സിപിഎം നേതൃത്വത്തിൽ ജൂലൈ 15ന് കോഴിക്കോട് നടക്കുന്ന ഏകീകൃത സിവിൽകോഡ് ദേശീയ സെമിനാറിൽ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയെ സംഘാടക സമിതി വൈസ് ചെയർമാനാക്കി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്ക്കും കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സിപി മുസാഫിർ അഹമ്മദിനും ഒപ്പമാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെ നേതൃത്വം പരിഗണിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ എഴുത്തുകാരൻ കെ പി രാമനുണ്ണിയെ ചെയർമാനായും തീരുമാനിച്ചു. ഹജ്ജ് കമ്മിറ്റി അംഗവും കെ എൻ എം മർകസുദ്ദഅവ നേതാവുമായ ഐ പി അബ്ദുൽ സലാമും സംഘാടക സമിതിയിലുണ്ട്.
സംഘാടക സമിതി വൈസ് ചെയർമാനാക്കിയത് തന്നോട് ചോദിച്ചിട്ടല്ലെന്ന് മുസ്തഫ മുണ്ടുപാറ 'ദ ഫോർത്തി'നോട് പ്രതികരിച്ചു. സമസ്ത നേതൃത്വത്തോടും ഇക്കാര്യം സിപിഎം ചർച്ച ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാർത്താക്കുറിപ്പ് പുറത്തിറക്കിയപ്പോൾ മാത്രമാണ് നിയമനം അറിഞ്ഞത്. നേത്യത്വത്തോട് സംസാരിച്ചതിന് ശേഷം തുടർനടപടികൾ ഇന്ന് തന്നെ തീരുമാനിക്കുമെന്നും സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ സിഇഒ കൂടിയായ മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി. ഇതേക്കുറിച്ച് പ്രതികരിക്കാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല.
മുസ്ലിം ലീഗിനെ സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നേതൃതലത്തിലെ ചർച്ചകൾക്ക് ശേഷമേ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ലീഗ് തീരുമാനം എടുക്കൂ
കഴിഞ്ഞ കുറച്ച് നാളുകളായി മുസ്ലീം ലീഗുമായി അകൽച്ചയിൽ കഴിയുന്ന സമസ്ത, സംഘാടക സമിതിയിൽ തുടരാൻ തീരുമാനിക്കുമോ എന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്. പരിപാടിയിൽ സമസ്ത പ്രതിനിധിയെ പങ്കെടുപ്പിക്കുന്നതിൽ തെറ്റില്ലെന്നാണ് ലീഗിന്റെ വികാരം. പക്ഷെ സംഘാടക സമിതി വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പിൻവാങ്ങണമെന്നാണ് നിലപാട്. അതുകൊണ്ട് ഇക്കാര്യത്തിൽ സമസ്ത എടുക്കുന്ന തീരുമാനം ലീഗ് - സമസ്ത മുന്നോട്ടുള്ള ബന്ധത്തെയും ബാധിക്കും.
മുസ്ലിം ലീഗിനെ സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നേതൃതലത്തിലെ ചർച്ചകൾക്ക് ശേഷമേ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ലീഗ് തീരുമാനം എടുക്കൂ. തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലും ക്ഷണം സംബന്ധിച്ച വിവരങ്ങൾ ലീഗ് ധരിപ്പിക്കും.