KERALA

'ഒറ്റക്കെട്ടാകണം'; സമുദായത്തിന്റെ ഐക്യവും നന്മയും പ്രധാനമെന്ന് സമസ്ത നേതാക്കൾ, ഇതര മുസ്ലീം സംഘടനകൾക്ക് വിമർശനം

വെബ് ഡെസ്ക്

കേരളത്തിലെ സുന്നി-ശാഫിഈ മുസ്ലീം പണ്ഡിത സഭയില്‍ ഐക്യത്തിന് ആഹ്വാനവുമായി ഇ കെ - എ പി വിഭാഗങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷികദിനത്തില്‍ പങ്കുവച്ച സന്ദേശങ്ങളിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളും, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സമുദായ സംഘടനകളുടെ ഐക്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നത്. സമസ്തയുടെ രാഷ്ട്രീയ നിലപാടുകള്‍ എങ്ങനെ രൂപം കൊള്ളുന്നു എന്നതിനെ കുറിച്ചും, മറ്റ് മുസ്ലീം സംഘടനകളുടെ നിലപാടുകളെ വിമര്‍ശിക്കാനും ഇതു നേതാക്കളും ഒരു പോലെ തയ്യാറാകുന്നു എന്നതും ലേഖനങ്ങളെ ശ്രദ്ധേയമാകുന്നു.

സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ ചരിത്രവും വര്‍ത്തമാന കാല വിഷയങ്ങളെയും കുറിച്ച് പരാമര്‍ശിക്കുന്നത്. സിറാജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും സമുദായത്തിലെ പ്രശ്നങ്ങളും അഭിസംബോധന ചെയ്യുന്നു.

സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പുമാണ് പ്രധാനം. അതില്‍ അനൈക്യവും ശൈഥില്യവും ഉണ്ടാക്കുന്ന ഒരു നടപടിയെയും സമസ്ത പിന്തുണയ്ക്കില്ല. ഉമ്മത്തിന്റെ ഒരുമ നിലനിര്‍ത്താന്‍ അടിസ്ഥാന ആശയങ്ങളിലും നിലപാടിലും ഉറച്ചു നിന്നുകൊണ്ട് തന്നെ പരമാവധി വിട്ടുവീഴ്ച ചെയ്യാന്‍ സംഘടന പലപ്പോഴും തയ്യാറായിട്ടുണ്ട്. വ്യക്തികളുടെ ലാഭനഷ്ടകണക്കിന് അപ്പുറം സമുദായത്തിന്റെ നന്മയും ഐക്യവുമാണ് വലുത് എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു പടികൂടി കടന്നാണ് എ പി അബൂബക്കര്‍ മുസിലിയാര്‍ വിഷയത്തില്‍ പ്രതികരിച്ചത്. സിറാജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് പുറമെ മനോരമ ചാനലിന് നല്‍കി പ്രതികരണത്തില്‍ സമസ്തകള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഐക്യ ചര്‍ച്ചകള്‍ പുനരാംഭിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയവും ജയ പരാജയവും സമസ്തയെ സംബന്ധിച്ചിടത്തോളം അജണ്ടയല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

സമസ്ത ഇതര മുസ്ലീം സംഘടനകളെ പേരെടുത്ത് പറഞ്ഞും ഇരുനേതാക്കളും വിമര്‍ശിക്കുന്നുണ്ട്. സമസ്തയുടെ ഒരു നൂറ്റാണ്ട് നീണ്ട പ്രവര്‍ത്തന കാലത്തില്‍ പല കുതന്ത്രങ്ങളെയും പ്രതിരോധിച്ചാണ് നിലനിന്നത്. ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത് മുതലായ ബിദഈ പ്രസ്ഥാനങ്ങളെയും സമസ്ത ആദര്‍ശപരമായി തന്നെ നേരിട്ടു വരിയാണ് എന്നാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

വ്യാജന്‍മാരെ സമസ്ത പിടിച്ചു കെട്ടിയെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. മത നിയമങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുമ്പോഴും നയങ്ങള്‍ പറയുമ്പോഴും ചുറ്റുമുള്ളവര്‍ എന്ത് വിചാരിക്കും, എന്ത് പറയുമെന്ന് കരുതിയല്ല സമസ്ത നിലപാട് വ്യക്തമാക്കിയത്. ചില നിലപാടുകള്‍ യാഥാസ്ഥിതികര്‍, ശാസ്ത്ര വിരുദ്ധര്‍, അന്ധ വിശ്വാസക്കാര്‍, അനാചാരക്കാര്‍, പിന്തിരിപ്പന്‍മാര്‍, എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടാന്‍ ഇടയാക്കിയിട്ടുണ്ട്. പക്ഷേ അതെല്ലാം അവഗണിച്ചു. മതത്തിന്റെ സത്ത ചോര്‍ത്താനോ ചോര്‍ന്നു പോകാനോ സമസ്ത അനുവദിച്ചില്ല. അതിനെ പ്രതിരോധിച്ചു. ഖാദിയാനിസം, വഹാബിസം, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാ അത്ത്, എംഇഎസിന്റെ പുത്തന്‍ വാദങ്ങള്‍ സിഎന്‍ മൗലവിയുടെ വിതണ്ഡ വാദങ്ങള്‍, കള്ളത്വരീഖത്തുകള്‍, ത്വരീഖത്തിന്റെ ആളുകളായി പ്രത്യക്ഷപ്പെടുന്നു എന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

''സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനങ്ങള്‍ അതില്‍ വഞ്ചിതരാകരുത്'
എ പി അബൂബക്കര്‍ മുസ്ലിയാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സജീവ ചര്‍ച്ചായായ സമസ്ത സംഘടനകളുടെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും ഇരുവരും നിലപാട് വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയവും ജയ പരാജയവും സമസ്തയെ സംബന്ധിച്ചിടത്തോളം അജന്‍ണ്ടയല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സമസ്തയുടെ അജന്‍ഡക്കും, ലക്ഷ്യത്തിനും വിരുദ്ധമായി വര്‍ഗീയത വളര്‍ത്താന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ അവരെ സമസ്ത എതിര്‍ത്തിട്ടുണ്ട്. ആ എതിര്‍പ്പ് ഇനിയും തുടരും. അത് തിരഞ്ഞെടുപ്പില്‍ ആരെയും ജയിപ്പിക്കാനോ, തോല്‍പ്പിക്കാനോ അല്ല, ധാര്‍മികതയോടും മതമൂല്യങ്ങളോടുള്ള നിലപാടിന്റെ ഭാഗമാണ്. സമസ്തയുടെ രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച് മാധ്യമങ്ങളും മറ്റും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. സമസ്തയുടെ അടിസ്ഥാന നിലപാട് അറിയാത്തവരാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നില്‍. സമസ്തക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് അടിസ്ഥാനപരമായി പ്രത്യേക അടുപ്പമോ, അകല്‍ച്ചയോ ഇല്ല. ധാര്‍മിക- സദാചാര വിഷയങ്ങളില്‍ സമസ്തയുടെ നയ നിലപാടുകളോട് അടുത്ത് നില്‍ക്കുന്ന കക്ഷികളോട് സ്വാഭാവികമായുള്ള അടുപ്പം അനുയായികള്‍ക്കും നേതാക്കള്‍ക്കും ഉണ്ടാവാം എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കുന്നു.

സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുമില്ല. എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് എ പി അബൂബക്കര്‍ മുസ്ലിയാര്‍ ലേഖനത്തില്‍ ചെയ്യുന്നത്. ഇതിനായി 1979 നവംബര്‍ 29ന് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തിലെ പ്രസ്താവനയാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. ''സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനങ്ങള്‍ അതില്‍ വഞ്ചിതരാകരുത്' എന്നും സിറാജിലെ ലേഖനത്തില്‍ എ പി അബൂബക്കര്‍ മുസ്ലിയാര്‍ ചൂണ്ടിക്കാട്ടുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്