KERALA

വിഴിഞ്ഞത്ത് കപ്പലല്ല ക്രെയിനാണ് വന്നത്, അതിനാണ് ഒന്നരക്കോടി ചെലവഴിച്ചതെന്ന് വി ഡി സതീശൻ

വെബ് ഡെസ്ക്

വിഴിഞ്ഞത്ത് കപ്പലല്ല, ക്രെയിനാണ് വന്നതെന്നും അതിന്റെ പേരിലാണ് ഒന്നരക്കോടി രൂപ ചെലവാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തുറമുഖം കമ്മീഷൻ ചെയ്യാൻ ഇനിയും രണ്ട് വര്‍ഷമെടുക്കും. വിഴിഞ്ഞം പദ്ധതി മുടക്കാൻ നോക്കിയവരാണ് ഇപ്പോഴത്തെ ഭരണപക്ഷമെന്നും അവിടെ പോകാൻ മുഖ്യമന്ത്രി പിണറായി വിജയന് എന്ത് യോഗ്യതയുണ്ടെന്നും യു ഡി എഫ് സെക്രട്ടറിയേറ്റ് ഉപരോധം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവേ സതീശൻ ചോദിച്ചു.

"ജനങ്ങളുടെ മുന്നിൽ സർക്കാരിനെ വിചാരണ ചെയ്യുകയെന്നത് പ്രതിപക്ഷ ധർമമാണ്. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണ സർക്കാരാണിത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ള നടത്തുകയാണ്. ആരോപണങ്ങളെ പ്രതിരോധിച്ച് ഒരു വാചകം പറയാൻ ആരുമില്ല. വിഴിഞ്ഞത്ത് പോകാൻ പിണറായിക്ക് എന്ത് യോഗ്യതയുണ്ട്? പദ്ധതി മുടക്കാൻ നോക്കിയവരാണ് സിപിഎം. എന്നിട്ട് നാണമില്ലാതെ ക്രെയിൻ വരുമ്പോൾ പച്ചക്കൊടിയും വീശി നിൽക്കുകയാണ്. എൽഡിഎഫ് ജനസദസ് നടത്തുമ്പോൾ യു ഡി എഫ് 140 കേന്ദ്രങ്ങളിലും വിചാരണ സദസ് നടത്തും. സർക്കാരിനെ വിചാരണ ചെയ്യും," വിഡി സതീശൻ വ്യക്തമാക്കി.

സംസ്ഥാനത്ത് എന്ത് നടക്കുന്നുവെന്ന് പോലും ഉത്തരം പറയാൻ കഴിയാത്തവരാണ് ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കുറ്റപ്പെടുത്തി. ഇടത് മുന്നണി സർക്കാറിന്റെ പാരമ്പര്യം പിണറായി സർക്കാരിനില്ല. ആര് ഭരിച്ചപ്പോഴാണ് കേരളം ഇങ്ങനെ തകർന്ന് പോയത്? ഏഴ് വർഷമായിട്ടും എന്തുണ്ടാക്കിയെന്ന് പറയാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ സ്ഥിതി തുടർന്നാൽ കേരളം വൈകാതെ പാപ്പരാകുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സെക്രട്ടേറിയറ്റ് കണ്ടതിൽ വച്ച് ഏറ്റവും വലിയ സമരമാണ് ഇന്ന് നടക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

''കാലം കുറേയായി ഞങ്ങളുണ്ടാക്കിയതിന് പച്ചക്കൊടി കാണിക്കാൻ എന്നല്ലാതെ സ്വന്തമായി ഒന്നും കൊണ്ടുവരാൻ ഇവർക്കായിട്ടില്ല. ഭാവനാ ശൂന്യതയാണ് ഈ സർക്കാരിന്റേത്. ഈ പോക്ക് പോയാൽ വൈകാതെ കേരളം പാപ്പരാകും, " അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഭരണ പരാജയം, അഴിമതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ 'സര്‍ക്കാരല്ലിത്, കൊള്ളക്കാര്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് ഉപരോധ സമരം ആരംഭിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നതാണ് ആവശ്യം. രാവിലെ ആറിന് ആരംഭിച്ച സമരത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയുകയാണ്. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും