ശുഭയാത്ര എന്നെഴുതിയ ടിക്കറ്റുമായി ട്രെയിന്‍ കയറുന്ന ഓരോ യാത്രികനും സുരക്ഷിതമാണെന്ന വിശ്വാസത്തിലാണ് യാത്ര തുടങ്ങുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളിലെ യാത്ര ഒട്ടുംതന്നെ സുരക്ഷിതമല്ലെന്നാണ് അടിക്കടി ഉണ്ടാകുന്ന 'ഒറ്റപ്പെട്ട' സംഭവങ്ങള്‍ തെളിയിക്കുന്നത്.
രാജ്യത്തെ തന്നെ ഞെട്ടിച്ച ഒട്ടനേകം അക്രമസംഭവങ്ങള്‍ ട്രെയിനുകളില്‍ ഉണ്ടായിട്ടുണ്ട്. ആ പട്ടികയിലെ ഏറ്റവും ഒടുവിലത്തേതാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുമ്പോഴും ട്രെയിനുകളിലെ സുരക്ഷ പാളംതെറ്റുന്നതിനെച്ചൊല്ലി ഉടലെടുക്കുന്ന ആശങ്കകള്‍ ഒരു ചൂളംവിളിക്കപ്പുറം അലിഞ്ഞില്ലാതാകുന്ന കാഴ്ചകളാണ് നാം കാണുന്നത്.
കേരളത്തിലെ പല ഡിവിഷനുകളിലായി ഇവര്‍ക്ക് വേണ്ടത് 1500 ന് മേല്‍ ജീവനക്കാരാണെങ്കിലും ഇതിന്റെ പകുതി പോലും ഇല്ലാത്ത അവസ്ഥയാണ്
സംസ്ഥാനത്തുകൂടി കടന്നുപോകുന്ന ഏകദേശം 240 ട്രെയിനുകളിലായി ദിവസം ശരാശരി മൂന്ന് ലക്ഷത്തിനുമേല്‍ ആളുകളാണ് യാത്ര ചെയ്യുന്നത്. ഇവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സാണ്(ആര്‍പിഎഫ്). കേരളത്തിലെ പല ഡിവിഷനുകളിലായി ഇവര്‍ക്ക് വേണ്ടത് 1500 ന് മേല്‍ ജീവനക്കാരാണെങ്കിലും ഇതിന്റെ പകുതി പോലും ഇല്ലാത്ത അവസ്ഥയാണ്. അതിനാല്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ തന്നെ ആര്‍പിഎഫ് അവിടെയെത്താന്‍ വൈകുന്നു. ഒരു ട്രെയിനിന്റെ ചില ബോഗികളില്‍ മാത്രമാണ് ഇവരുടെ സേവനമുള്ളത്.
ആര്‍പിഎഫിന്റെ സേവനം ലഭ്യമാക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെടാറുണ്ട്
ഉദ്യോഗസ്ഥരുടെ കുറവ് കൂടാതെ റെയില്‍വേ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. പ്രവര്‍ത്തിക്കാത്ത ക്യാമറകളാണ് സ്റ്റേഷനുകളിലെ പ്രധാന പ്രശ്‌നമെന്ന് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍ സെക്രട്ടറി ലിയോസ് ദ ഫോര്‍ത്തിനോട് പറഞ്ഞു. ട്രെയിനുള്ളില്‍ അല്ലാതെ ആര്‍പിഎഫിന്റെ സാന്നിധ്യം സ്റ്റേഷനുകളില്‍ ലഭ്യമല്ലെന്ന് റെയില്‍വേ ജാഗ്രത സമിതി അംഗം ഡിനു പറയുന്നു. ആര്‍പിഎഫിന്റെ സേവനം ലഭ്യമാക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെടാറുണ്ട്. സ്ഥിര യാത്രക്കാര്‍ പല സുരക്ഷാ ബുദ്ധിമുട്ടുകളും നേരിട്ടാണ് ട്രെയിനില്‍ സഞ്ചരിക്കുന്നത്. ഏറനാട് എക്‌സ്പ്രസ്, ആലപ്പുഴ, കായംകുളം പാസഞ്ചര്‍ എന്നിങ്ങനെ തിരക്കേറിയ ട്രെയിനുകളില്‍ പോലും യാതൊരു സുരക്ഷാ സംവിധാനവും റെയില്‍വേ ഒരുക്കിയിട്ടില്ല.
എല്ലാ സ്റ്റേഷനുകളിലും കോച്ചുകളുടെ ഡോര്‍ വേ ഭാഗത്തും സിസിടിവി ഘടിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയെങ്കിലും ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല
അടിയന്തരമായി ട്രെയിനുകള്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കണമെന്നും സുരക്ഷാ ജീവനക്കാരുടെ സേവനം രാത്രി സമയങ്ങളിലെങ്കിലും ഉറപ്പാക്കണമെന്ന യാത്രക്കാരുടെ ആവശ്യം ഇനിയെങ്കിലും പരിഗണിക്കേണ്ടതാണ്. സംസ്ഥാനത്തെ ട്രെയിനുകളിലും സിസിടിവി ഇല്ലാത്തത് വലിയൊരു പ്രതിസന്ധിയാണ്. എല്ലാ സ്റ്റേഷനുകളിലും കോച്ചുകളുടെ ഡോര്‍ വേ ഭാഗത്തും സിസിടിവി ഘടിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയെങ്കിലും ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല. സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രമാണ് സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണങ്ങളും ഉള്ളത്. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടും സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ വൈകുന്നതാണ് സുരക്ഷാ വീഴ്ചകള്‍ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം.
രാജ്യത്ത് ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള 557 എസി കോച്ചുകളില്‍ മാത്രമാണ് ഇപ്പോള്‍ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റെയില്‍വേ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ജനറല്‍ കംപാര്‍ട്ട്‌മെന്റുകളിലാകട്ടെ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ല. രാജ്യത്തുടനീളമുള്ള സ്റ്റേഷനുകളില്‍ വീഡിയോ നിരീക്ഷണ സംവിധാനം സ്ഥാപിക്കേണ്ട പദ്ധതിയുടെ ആദ്യഘട്ടം 2023 ജനുവരിയോടെ പൂര്‍ത്തിയാകേണ്ടതായിരുന്നെങ്കിലും ഈ പദ്ധതി ഇപ്പോഴും ഇഴയുകയാണ്.