കോഴിക്കോട്ടെ നിപ സാഹചര്യത്തിൽ പരിശോധനയ്ക്കയച്ച ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് നിലവില്‍ ഐസൊലേഷനിലുള്ളത്.
വൈറസ് ബാധിച്ച് ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായും മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. നിപ പ്രതിരോധത്തിന്റെ ഭാഗമായി ചേർന്ന കോര്‍ കമ്മിറ്റി യോഗത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തതായും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 24 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ വിട്ടുപോയവരെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐസിഎംആര്‍ അംഗീകാരം നല്‍കിയതായും ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. പുതിയ തീരുമാനത്തിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാകുമെന്നാണ് പ്രതീക്ഷ.