അജയ് മധു
KERALA

രക്ഷാദൗത്യം എന്‍ഡിആര്‍എഫിന്, ആമയിഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിനത്തിലേക്ക്

ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നിരുന്ന തിരച്ചില്‍ നടപടികളില്‍ ഇന്ന് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങളും (എന്‍ഡിആര്‍എഫ്) ഭാഗമാകും

വെബ് ഡെസ്ക്

തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചില്‍ രണ്ടാം ദിനത്തിലേക്ക്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്ക് വേണ്ടി ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് തിരിച്ചില്‍ ഇന്ന് രാവിലേയ്ക്ക് നീട്ടുകയായിരുന്നു. ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നിരുന്ന തിരച്ചില്‍ നടപടികളില്‍ ഇന്ന് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങളും (എന്‍ഡിആര്‍എഫ്) ഭാഗമാകും.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആലപ്പുഴയില്‍നിന്നുള്ള സംഘം ശനിയാഴ്ച രാത്രി അപകടസ്ഥലത്ത് എത്തിയിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലെ പാളത്തിന് സമീപത്തെ മാന്‍ഹോളില്‍ റോബോട്ടുകളെ ഉള്‍പ്പെടെ ഇറക്കി നടത്തിയ തിരച്ചിലും ഫലം കാണാതായതോടെയാണ് ദൗത്യം എന്‍ഡിആര്‍എഫ് സംഘം ഏറ്റെടുത്തത്.

രാത്രി തിരച്ചില്‍ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് എന്‍ഡിആര്‍എഫ് അറിയിച്ചതോടെയാണ് തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. എന്നാല്‍ പുലര്‍ച്ചെ തന്നെ തിരച്ചില്‍ പുനഃരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജോയിയെ കാണാതായ ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗത്തുതന്നെ ഞായറാഴ്ച തിരച്ചില്‍ ആരംഭിക്കാനാണ് എന്‍ഡിആര്‍എഫ് സംഘത്തിന്റെ തീരുമാനം. ടണലിനുള്ളില്‍ മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ തോട്ടിലെ ടണലിനുള്‍ഭാഗത്തേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിരുന്നില്ല.

റെയില്‍വേയിലെ ചില കരാറുകാരാണ് മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്ന ജോലിയായിരുന്നു ജോയി ചെയ്തിരുന്നത്.

അതേസമയം, ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നം ദീര്‍ഘകാലമായി സജീവ ചര്‍ച്ചായാണെങ്കിലും ഇപ്പോഴത്തെ ദുരന്തത്തില്‍ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് അധികൃതര്‍. തിരുവനന്തപുരം നഗരസഭയും സര്‍ക്കാര്‍ വൃത്തങ്ങളും റെയില്‍വേയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ മാലിന്യനീക്കത്തിലെ ഏകോപത്തിനില്‍ വന്ന പിഴവാണ് ഇപ്പോഴത്തെ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍.

സര്‍ക്കാരില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട പ്ലാന്‍ ഫണ്ട് അനുവദിക്കുന്നതില്‍ വന്ന കാലതാമസം മഴക്കാല പൂര്‍വ ശുചീകരണത്തെ ഉള്‍പ്പെടെ ബാധിച്ചിരുന്നു. മഴക്കാലത്ത് വലിയ തോതില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപം കൊണ്ട സാഹചര്യത്തില്‍ ഈ വിഷയം ചര്‍ച്ചയായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പ്രതിരോധിക്കുകയാണ് ചെയ്തത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി