കേരള സര്‍വകലാശാല സെനറ്റ് യോഗം ഒക്ടോബര്‍ 11ന് നടക്കും . സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി സെനറ്റ് യോഗം വിളിക്കാമെന്ന് കഴിഞ്ഞ ദിവസമായിരുന്നു വി സി ഗവര്‍ണറെ അറിയിച്ചിരുന്നത്. കേരളാ വി സി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയുടെ പേര് 11 ന് മുന്‍പ് അറിയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം അനുസരിച്ചാണ് തീരുമാനം
ഇന്നലെ സെനറ്റ് യോഗവുമായി ബന്ധപ്പെട്ട അറിയിപ്പ് രജിസ്ട്രാര്‍ അംഗങ്ങള്‍ക്ക് അയച്ചു. സേര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയുടെ തെരഞ്ഞെടുപ്പ് മാത്രമാണ് അജണ്ട. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ജൂലൈ 15 ന് ചേര്‍ന്ന കേരളാ സെനറ്റ് യോഗം പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനെ തെരഞ്ഞെടുത്തുവെങ്കിലും അദ്ദേഹം പിന്നീട് സ്ഥാനം ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പകരക്കാരനെയാണ് 11 ന് ചേരുന്ന സെനറ്റ് യോഗം തെരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാല്‍ ഇടതു പക്ഷ അംഗങ്ങള്‍ പേര് നിർദ്ദേശിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍, യുഡിഎഫ് അംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന അംഗത്തെ വിസിക്ക് സെനറ്റ് പ്രതിനിധിയായി അംഗീകരിക്കേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സെനറ്റ് പിരിച്ചുവിടേണ്ടി വരുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് തീരുമാനം. യോഗം വിളിച്ചു ചേര്‍ക്കണമെന്ന് മൂന്ന് തവണയാണ് ഗവര്‍ണര്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്. വി സി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിര്‍ദേശിക്കേണ്ടത് സെനറ്റാണ്. എന്നാല്‍ ഗവര്‍ണറുടെ ആവശ്യം അംഗീകരിക്കാതെ സര്‍വകലാശാല ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതേതുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായത്. പിന്നീട് യുജിസി പ്രതിനിധിയേയും ഗവര്‍ണറുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തി ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ വിസി രംഗത്തെത്തുകയും ചെയ്തു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് സെനറ്റ് യോഗം ഒക്ടോബറിന് ചേരാന്‍ തീരുമാനിച്ചത്.