പട്ടികവർഗ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നതില്‍ ഗുരുതര വീഴ്ച. കഴിഞ്ഞ അഞ്ചുവര്‍ഷം നീക്കിവച്ച തുകയുടെ 65 ശതമാനം മാത്രമാണ് വിവിധ പദ്ധതികള്‍ക്കായി ചെലവാക്കിയത്. 859 കോടി രൂപ വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 562 കോടി മാത്രം.
പ്ലസ് ടുവിൽ പട്ടികവർഗ വിദ്യാര്‍ഥികളുടെ വിജയശതമാനം കുറഞ്ഞ 2020, 2021 വര്‍ഷത്തില്‍ ചെലവഴിച്ച തുകയിലും വലിയ കുറവ് കാണാം. 2018-19 അധ്യയന വര്‍ഷത്തില്‍ 190 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ 2021-22 അധ്യയന വര്‍ഷത്തില്‍ 159 കോടി മാത്രമാണ് വകയിരുത്തിയത്. ചെലവഴിച്ചതാകട്ടെ ഇതിന്റെ മൂന്നില്‍ രണ്ട് ഭാഗം മാത്രവും.
പദ്ധതികളും ചെലവാക്കിയ തുകയും
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വകയിരുത്തിയ 43.2 കോടി രൂപയില്‍ 16.18 കോടി മാത്രമാണ് ചെലവഴിച്ചത്. പ്രീമെട്രിക് - പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ആകെ വകയിരുത്തിയ 16.5 കോടി രൂപയുടെ 22 ശതമാനം മാത്രമേ ചെലവഴിച്ചൂള്ളൂ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കായി കഴിഞ്ഞ രണ്ട് വര്‍ഷം വകയിരുത്തിയ 100 കോടി രൂപയില്‍ 82 കോടി ചെലവഴിച്ചു.
സ്‌കോളര്‍ഷിപ്പും പഠനച്ചെലവും
സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ വലിയ കാലതാമസമുണ്ടാകുന്നതായാണ് വിദ്യാര്‍ഥികളുടെ പരാതി. ഇ ഗ്രാന്റ്‌സ് പോലുള്ള സ്‌കോളര്‍ഷിപ്പുകള്‍ ആറു മാസത്തിലേറെ വൈകാറുണ്ട്. അതുവരെയുള്ള പഠനച്ചെലവുകള്‍ വഹിക്കുക ഏറെ പ്രയാസകരമാണ്. സര്‍ക്കാര്‍ ഹോസ്റ്റലുകളിലല്ലാതെ പഠിക്കുന്ന വിദ്യാര്‍ഥികളെ ഇത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിച്ച തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകർ അരോപിക്കുന്നു.
വേണ്ടത് അടിയന്തര പരിഹാരം
വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ അവസരം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച തുറന്നുകാട്ടുന്നതാണ് പുതിയ കണക്കുകള്‍. ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് ഗൗരവമായി കാണണം. വിദ്യാഭ്യാസമേഖലയില്‍ പിന്നാക്കാവസ്ഥയുടെ മൂലകാരണം കണ്ടെത്തി, പ്രശ്‌നം അടിയന്തരമായി പരിഹരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ഫണ്ട് വിനിയോഗം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്താന്‍ അതത് പ്രദേശത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിശ്രമിക്കണം.