പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും ബിജെപിക്കും സിപിഎമ്മിനും നല്‍കുന്ന രാഷ്ട്രീയമായ ഉത്തരങ്ങള്‍ നിരവധിയാണ്. പത്തനംതിട്ടക്കാരാനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് എത്തിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയ മുറുമുറുപ്പ് ഒടുവില്‍ പൊട്ടിത്തെറിയായി മാറിയത് പി സരിന്‍ എന്ന കോണ്‍ഗ്രസ് നേതാവ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെയാണ്. കെ മുരളീധരന്റെ അടക്കം പേരുകളായിരുന്നു പാലക്കാട് ഡിസിസി ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നെന്ന് വ്യക്തമാക്കുന്ന കത്തു കൂടി പുറത്തുവന്നതോടെ വിവാദം കത്തി. പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന പ്രചാരണം വ്യാപകമായി. ഏതാണ്ട് ആ ആരോപണം ശരിവയ്ക്കുന്ന പ്രതികരണമാണ് കോണ്‍ഗ്രസിലെ നേതൃത്വത്തില്‍ നിന്നുണ്ടായത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനാകട്ടെ കുറച്ചുകൂടി കടുത്ത നിലപാടാണ് സ്വീകരിച്ചത്. രാഹുല്‍ തോറ്റാല്‍ പൂര്‍ണ ഉതത്തരവാദിത്വം തനിക്കായിരിക്കുമെന്ന് സതീശന്‍ പ്രഖ്യാപിച്ചു. ഒടുവില്‍ പാലക്കാട് രാഹുല്‍ 18840 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ അതിശക്തരമായി മാറുകയാണ് സതീശനും ഷാഫി പറമ്പിലും. സതീശന്‍-ഷാഫി-രാഹുല്‍ ത്രയമാണ് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ആരോപിച്ചാണ് സരിന്‍ പാര്‍ട്ടി വിട്ടത്. ഏതാണ്ട് ആ ആരോപണം ശരിവയ്ക്കുന്ന രാഷ്ട്രീയനീക്കങ്ങളാണ് കോണ്‍ഗ്രസില്‍ കണ്ടതും. പാലക്കാട് തമ്പടിച്ചാണ് സതീശനും ഷാഫിയും രാഹുലിനായി അഹോരാത്രം പ്രവര്‍ത്തിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനു പോലും സതീശനും ഷാഫിയും നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രത്യക്ഷമായി പിന്തുണയ്‌ക്കേണ്ടി വന്നു. ഒരുപക്ഷേ രാഹുല്‍ പരാജയപ്പെടുകയോ ഭൂരിപക്ഷം നാമം മാത്രം ആവുകയോ ചെയ്താല്‍ സതീശന്റെ രാഷ്ട്രീയഭാവിക്കു പോലും അതു വെല്ലുവിളിയായേനെ. എന്നാല്‍, പാലക്കാടിന്റെ മനമറിയാവുന്ന ഷാഫിയുടെ പിന്തുണയിലാണ് സതീശന്‍ ഇത്രവലിയ രാഷ്ട്രീയ നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. എസ്ഡിപിഐ-പിഎഫ്‌ഐ ബന്ധമെന്ന് ബിജെപിയും സിപിഎമ്മും ആരോപിച്ചപ്പോഴും പരസ്യമായി അതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുതിരാതിരുന്നത് രാഹുലിന്റെ ഭൂരിപക്ഷ വര്‍ധനവിന് കാരണമായെന്നും വ്യക്തമാണ്.
അതിലുപരി കോണ്‍ഗ്രസിനെ സന്തോഷിപ്പിക്കുന്നതും ബിജെപിയെ രാഷ്ട്രീയമായി തളര്‍ത്തുന്നതും നഗരസഭയില്‍ അടക്കം നഷ്ടമായ വലിയ തോതിലുള്ള വോട്ടുകളാണ്. നഗരസഭയിലെ വോട്ടുകള്‍ ഉള്‍പ്പെടുന്ന ആദ്യ അഞ്ചു റൗണ്ട് എണ്ണുമ്പോള്‍ ഏഴായിത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അവസ്ഥ പ്രതികൂലമായിരിക്കുമെന്ന് ബിജെപി മുന്‍കൂട്ടിക്കണ്ടിരുന്നു. എന്നാല്‍, മൂന്നുറൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ സി കൃഷ്ണകുമാര്‍ എന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം ഇടിയുകയും രാഹുലിന് ലീഡ് ലഭിക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. ഇതോടെയാണ്, പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപി നേതൃത്വത്തിന് പാളിയോ എന്നു സംശയം ഉടലെടുത്തത്. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാര്‍ഥിയാണ് കൃഷ്ണകുമാറെന്ന ആരോപണം ഉന്നയിച്ചാണ് സന്ദീപ് വാര്യര്‍ എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശവും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സന്ദീപ് നടത്തിയിരുന്നു. ഏതാണ്ട്, ആ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പാലക്കാട്ടെ ബിജെപിയുടെ പ്രകടനം. 2021 അംസബ്ലി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ നേടിയത് 50220 വോട്ടുകളാണെങ്കില്‍ ഇത്തവണ സി കൃഷ്ണകുമാറിന് സമാഹരിക്കാനായത് 39549 വോട്ട് മാത്രമാണ്. 10671 വോട്ടുകളാണ് ബിജെപിക്ക് നഷ്ടമാണ്. വോട്ടുകള്‍ കുറഞ്ഞു എന്നതിലുപരി ശക്തികേന്ദ്രങ്ങളില്‍ നിന്ന് ബിജെപി വോട്ട് കോണ്‍ഗ്രസിലേക്ക് പോയി എന്ന യാഥാര്‍ഥ്യം കെ സുരേന്ദ്രന്‍ അടക്കം സംസ്ഥാന നേതാക്കളുടെ മുന്നില്‍ ചോദ്യചിഹ്നമായി തുടരും. വരുംദിവസങ്ങളില്‍ കെ സുരേന്ദ്രനെതിരേ പാര്‍ട്ടിയിലെ പടയൊരുക്കത്തിന് ആക്കം കൂട്ടാനും പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം കാരണമാകുമെന്ന് വ്യക്തമാണ്.
തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നു സന്ദീപ് വാര്യരുടെ പാര്‍ട്ടി പ്രവേശം. മുന്‍പ് നടത്തിയ വര്‍ഗീയ നിലപാടുകളില്‍ തിരുത്തല്‍ വരുത്തിയാണ് താന്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നതെന്നായിരുന്നു സന്ദീപിന്റെ പ്രഖ്യാപനം. എന്നാല്‍, ഇതിനു തിരിച്ചടി നല്‍കാന്‍ ബിജെപി മുതിരും മുന്‍പ് സിപിഎം ആണ് രംഗത്തെത്തിയത്. സന്ദീപ് നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളിച്ച് സിറാജ്, സുപ്രഭാതം എന്നീ ദിനപത്രങ്ങളില്‍ സരിനു വേണ്ടി വോട്ടഭ്യര്‍ഥിച്ചായിരുന്നു സിപിഎം മറുപടി. എന്നാല്‍, ഇതുംവലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. സിപിഎം നടത്തുന്ന വര്‍ഗീയകളിയുടെ ഭാഗമാണിതെന്ന പ്രചാരണം കോണ്‍ഗ്രസ് വ്യാപകമാക്കി. ഇതും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലഘടകമായെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. ബിജെപി ഉപേക്ഷിച്ച് കോണ്‍ഗ്രസിലെത്തിയ രാഷ്ട്രീയതീരുമാനം അമ്പേ വിജയിച്ചെന്ന ആത്മസംതൃപ്തി നിറയുന്ന മറുപടിയാണ് രാഹുലിന്റെ വിജയംശേഷം സന്ദീപില്‍ നിന്നുണ്ടായത്. പിക്ചര്‍ അഭി ബി ബാക്കി ബെ ഭായി.