മൂന്ന് അടിയന്തരാവസ്ഥ കാലത്തിലൂടെ കടന്നുവന്ന അനുഭവമുണ്ട് നക്സലൈറ്റ് നേതാവായ എം എന്‍ രാവുണ്ണിക്ക്. നിലവിൽ പോരാട്ടം പ്രസ്ഥാനത്തിന്റെ ചെയർമാനായ എംഎന്‍ രാവുണ്ണിയെന്ന മുണ്ടൂര്‍ രാവുണ്ണി അടിയന്തരാവസ്ഥക്കാലത്തെ തന്റെ അനുഭവങ്ങളെക്കുറിച്ചും സംഘടനാപ്രവർത്തനത്തെക്കുറിച്ചും സംസാരിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്തെ സംഘടനാ പ്രവർത്തനം എങ്ങനെയായിരുന്നു?
1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് കോങ്ങാട് സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഞാൻ ജയിലിലാണ്. ഇതിനിടയിൽ 1971ൽ ഞാനുൾപ്പെടെ ഒൻപത് പേർ ജയിൽ ചാടിയെങ്കിലും പിന്നെ വീണ്ടും ജയിലിൽ പോവുകയും അഞ്ചു വർഷത്തോളം വിചാരണ കാത്ത് തടവിൽ കഴിയുകയായിരുന്നു. എന്നാൽ, അടിയന്തരാവസ്ഥാ പ്രഖ്യാപിച്ചപ്പോഴേക്കും ഞാൻ പുറത്തെത്തിയിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ഞങ്ങൾ കോടതി വളപ്പിലടക്കം മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. അടിയന്തരാവസ്ഥാ കാലത്ത് നൂറോളം നക്സലൈറ്റുകളെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ മാത്രം അടച്ചത്. ഈ സമയത്താണ് കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിച്ചതും.
വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ആദ്യത്തെ അടിയന്തരാവസ്ഥ അല്ല ഇത്. ഇന്ത്യ ഇതിന് മുൻപ് രണ്ട് അടിയന്തരാവസ്ഥകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒന്ന് 1962ൽ ഇന്ത്യ - ചൈന യുദ്ധത്തിന് പിന്നാലെയും രണ്ടാമത്തത് 1971ൽ ഇന്ത്യ പാകിസ്താനുമായുളള ഏറ്റുമുട്ടലിനെയും തുടർന്നാണ്. ഈ രണ്ട് സമയത്തും ഞാൻ ഒളിവിൽ കഴിയുകയായിരുന്നു. ആദ്യത്തെ അടിയന്തരാവസ്ഥ സംഭവിക്കുമ്പോൾ എനിക്ക് മദ്രാസിലേക്ക് പോകേണ്ടി വന്നു. മദ്രാസ് സ്റ്റേറ്റ് വൈദ്യുതി ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലിക്കൊപ്പം തന്നെ പാർട്ടി പ്രവർത്തനവും ട്രേഡ് യൂണിയന്റെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ച കാലമായിരുന്നു അത്.
എങ്ങനെയാണ് വിപ്ലവ പ്രസ്ഥാനങ്ങളിലേക്ക് എത്തുന്നത്?
നാട്ടിൽ എസ്എസ്എൽസിയ്ക്ക് പഠിക്കുന്ന കാലത്ത് തന്നെ ഇടതുപക്ഷ അനുഭാവിയായിരുന്ന അച്ഛനൊപ്പം പാർട്ടി പരിപാടികളിൽ പങ്കെടുത്തിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ തന്നെ പരീക്ഷയ്ക്ക് മുന്നേ പഠനം ഉപേക്ഷിച്ച് എനിക്ക് മദ്രാസിലേക്ക് പോകേണ്ടിവരികയാണ്. അവിടെ അച്ഛന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ തന്നെ 1957ൽ ഇലക്ട്രിസിറ്റി ബോർഡിൽ ജോലി കിട്ടി. 1960 വരെ ജോലിയിൽ ഉണ്ടായിരുന്നു. സർവീസിലുണ്ടായിരുന്ന ഈ മൂന്ന് വർഷവും സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പല പണിഷ്മെന്റ് ട്രാൻസഫറുകളും നേരിട്ടിരുന്നു.
തമിഴ്നാട് ഇലക്ട്രിസിറ്റി ഫെഡറേഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു അടിയന്തരാവസ്ഥാക്കാലത്ത്. ട്രേഡ് യൂണിയൻ നിയമ പ്രകാരം എന്നെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയില്ലായിരുന്നു. എന്നാൽ, ട്രേഡ് യൂണിയനിലെ പ്രവർത്തനവും ഞാൻ കമ്മ്യൂണിസ്റ്റുകാരാനാണെന്നതും ചൂണ്ടിക്കാട്ടി എനിക്കെതിരെ എട്ടോളം കേസുകൾ അന്ന് ചാർജ് ചെയ്യുകയും അവസാനം എന്നെ സർവീസിൽനിന്ന് പിരിച്ചുവിടുകയാണ് ചെയ്തത്.
മൂന്ന് അടിയന്തരാവസ്ഥകളിലൂടെ കടന്നുപോയ വ്യക്തി എന്ന നിലയിൽ 1975ലെ അടിയന്തരാവസ്ഥ എത്രമാത്രം തീക്ഷ്ണമായിരുന്നു?
1975ലെ അടിയന്തരാവസ്ഥ ഇന്ത്യയ്ക്ക് പുതിയതായിരുന്നില്ല. ഈ മൂന്ന് അടിയന്തരാവസ്ഥകളും ഭരണഘടനയിലെ വകുപ്പുകൾ ഉപയോഗിച്ചാണ് പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നതോടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ് ഉണ്ടായത്. മദ്രാസിലുണ്ടായിരുന്ന സമയം, പാർട്ടി ഓഫീസിലും ട്രേഡ് യൂണിയന്റെ ഓഫീസിലുമടക്കം നിരവധി തവണയാണ് റെയ്ഡ് നടത്തിയത്. സംസ്ഥാന കമ്മിറ്റിക്ക് കീഴിലുണ്ടായിരുന്ന ജനശക്തി എന്ന പത്രത്തിന്റെ ഓഫീസിനെ ആർഎസ്എസിനെ ഉപയോഗിച്ച് ആക്രമിക്കുന്ന സാഹചര്യങ്ങളുണ്ടാകുന്നു. ഡിഎംകെയ്ക്ക് പോലും നിശബ്ദമായിരിക്കേണ്ടി വന്ന കാലമായിരുന്നു അത്. അങ്ങനെയാണ് ദ്രാവിഡ നാട് ദ്രാവിഡർക്ക് എന്ന മുദ്രാവാക്യം പോലും അവർക്ക് ഒഴിവാക്കേണ്ടി വരുന്നത്.
അമേരിക്കൻ സാമ്രാജ്യ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടന്ന അനാവശ്യ യുദ്ധമായിരുന്നു ആദ്യത്തെ അടിയന്തരാവസ്ഥയ്ക്ക് വഴിതെളിച്ചത്. ഒടുവിൽ ആ യുദ്ധത്തിൽ നാണംകെട്ട പരാജയവും ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നു. സാധാരണ മനുഷ്യന് അവന്റെ അഭിപ്രായം പറയാനോ സംഘടിക്കാനോ അവകാശങ്ങൾക്കും നീതിക്കും വേണ്ടി സമരം ചെയ്യാനോ കഴിയാത്ത കാലമായിരുന്നു അത്. ഇന്ദിരാഗാന്ധി ശരിക്കും 1975ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്ക് മുന്നെ പട്ടാള അട്ടിമറിക്കായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അത് അവർക്ക് നടപ്പിലാക്കാൻ കഴിയാതെ വന്നതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
അങ്ങ് നേതൃത്വം നൽകിയ കോങ്ങാട് സംഭവത്തിനുപിന്നിലെ യാഥാർത്ഥ്യം എന്തായിരുന്നു?
കോങ്ങാട് സംഭവം പ്രത്യക്ഷത്തിൽ ഒരു ഉന്മൂല സമരമായിരുന്നുവെന്ന് തോന്നാമെങ്കിലും അത് നീണ്ടുനിൽക്കുന്ന ഒരു ജനകീയ യുദ്ധത്തിന്റെ തുടക്കമായിരുന്നു. അന്ന് സംഘടന വളരെ ദുർബലമായിരുന്നു. എന്നാൽ, അന്ന് നിലനിന്നിരുന്ന ജന്മിത്വ നാടുവാഴിത്ത വ്യവസ്ഥിതിക്കെതിരെ പോരാടിക്കൊണ്ടാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ചൂഷണത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ ജന്മിയായിരുന്നു കോങ്ങാടുളള നാരായണൻ കുട്ടി നായർ. എന്നാൽ സംഭവത്തിനുശേഷമാണ് അദ്ദേഹത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നത്. ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പിടിക്കുന്നതും ജനകീയ വിചാരണ ചെയ്യുന്നതും. ഈ സംഭവം നടക്കുന്നത് 1970 ജൂലൈ 30 നായിരുന്നു. നക്സൽ വർഗീസിനെ ഇതേ വർഷം ഫെബ്രുവരി 18ന് കൊലപ്പെടുത്തിയതിന്റെ പിന്നാലെയായിരുന്നു കോങ്ങാട് സംഭവം. അതിന്റെ തുടർച്ചായിയരുന്നു അടിയന്തരാവസ്ഥാക്കാലത്തെ കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമവും.
അടിയന്തരാവസ്ഥാക്കാലത്ത് സംഘടനയുടെ വളർച്ചയെ എതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടോ?
ശരിക്കും അടിയന്തരാവസ്ഥാ നക്സലൈറ്റ് പ്രസ്ഥാനങ്ങൾക്ക് കൂടുതൽ വേരോട്ടമുണ്ടാക്കുകയാണ് ചെയ്തത്. രാജനടക്കമുളള രക്തസാക്ഷികൾ ഉണ്ടാകുന്നതും ഈ കാലത്താണ്. ഭരണപ്രതിസന്ധിയെത്തുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്താൻ അന്ന് ഞങ്ങളെ ഉണ്ടായിരുന്നുളളൂ. അതുകൊണ്ടുതന്നെ ജനങ്ങൾക്കിടയിലും നല്ല സ്വീകാര്യത ലഭിക്കുകയും ധാരാളം പേർക്ക് പ്രസ്ഥാനത്തോട് അനുഭാവം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ, ഇത് തിരിച്ചറിയാതെ ജനാധിപത്യ ധ്വംസനം സംഭവിച്ചിട്ടും മൊത്തം ജനാധ്യപത്യത്തിലേക്ക് തിരിയുകയാണ് അന്നത്തെ നേതൃത്വം ചെയ്തത്.
രാജൻ വധം പറഞ്ഞതുകൊണ്ട് ചോദിക്കട്ടെ, കേരളത്തിൽ എക്കാലവും നക്സലൈറ്റ് പ്രസ്ഥാനത്തോടും മാവോയിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടരായി പ്രവർത്തിച്ചവർ കൊലചെയ്യപ്പെട്ടുളളത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഭരണത്തിൽ ഇരുന്നപ്പോഴാണ്. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
അതേക്കുറിച്ച് പറയണമെങ്കിൽ സിപി എം രൂപീകരിച്ചതിലേക്ക് പോകണം. 1962ൽ ഉണ്ടായ ഇന്ത്യ -ചൈന യുദ്ധത്തെത്തുടർന്ന് പട്ടിണിയും ദുരിതവുമാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഭക്ഷ്യക്ഷാമം അതിരൂക്ഷമായിരുന്നു. എകെ ഗോപാലൻ അടക്കം പാർലമെന്റിൽ നിരാഹാരം കിടന്നിരുന്ന കാലം. യുദ്ധത്തിന്റെ പേരിൽ പാർട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതയും ഇതിന് പരിഹാരമായി ഒരു വിപ്ലവ പാർട്ടി ഉണ്ടായേ മതിയാകൂയെന്ന ചിന്തയിലാണ് 1964ൽ സിപിഎം നിലവിൽ വരുന്നത്. എന്നാൽ, പഴയ സിപിഐയുടെ രണ്ടാം പതിപ്പായി മാറുകയാണ് സിപിഎം നിലവിൽ വന്നപ്പോൾ സംഭവിച്ചത്. വിപ്ലവകരമായ ഒരു മാറ്റം പ്രതീക്ഷിച്ചവരെയെല്ലാം നിരാശരാക്കുകയാണ് അത് ചെയ്തത്.
തൊഴിലാളി വർഗത്തോടുളള ഏറ്റവും വലിയ വഞ്ചനയായിരുന്നു 1964ലെ പാർട്ടിയുടെ പിളർപ്പ്. പാർട്ടി പിളരുന്നതിന് മുന്നെ തന്നെ കുന്നിക്കൽ നാരായണനും ഞാനടക്കമുളളവരും 1962 മുതൽ വിമതപക്ഷത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. 1963ൽ മദ്രാസിൽ തീക്കതിർ എന്ന പത്രവും ആരംഭിച്ചു. പിന്നീട് തീക്കതിര്‍ തമിഴ്നാട്ടില്‍ സിപിഎമ്മിന്റെ മുഖപത്രമായി എന്നതാണ് ചരിത്രം. തമിഴിൽ ഒരു പഴമൊഴിയുണ്ട്, 'കരയാൻ പുറ്റടുക്കെ കരിനാഗം കുടിയിരിക്കെ'. എന്നു പറഞ്ഞാൽ ചിതൽ ഉറുമ്പാണ് പുറ്റുണ്ടാക്കുന്നത്. മെല്ലെ കരി മൂർഖൻ അതിനുളളിൽ കടന്നുകൂടുകയും ചിതൽ ഉറമ്പുകളെ മുഴുവൻ തിന്നു നശിപ്പിക്കുകയും സ്വന്തം ആവാസ്ഥ വ്യവസ്ഥയാക്കി ആ പുറ്റിനെ മാറ്റുകയുമാണ് ചെയ്യുന്നത്. പിന്നെ പേര് വരുന്നത് പാമ്പിന്റെ പുറ്റെന്നാണ്. പാമ്പ് ഒരിക്കലും പുറ്റ് ഉണ്ടാക്കില്ലല്ലോ. വിപ്ലവ പാർട്ടിയായി വന്ന സിപിഎം ചെയ്തതും ഇതാണ്. അതുകൊണ്ടു തന്നെ ശരിയായ ഇടതുപക്ഷം എന്തെന്ന് തുറന്നുകാണിക്കുകയായിരുന്നു നക്സൽ ബാരിക്ക് ശേഷം വന്ന നക്സലൈസ്റ്റ് പ്രസ്ഥാനങ്ങൾ ചെയ്തുവന്നിരുന്നത്.
ഇടക്കാലത്ത് മദ്രാസില്‍ സോവിയറ്റ് കൗന്‍സില്‍ ജനറല്‍ ഓഫീസിലും പ്രവർത്തിച്ചിരുന്നു. തീക്കതിര്‍ എന്ന പത്രവും 1963ൽ തുടങ്ങിയിരുന്നു. എന്നാൽ, 64 ല്‍ ചൈനീസ് ചാരന്‍ എന്ന് മുദ്രകുത്തി ഭരണകൂടം എന്നെ കടലൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. തീക്കതിർ സിപിഎം കൈവശപ്പെടുത്തിയെങ്കിലും 1966 വരെ തീക്കതിറിൽ പ്രവർത്തിച്ചിരുന്നു.
അപ്രഖ്യാപിത അടിയന്തരാവസ്ഥ ഇന്നും നിലനിൽക്കുന്നില്ലേ? പ്രത്യേകിച്ചും മാവോയിസ്റ്റ് എന്ന പേരിൽ ആരെയും ജയിലിൽ അടയ്ക്കാവുന്ന സാഹചര്യം?
തീർച്ചയായും. സിപിഎം ജനകീയ ജനാധിപത്യത്തിലേക്ക് തിരിഞ്ഞിട്ടും ഇവിടെ മൂന്ന് അടിയന്തരാവസ്ഥ വന്നില്ലേ? കോൺഗ്രസിന് ശേഷം ഇന്നിപ്പോൾ ബിജെപി അല്ലേ അധികാരത്തിൽ. അവർക്ക് അടിയന്തരാവസ്ഥ ആവശ്യമില്ലല്ലോ. അതില്ലാതെ തന്നെ അവർ മൊബൈൽ നെറ്റ് വർക്ക് വിച്ഛേദിക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിക്കുകയും ചെയ്യുന്നില്ലേ? മതന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നില്ലേ? നിങ്ങൾ ഈ രാജ്യത്തിലെ പൗരനമാരേ അല്ല എന്ന് പ്രഖ്യാപിക്കുന്നില്ലേ? അപ്പോൾ കോൺഗ്രസും ഇവരും തമ്മിൽ എന്താണ് വ്യത്യാസം?
കാർഷിക വിപ്ലവമായിരുന്നു അങ്ങ് ഉൾപ്പെടുന്നവർ സ്വപ്നം കണ്ടിരുന്നതും നടപ്പിലാക്കാൻ ശ്രമിച്ചതും. അത് ഒരു പരിധി വരെയെങ്കിലും വിജയം കണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?
ഞാൻ പറഞ്ഞല്ലോ കോങ്ങാട് അടക്കമുളള സംഭവങ്ങൾ കാർഷിക പരിഷ്കരണത്തിന്റെ ഭാഗമായിരുന്നു. ജന്മിത്വത്തിനെതിരെ സമരം ചെയ്യുകയും ഭൂമി പിടിച്ചെടുക്കുകയും ചെയ്യേണ്ടുന്ന സാഹചര്യം അന്നുണ്ടായിരുന്നു. ഇന്ന് ആ പഴയ കാലത്തെ നാടുവാഴിത്ത ജന്മിത്വ വ്യവസ്ഥിതി നിലനിൽക്കുന്നില്ല. എന്നാൽ ഇന്ന് കർഷകനും രാജ്യത്തെ സാധാരണക്കരനും പണിയെടുക്കുന്നതിന്റെ വരുമാനം വന്നുചേരുന്നത് അദാനിയുടെ അംബാനിയുടെയും പോക്കറ്റിലാണെന്നത് മാത്രമാണ് വ്യത്യാസം. ഞാനൊക്കെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോൾ സിംഗാനിയ, ടാറ്റ, ബിർല,ഡാൽമിയ എന്നൊക്കൊയാണ് പറയുക. ഇന്നത് മാറിയിരിക്കുന്നു. കേരളത്തിന്റെ കാര്യമെടുത്താൽ, റിയൽ എസ്റ്റേറ്റ് ഉടമകളും ക്വാറി മാഫിയകളും അബ്കാരികളും അടക്കമുളളവരായി മാറിയിരിക്കുന്നു. തൊഴിലാളി വർഗ പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിലും ഇവരുടെ പങ്കുണ്ടല്ലോ.
ജയിലിൽനിന്ന് തിരികെ വരുമ്പോൾ മാറിയ ഒരു രാഷ്ട്രീയ കാലവസ്ഥ നേരിടേണ്ടി വന്നില്ലേ? പ്രത്യേകിച്ചും എൺപതുകളുടെ തുടക്കത്തിൽ നക്സലൈറ്റ് പ്രസ്ഥാനങ്ങൾ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണ്?
അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ ജനാധിപത്യത്തിന്റെ ഒരു വെളളപ്പൊക്കമാണ് അനുഭവപ്പെട്ടത്. ജനാധിപത്യത്തിന്റെ കുത്തൊഴുക്കിൽ പലരും ഒലിച്ചുപോകുന്ന അവസ്ഥാണ് പിന്നെ കണ്ടത്. ജനാധ്യപത്യത്തെക്കുറിച്ചുളള വലിയൊരു വ്യാമോഹമാണ് ജനങ്ങളിൽ ഇവരുണ്ടാക്കിയത്. സിപിഐ (എംഎൽ) ലെ കെഎൻ രാമചന്ദ്രനെപ്പോലുളളവർ ഈ കുത്തൊഴുക്കിൽ പെട്ടുപോകുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
പാർട്ടിയിൽ ഭിന്നിപ്പിന്റെ തുടക്കം കുറിക്കുന്നതിന് മുന്നെയാണ് ഞാൻ ജയിലിൽനിന്ന് പുറത്ത് വരുന്നത്. തുടർന്ന് കെ വേണു പാർട്ടി പിരിച്ചുവിടുകയും ചെയ്യുന്നുണ്ട്. സിആർസി സിപിഐ (എംഎൽ)ന്റെ സെക്രട്ടറി സ്ഥാനം ഞാനും രാജിവച്ചു. തുടർന്നാണ് കേരള കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നത്. പിന്നെ ഒട്ടനവധി പിളർപ്പുകൾ സംഭവിക്കുകയും തുടർന്ന് ഇവയെല്ലാം കൂടി ചേർത്ത് മാവോയിസ്റ്റ് യൂണിറ്റി സെന്റർ രൂപമെടുക്കുകയും ശേഷം സിപിഐ എംഎൽ നക്സൽബാരിയും ലയിക്കുകയും തുടർന്ന് സിപിഐ (മാവോയിസ്റ്റ്) രൂപം കൊള്ളുകയും ചെയ്യുന്നു. പിളർപ്പില്ലാതെ മുന്നോട്ട് പോകാനാവില്ലായിരുന്നു.
നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന പറഞ്ഞവർ അധികാരത്തിലെത്തിയപ്പോൾ ആദിവാസി നിയമ സംരക്ഷണ അവകാശ ബില്ലെല്ലാം അട്ടിമറിച്ചു.
സായുധകലാപത്തിലൂടെ വിപ്ലവം നയച്ചിരുന്ന ആ കാലത്ത് ഒട്ടനവധി അഭിപ്രായവ്യത്യാസങ്ങൾക്കും പിളർപ്പുകൾക്കും പാർട്ടി സാക്ഷ്യം വഹിച്ചിരുന്നു. നക്സലൈറ്റ് - മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ അധികാരത്തിൽ എത്തുമെന്ന് അന്ന് കരുതിയിരുന്നോ?
അന്നു മാത്രമല്ല ഇന്നും ആ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാൻ ജീവിക്കുന്നത്. ഇന്നിപ്പോൾ ഛത്തീസ്ഗഢിൽ ഞങ്ങളുടെതായ ഭരണസംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ജില്ലകൾ തന്നെയുണ്ട്. അവിടെ അവർക്ക് അവരുടേതായ ബജറ്റും കാര്യങ്ങളും ഉണ്ട്. ഒഡിഷയിലും ചില മേഖലകളിൽ സ്വാധീനമുളള സ്ഥലങ്ങളുണ്ട്.
ഇന്നിപ്പോൾ കർണാടകയിലെ വിജയത്തിന് പിന്നാലെ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്താനുളള ശ്രമങ്ങൾ നടത്തുകയാണല്ലോ. രാജ്യത്തെ ജനങ്ങൾ നേരിടുന്ന യഥാർത്ഥ സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കാതെ വീണ്ടും ജനാധിപത്യമെന്ന് പറഞ്ഞുകൊണ്ട് ഇവർ അധികാരത്തിലെത്തിയിട്ട് എന്താണ് ചെയ്യാൻ പോകുന്നത്? ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ പരിഹരിക്കാതെ, മറച്ചുവയ്ക്കുകയും ജനാധിപത്യത്തിന്റെ മിഥ്യാധാരണ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കാനുമാണ് ഈ പാർട്ടികൾ നാളിതുവരെ ശ്രമിച്ചിട്ടുളളത്.
അംബേദ്കർ എന്റെ മനസ്സിൽ ബ്രിട്ടീഷ് ഏജന്റാണ്. ഞാൻ വായിച്ചിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി അങ്ങനെയാണ് പഠിപ്പിച്ചത്. അംബേദ്കറെ വായിക്കുന്നത് നക്സലൈ്റ്റ് പ്രസ്ഥാനത്തിൽ വന്നതിന് ശേഷമാണ്.
ആദിവാസി ദളിത് സമൂഹം എക്കാലവും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം കൃഷി ചെയ്യുന്നതിനുളള ഭൂമിയും കിടപ്പാടവും സംബന്ധിച്ച വിഷയങ്ങളാണ്. അതിലുപരി ജാതിയുൾപ്പെടെയുളള പ്രശ്നങ്ങൾ മുന്നിലുണ്ട്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇതിന് നേർക്ക് കണ്ണടയ്ക്കുകയല്ലേ ചെയ്തത്?
അറുപതുകളിലും എഴുപതുകളിലും ഈ പ്രസ്ഥാനത്തിനൊപ്പം അണിനിരന്നവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. സംഘടനയുടെ ഭാഗമായി ഞാൻ അട്ടപ്പാടി കേന്ദ്രമായാണ് പ്രവർത്തിച്ചിരുന്നത്. അവിടത്തെ എല്ലാ ഊരുകളിലും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ എനിക്ക് സാധിച്ചിരുന്നു. എന്നാൽ കുന്നിക്കൽ നാരായണൻ അടക്കമുളള റൊമാൻ്റിക് വിപ്ലവകാരികൾ സംഘടനയിൽ ശ്രദ്ധിച്ചില്ല. ഏതൊരു സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനം കൃഷിയാണ്. കൃഷി ഭൂമി കർഷകന്, സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യം ഉയർത്തിയാണ് നമ്മൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ജാതി സംബന്ധിച്ചാണെങ്കിൽ, അംബേദ്കർ എന്റെ മനസ്സിൽ ബ്രിട്ടീഷ് ഏജന്റാണ്. ഞാൻ വായിച്ചിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി അങ്ങനെയാണ് പഠിപ്പിച്ചത്. അംബേദ്കറെ വായിക്കുന്നത് നക്സലിസ്റ്റ് പ്രസ്ഥാനത്തിൽ വന്നതിന് ശേഷമാണ്. അതുകൊണ്ട് തന്നെ കാർഷിക വിപ്ലവത്തിനൊപ്പം ജാതി ഉന്മൂലനം കൂടിയുണ്ടെങ്കിലെ ആ വിപ്ലവം പൂർണമാകൂ. എന്നാൽ വർഗ സമരം നടത്തിയാൽ ജാതിയും ഇല്ലാതെയാകും എന്നായിരുന്നു സിപിഐ കണക്കാക്കിയിരുന്നത്. ആദിവാസി ഭൂനിയമത്തിൽ ഭേദഗതി വരുത്തിയ കേരളസർക്കാരിന്റെ നടപടിക്കെതിരെ 1996ൽ പാലക്കാട് കളക്ടറെ ബന്ദിയാക്കിയ അയ്യങ്കാളിപ്പടയുടെ ഓപ്പറേഷന് പിന്നിൽ കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനമായിരുന്നു. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന പറഞ്ഞവർ അധികാരത്തിലെത്തിയപ്പോൾ ആദിവാസി നിയമ സംരക്ഷണ അവകാശ ബില്ലെല്ലാം അട്ടിമറിച്ചു. അധികാരത്തിലെത്തിയപ്പോൾ സാമ്രാജ്യത്വ താത്പര്യങ്ങളാണ് അവർ എക്കാലവും നടപ്പിലാക്കിയിട്ടുളളത്.