KERALA

'നിസംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു', സാഹിത്യ അക്കാദമി വിവാദങ്ങളില്‍ സച്ചിദാനന്ദൻ

വെബ് ഡെസ്ക്

സാഹിത്യ അക്കാദമിയിലെ വിവാദങ്ങളില്‍ ബൈബിളിനെ ഉദ്ധരിച്ച് സകല കുറ്റങ്ങളും ഏറ്റെടുത്ത് അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ. തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ബൈബിളും സെൻ ബുദ്ധിസവും തന്നെ പഠിപ്പിച്ചതും അതാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പങ്കെടുത്തതിനു നല്‍കിയ യാത്രാ ബത്ത കുറഞ്ഞുപോയെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ തുറന്ന പറച്ചിലായിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്. പിന്നാലെ ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിയും സാഹിത്യ അക്കാദമിയില്‍ നിന്നും ദുരനുഭവമുണ്ടായെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇരു വിവാദങ്ങളിലും മറുപടി നല്‍കിയ സച്ചിദാനന്ദൻ കുറ്റം ഏറ്റെടുക്കുകയാണെന്ന് വ്യക്തമാക്കി ഇന്ന് വീണ്ടും രംഗത്തെത്തുകയായിരുന്നു.

''മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടേതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും. ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും'', സച്ചിദാനന്ദൻ പറയുന്നു.

കുമാരനാശാനെക്കുറിച്ചുള്ള രണ്ടര മണിക്കൂർ നീണ്ട പ്രഭാഷണത്തിന് യാത്രാബത്ത അടക്കം പ്രതിഫലമായി നൽകിയത് 2400 രൂപ മാത്രമായിരുന്നെന്നും കേരള ജനത തനിക്ക് നൽകുന്ന വില എത്രയാണെന്ന് മനസിലായെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് സുഹൃത്തുക്കൾക്കായി പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും പ്രതിഫലം നൽകുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി തനിക്കു നിങ്ങൾ കൽപ്പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നായിരുന്നു ചുള്ളിക്കാടിൻ്റെ പ്രതികരണം.

ചുള്ളിക്കാടിൻ്റെ വിഷയത്തില്‍ പ്രതിഫല പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അഡ്മിനിസ്ട്രേഷൻ ഭാഗത്ത് നിന്നു​ണ്ടായ വിഷയമാണിതെന്നുമായിരുന്നു അന്ന് സച്ചിദാനന്ദൻ നല്‍കിയ പ്രതികരണം.  ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നു വരെ തൃശൂരിൽ നടന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഭാഗമായി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ച് സംസാരിക്കാനാണ് ബാലചന്ദ്രൻ ചുള്ളിക്കാടിനെ അക്കാദമി ക്ഷണിച്ചത്. 

പിന്നാലെയാണ് അക്കാദമിയില്‍ നിന്ന് തനിക്കും ദുരനുഭവമുണ്ടായെന്ന തരത്തിലുള്ള പ്രതികരണം ശ്രീകുമാരൻ തമ്പിയില്‍ നിന്നുമുണ്ടാകുന്നത്. അക്കാദമിയുടെ കേരളഗാനമായി തന്റെ കവിത ആവശ്യപ്പെടുകയും, പലതവണ തിരുത്തിക്കുകയും ചെയ്തിട്ടും ആ പാട്ട് ഉപയോഗിക്കാതെ തന്നെ അപമാനിച്ചു എന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ ആരോപണം.

എന്നാല്‍ ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരസിച്ചത് അതിലെ വരികൾ ക്ലീഷേ ആയതുകൊണ്ടാണെന്ന് സച്ചിദാനന്ദൻ മറുപടി നല്‍കിയിരുന്നു. ശ്രീകുമാരൻ തമ്പിയുടെ പാട്ട് ഒരു സമിതിയാണ് നിരസിച്ചതെന്നും ശേഷം ഗാനരചയിതാവ് ബി കെ ഹരിനാരായണൻ എഴുതിയ ഗാനമാണ് ചില തിരുത്തലുകളോടെ സമിതി അംഗീകരിച്ചത് എന്നും സച്ചിദാനന്ദൻ വ്യക്തമാക്കിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും