സര്‍വകലാശാല വൈസ് ചാൻസലർ (വി സി) നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് വിട്ടുവീഴ്ചയിക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നീക്കം. വി സി നിയമനങ്ങളില്‍ ഗവര്‍ണറെ മറികടക്കാന്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് പുറമെ വെറ്ററനറി സര്‍വകലാശാലയിലും വി സിയെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
വെറ്ററനറി സര്‍വകലാശാലയില്‍ ജെ എസ് സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ വി സി നിയമത്തിനുള്ള നീക്കം ആരംഭിച്ചത്.
യൂണിവേഴ്‌സിറ്റി നിയമത്തിലുള്ള ഗവര്‍ണറുടെ പ്രതിനിധിയെ ഒഴിവാക്കിയാണ് സര്‍ക്കാരിന് വേണ്ടി മൃഗ സംരക്ഷണ വകുപ്പ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. യൂണിവേഴ്‌സിറ്റി നിയമത്തില്‍ നിന്നും വ്യത്യസ്തമായി സര്‍വകലാശാലയുടെയും,ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും പ്രതിനിധികളെ സര്‍ക്കാര്‍ കമ്മിറ്റിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ പ്രത്യേക ഉത്തരവായി പിന്നീട് തീരുമാനിക്കും. സാങ്കേതിക സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിക്ക് സാമാന്തരമായി സര്‍ക്കാര്‍ മറ്റൊരു കമ്മിറ്റി രൂപീകരിച്ചതിനുസമാനമായാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ ഉടനടി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മേരി ജോര്‍ജ്, ഗവര്‍ണറെയും സര്‍ക്കാരിനെയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജ്ജിയില്‍ നാളെ (ജൂലൈ 17) വാദം കേള്‍ക്കാനിരിക്കെയാണ് ഗവര്‍ണര്‍ രൂപീകരിച്ച കമ്മിറ്റികള്‍ക്ക് സമാന്തരമായി സര്‍ക്കാര്‍ പുതിയ കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതെന്നതും ശ്രദ്ധേയമാണ്. കമ്മിറ്റി ആര് രൂപീകരിക്കണമെന്നത് സംബന്ധിച്ച് സര്‍വകലാശാല നിയമത്തില്‍ വ്യക്തത ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. വെസ് ചാന്‍സലര്‍മാരുടെ നിയമന അധികാരി കൂടിയായ ഗവര്‍ണറാണ് സെര്‍ച്ച് കമ്മിറ്റികള്‍ കാലങ്ങളായി രൂപീകരിക്കുന്നത്. ഈ കീഴ്വഴക്കം കൂടിയാണ് ഇപ്പോള്‍ മറികടക്കുന്നത്.
വിഷയം കോടതിയുടെ പരിഗണയില്‍ എത്തുന്നതോടെ വി സി നിയമനങ്ങള്‍ നീട്ടുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സെപ്റ്റംബറില്‍ ഗവര്‍ണറുടെ കാലാവധി അവസാനിക്കുമെന്ന കണക്ക് കൂട്ടലും സര്‍ക്കാരിന് മുന്നിലുണ്ട്. കേരളയിലും എംജി യിലും യൂണിവേഴ്‌സിറ്റി പ്രതിനിധികളെ നല്‍കാന്‍ സിപിഎം വിമുഖത കാട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന സെര്‍ച്ച് കമ്മിറ്റിയിലേയ്ക്ക് യൂണിവേഴ്‌സിറ്റി പ്രതിനിധികളെ ഉള്‍പ്പെടുത്തും. ജൂലൈ 18ന് സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കുന്നതിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റിന്റെ പ്രത്യേക യോഗം ചേരുന്നുണ്ട്.