വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ പുറത്താക്കിയ ബിജെപി നേതൃത്വത്തിന്റെ നടപടിക്കെതിരെ ഒരു വിഭാഗം അണികളിൽ ഉയരുന്നത് വ്യാപക അമർഷം. സമൂഹ മാധ്യമങ്ങളിൽ നേതൃത്വത്തിനെതിരെ അണികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഔദ്യോഗിക പക്ഷത്തിന് താത്പര്യം ഇല്ലാത്ത യുവ നേതാക്കളെ വെട്ടിനിരത്തുകയാണെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ആർ.എസ്.എസ് സഹയാത്രികരായ ചില യുവനേതാക്കളും സന്ദീപിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്.
സന്ദീപിനു നേരെയുണ്ടായ ഇപ്പോഴത്തെ നടപടി കഴിഞ്ഞ കുറച്ചു മാസങ്ങളായി തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത യുവ ബിജെപി നേതാക്കളെ വെട്ടിയൊതുക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായാണ് പ്രവർത്തകർ കാണുന്നത്. നേരത്തെ വക്താക്കളായിരുന്ന സന്ദീപ് വാചസ്പതിക്കും പി ആർ ശിവശങ്കരനും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇരുവരെയും ചാനൽ ചർച്ചകളിൽ നിന്ന് ഒഴിവാക്കാൻ നേതൃത്വം ശ്രമിച്ചിരുന്നു. മുതിർന്ന നേതാവായ ജോർജ് കുര്യൻ ചാനൽ ചർച്ചകളിൽ ശിവശങ്കറിനെ വിളിക്കരുതെന്ന് കാട്ടി ചാനൽ മേധാവികൾക്ക് കത്ത് നൽകിയിരുന്നു. "പ്രവർത്തന ശൈലിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ശിവശങ്കരനോട് ചൂണ്ടിക്കാട്ടാമായിരുന്നു. അതിനു പകരം ചാനലുകൾക്ക് കത്ത് നൽകിയത് അദ്ദേഹത്തെ അവഹേളിക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ്," ഒരു ബിജെപി നേതാവ് 'ദ ഫോർത്തി'നോട് പറഞ്ഞു.
സന്ദീപ് വാര്യരെ പുറത്താക്കിയത് സംഘടനാപരമായ കാരണത്താൽ ആണെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍റെ വിശദീകരണത്തിൽ പാർട്ടി അണികൾ തൃപ്തരല്ലെന്ന് വ്യക്തമാകുന്നതാണ് ഫേസ് ബുക്കിലും , വാട്സ് ആപ് ഗ്രൂപ്പുകളിലും നടക്കുന്ന ചർച്ചകൾ. ബിജെപിയുടെ സൈബർ പോരാളികൾ തന്നെ ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമർശനം ഉയർത്തി രംഗത്തെത്തുന്നുണ്ട്. സാമ്പത്തിക ആരോപണമാണ് സന്ദീപിന് എതിരെ ഉള്ളതെങ്കിൽ തെളിവുകൾ നൽകാൻ പാർട്ടി തയ്യാറാകണമെന്നാണ് പ്രധാന ആവശ്യം. ചാനൽ ചർച്ചകളിൽ പാർട്ടിയുടെ സ്ഥിരം മുഖങ്ങൾ അപഹാസ്യരാകുന്ന കാലത്ത് ശക്തമായ പ്രതിരോധം തീർത്ത് ശ്രദ്ധേയരായി എത്തിയതാണ് സന്ദീപ് വാര്യരും, സന്ദീപ് വചസ്പതിയും ശിവശങ്കരനും . ഈ നേതാക്കളെ പക്ഷെ ഔദ്യോഗിക നേതൃത്വത്തിന് താത്പര്യമില്ല. പാർട്ടിക്ക് അതീതമായി സ്വന്തം നിലയ്ക്ക് നടപ്പാക്കുന്ന പദ്ധതികളും പാർട്ടി നിലപാടിന് വിരുദ്ധമായുള്ള അഭിപ്രായങ്ങളുമാണ് സന്ദീപിനെ ഔദ്യോഗിക പക്ഷത്തിന്‍റെ കണ്ണിലെ കരടാക്കിയത്. അടുത്തിടെ ഷെർണ്ണൂർ മണ്ഡലത്തിൽ 42 വിദ്യാർത്ഥിനികൾക്ക് സന്ദീപിന്റെ നേതൃത്വത്തിൽ സൈക്കിൾ വിതരണം ചെയ്തിരുന്നു. ഈ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പാർട്ടി ജില്ലാ പ്രസിഡന്‍റിനെ ക്ഷണിച്ചിരുന്നില്ല. അതുപോലെ മൊബൈൽ നെറ്റ് വർക്ക് സൗകര്യം ഇല്ലാത്ത പ്രദേശത്ത് മൊബൈൽ കമ്പനിയുമായി ബന്ധപ്പെട്ട് ടവർ സജ്ജമാക്കുകയും ചെയ്തിരുന്നു. പാർട്ടി നേതൃത്വവുമായി ആലോചിക്കാതെയാണ് ഈ പ്രവർത്തനങ്ങളെല്ലാം സന്ദീപ് നടത്തുന്നതെന്നാണ് ഉയരുന്ന വിമർശനം.
യുവ നേതാക്കളെ ഒതുക്കി പാർട്ടി കൈപ്പിടിയിലാക്കുകയാണ് കേന്ദ്രമന്ത്രി വി. മുരളീധരനും കെ.സുരേന്ദ്രനും എന്നാണ് അണികളുടെ പരാതി. സാമ്പത്തിക ക്രമക്കേടാണ് സന്ദീപിനെതിരെ ഉയർത്തുന്ന ആരോപണമെങ്കിൽ കൊടകര കുഴൽപണകേസ് എന്തുകൊണ്ട് ചർച്ചയാക്കുന്നില്ലെന്ന് ഒരു വിഭാഗം ചോദിക്കുന്നു. ഇതോടൊപ്പം അടുത്തിടെ കെ. സുരേന്ദ്രന്‍റെ മകന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽ ജോലി ലഭിച്ചതും, കെ. സുരേന്ദ്രന്റെ സഹോദരന്‍റെ മകനെ സെൻസർ ബോർഡ് അംഗമായി നോമിനേറ്റ് ചെയ്തതും ബിജെപി സൈബർ പോരാളികൾ ചോദ്യം ചെയ്യുന്നു. സ്വജനപക്ഷപാതമാണ് നേതൃത്വം നടത്തുന്നെന്നാണ് അണികളുടെ ആക്ഷേപം. ബിജെപി സഹയാത്രികനായ സിനിമാ സംവിധായകൻ അലി അക്ബർ സന്ദീപിന്‍റെ കൂടെയുണ്ടാകുമെന്നാണ് ഫേസ് ബുക്കിൽ കുറിച്ചത്. സൈബർ ഇടങ്ങളിൽ ബിജെപിക്ക് വേണ്ടി നിരന്തരം ശബ്ദിച്ചിട്ടും നേതൃത്വം പരിഗണിക്കാത്തതിൽ അമർഷം ഉള്ള അലി അക്ബർ ഇപ്പോൾ പാർട്ടി വേദികളിൽ സജീവമല്ല. ‘ആര് വേട്ടയാടാൻ ശ്രമിച്ചാലും വിട്ടു തരാൻ ഉദ്ദേശമില്ലെന്നാണ്’ സമൂഹ മാധ്യമങ്ങളിൽ വലിയ പിൻതുണയുള്ള ശ്രീ ചേറായി എന്ന ആർ.എസ്.എസ് സഹയാത്രികൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘’വെട്ടി ഒതുക്കലും ഗ്രൂപ്പ് കളിയുമാണ് നേതൃത്വം ലക്ഷ്യമിടുന്നതെങ്കിൽ ജനം പുറങ്കാലിന് തൊഴിച്ചെറിയുമെന്നാണ് മറ്റൊരു പോസ്റ്റ്”
ക്വാറി മാഫിയകൾക്ക് എതിരെ പോരാട്ടം നയിച്ചതാണ് നടപടിക്ക് കാരണമെന്നും ചില പോസ്റ്റുകളുണ്ട്. ആറാം തമ്പുരാൻ സിനിമയിലെ സംഭാഷണം പങ്ക് വെച്ചു ‘ഞാനും അപ്പനും സുഭദ്രയും അടങ്ങുന്ന ട്രസ്റ്റാണ്’ തീരുമാനം എടുത്തതെന്നും ചിലർ നേതൃത്വത്തെ പരിഹസിക്കുന്നു.
കേരളാ ബിജെപിയെ വിമർശിച്ചും ആർ.എസ്.എസിനെ പിന്തുണച്ചും പോസ്റ്റുകളുണ്ട്. പ്രതിപക്ഷ പാർട്ടികൾ പോലും വിശ്വസിക്കാത്ത ആരോപണമാണ് സന്ദീപ് വാര്യർക്ക് എതിരെ ഉയർത്തുന്നതെന്നും മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുള്ള സന്ദീപിനെതിരെ ക്രമക്കേട് ഉന്നയിക്കുന്നത് വിശ്വാസ യോഗ്യമല്ലെന്നും വിമർശനമുണ്ട്. പരാതിയുമായി ആർ.എസ്.എസ് നേതൃത്വത്തെ സമീപിക്കാനും ചിലർ ഒരുങ്ങുന്നുണ്ട്. ഹലാൽ വിഷയത്തിൽ പാർട്ടി വിരുദ്ധ സമീപനം സ്വീകരിച്ചതിനെ തുടർന്ന് ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതോടെയാണ് സന്ദീപിനെ ഒതുക്കാൻ ശ്രമം തുടങ്ങിയത്.
കെ. സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയത് ശേഷം പാർട്ടി ദുർബലമായെന്ന കുറ്റപ്പെടുത്തലും അച്ചടക്ക നടപടിക്ക് പിന്നാലെ ഒരു വിഭാഗം ഉയർത്തുന്നു. നേരത്തെ പാർട്ടിയിലെ മുതിർന്ന നേതാക്കളെ കേന്ദ്രീകരിച്ചുണ്ടായിരുന്ന ഗ്രൂപ്പ് ആരോപണം അടുത്ത തലമുറയിലേക്കും വ്യാപിക്കുകയാണെന്നാണ് ബിജെപിയിലെ സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.