സംസ്ഥാന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. എന്‍ട്രന്‍സ് കമ്മീഷണര്‍ അലോട്‌മെന്റിന് ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്കാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുക. ഓരോ വര്‍ഷവും അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ ഒഴുക്ക് തടയാനാണ് പുതിയ തീരുമാനം.
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ നിർദേശിക്കുന്ന മൂന്ന് വിഷയങ്ങളില്‍ 45ശതമാനം മാര്‍ക്കെങ്കിലും ലഭിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ ബിരുദ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം സാധ്യമാകു. കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ പട്ടിക എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ നൽകുന്ന മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ എഞ്ചിനീയറിങ് കോളേജുകള്‍ക്കും, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ക്കും തീരുമാനം ബാധകമാകും.
സര്‍ക്കാര്‍ നേരത്തേയും ഇത്തരത്തില്‍ പ്രവേശനം അനുവദിച്ചിരുന്നെങ്കിലും പ്രവേശന നടപടികളുടെ അവസാന നിമിഷം തീരുമാനം പുറപ്പെടുവിച്ചതിനാല്‍ അത് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെട്ടില്ല
സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ മാനേജ്‌മെന്റുകളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് നടപടി. സര്‍ക്കാര്‍ നേരത്തേയും ഇത്തരത്തില്‍ പ്രവേശനം അനുവദിച്ചിരുന്നെങ്കിലും പ്രവേശന നടപടികളുടെ അവസാന നിമിഷം തീരുമാനം പുറപ്പെടുവിച്ചതിനാല്‍ അത് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെട്ടില്ലെന്ന് കേരള സെല്‍ഫ് ഫിനാന്‍സിങ് എഞ്ചിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് പറയുന്നുന്നു. ആ സമയം കര്‍ണാടകയിലും തമിഴ്നാട്ടിലുമൊക്കെ ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ കുട്ടികള്‍ സ്‌പോട്ട് അഡ്മിഷന് കാത്തുനില്‍ക്കാതെ അവിടെ പ്രവേശനം നേടുകയാണ് ചെയ്യുന്നത്.
ഇതരസംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക് കാരണം സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകളില്‍ ആയിരക്കണക്കിന് സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 33 സ്വാശ്രയ കോളേജുകള്‍ അടച്ചുപൂട്ടുന്നതിനും ഇത് കാരണമായി. ''കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവേശനം നേടി പോയപ്പോള്‍ കേരളത്തില്‍ 25,000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. പ്രവേശന നടപടികള്‍ ഈ വര്‍ഷം വേഗത്തില്‍ ആരംഭിക്കുന്നതിനാല്‍ ഇത്തവണ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ''-ബിജു പറഞ്ഞു. കെസിഇഎംഎയ്ക്ക് കീഴിലുള്ള 90 ഓളം എഞ്ചിനീയറിങ് കോളേജുകളുടെ ഫീസ് ഘടന മാറ്റമില്ലാതെ തുടരും.
എല്ലാ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ക്കും തീരുമാനം ബാധകമായതിനാല്‍ കേരള കാത്തലിക് എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള 14 കോളേജുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇതുവരെ ഈ കോളേജുകള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ മാത്രമേ ഒഴിവുള്ള സീറ്റുകള്‍ നികത്താന്‍ അനുവാദമുണ്ടായിരുന്നുള്ളു. എന്‍ആര്‍ഐ ക്വാട്ടയില്‍ യോഗ്യത നേടാൻ കഴിയാത്തതിനാല്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതായി കെസിഇഎംഎ പ്രസിഡന്റ് ഫാ. മാത്യു പൈക്കാട്ട് പറഞ്ഞു. ''പ്രവേശന മാനദണ്ഡങ്ങള്‍ പുതുക്കിയതോടെ വിദ്യാര്‍ഥികള്‍ പഠിക്കാനായി കേരളം തന്നെ തിരഞ്ഞെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു''- അദ്ദേഹം പറഞ്ഞു.
എല്ലാ സീറ്റുകള്‍ക്കും ഇപ്പോഴുള്ള ട്യൂഷന്‍ ഫീസായ 75,000ല്‍ നിന്ന് നേരിയ വര്‍ധനവ് കെസിഇഎംഎ ആവശ്യപ്പെട്ടിരുന്നു. 2011-12ൽ സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് ഈ ട്യൂഷന്‍ ഫീ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, ഫീസ് വര്‍ധനവ് സര്‍ക്കാര്‍ അനുകൂലമായി പരിഗണിച്ചിട്ടില്ല. കെസിഇസിഎംഎയുടെ കീഴിലുള്ള കോളേജുകളില്‍ കഴിഞ്ഞ വര്‍ഷം മെറിറ്റ് സീറ്റുകളില്‍ 15 മുതല്‍ 20ശതമാനം വരെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ ആകെ 126 സ്വകാര്യ എഞ്ചിനീയറിങ് കോളേജുകളാണ് ഉള്ളത്. ആകെ 31, 285 സീറ്റുകളുണ്ട്. അതില്‍ 15,618 എണ്ണം മെറിറ്റ് ക്വാട്ടയും 10,932 എണ്ണം മാനേജ്മെന്റ് ക്വാട്ടയുമാണ്. 4,685 എണ്ണമാണ് എൻആർഐ ക്വാട്ടയിലുള്ളത്.