൃശേരിയെ പുറത്താക്കിയതില്‍ വിശദീകരണവുമായി സമസ്ത. പുറത്താക്കിയത് അനിവാര്യ സാഹചര്യത്തിലാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‍ലിയാർ. ഏകകണ്ഠേനയെടുത്ത തീരുമാനമാണ്. സമസ്ത വേഗത്തില്‍ കർശന നിലപാടിലേക്ക് പോകാറില്ല. അണികള്‍ സമസ്തക്കൊപ്പം നില്‍ക്കുമെന്നും ആലിക്കുട്ടി മുസ്‍ലിയാർ പറഞ്ഞു.
സമസ്ത ആശയങ്ങള്‍ക്ക് വിരുദ്ധമായത് ചിലർ പ്രചരിപ്പിച്ചു. അതാണ് പുരോഗമനം എന്ന് സ്ഥാപിക്കാനും ശ്രമിച്ചു. ഇതിനെ തുടർന്ന് കൃത്യമായ അന്വേഷണത്തിന് ശേഷമാണ് ഹക്കീം ഫൈസിയെ പുറത്താക്കിയതെന്ന് ആലിക്കുട്ടി മുസ്‍ലിയാർ പറഞ്ഞു.
പുറത്താക്കലിനെതിരെ സമസ്തക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി നേതൃത്വം രംഗത്തുവന്നത്. പോഷക സംഘടന ഭാരവാഹികൾ അടക്കമുളളവർ ഇന്നത്തെ വിശദീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് നേതൃത്വം നിർദേശം നൽകിയിരുന്നെങ്കിലും എസ്‍വൈഎസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തില്ല. ബിഹാറിലായതിനാൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സൂചന.
സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറിയും സമസ്ത മലപ്പുറം ജില്ലാ മുശാവറാ അംഗവുമായിരുന്ന അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരിയെ പുറത്താക്കിയത്.