KERALA

ട്രാവൽ ഏജൻസിയെ കുരുക്കിലാക്കി ഏഴ് മലയാളികൾ ഇസ്രയേലിൽ മുങ്ങി; പ്രവൃത്തി ബോധപൂർവമെന്ന് ടൂർ ഓപ്പറേറ്റർ

ഇസ്രയേലിൽ എത്തിയ സംഘത്തിൽ നിന്ന് തിരുവനന്തപുരം സ്വദേശികളായ നാലുപേരെയും കൊല്ലത്തുനിന്നുള്ള മൂന്നുപേരെയും കാണാതാകുകയായിരുന്നു

വെബ് ഡെസ്ക്

കേരളത്തിൽ നിന്ന് ഇസ്രയേലിലേക്ക് വിസിറ്റിങ് വിസയിലെത്തി ജോലിക്കായി മുങ്ങുന്ന സംഭവം വീണ്ടും. പതിനൊന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ സംഘത്തിലെ ഏഴുപേരാണ് ഇത്തവണ മുങ്ങിയത്. മലപ്പുറം ആസ്ഥാനമായുള്ള ഗ്രീൻ ഒയാസിസ് ട്രാവൽ ഏജൻസി സംഘടിപ്പിച്ച 11 ദിവസത്തെ യാത്രയിലായിരുന്നു സംഭവം. ആളുകൾ മുങ്ങിയതിൽ ട്രാവൽ ഏജൻസിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേലിലെ അവരുടെ പങ്കാളികളായ ഏജൻസി.

ഇസ്രയേലിൽ കുറച്ചുനാൾ ജോലി നോക്കി പണം സമ്പാദിച്ച ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തിരികെപോകുകയാണ് അവരുടെ ലക്ഷ്യമെന്നാണ് ടൂർ ഓപ്പറേറ്റർ ആരോപിക്കുന്നത്

ജോർദാൻ, ഇസ്രയേൽ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കുള്ള 47 പേരുടെ യാത്രയായിരുന്നു ട്രാവൽ ഏജൻസി സംഘടിപ്പിച്ചത്. ജൂലൈ 25നായിരുന്നു യാത്ര ആരംഭിച്ചത്. ജോർദാനിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇസ്രയേലിലേക്ക് പ്രവേശിക്കാനുള്ള നടപടികൾക്ക് ശ്രമിച്ചെങ്കിലും സംഘത്തിലെ ഒൻപത് പേർക്ക് രാജ്യം വിസ നിഷേധിച്ചു. 38 പേർക്ക് മാത്രമാണ് അതിനാൽ ഇസ്രയേലിലേക്ക് പോകാനായത്. വ്യാഴാഴ്ച ഇസ്രയേലിൽ എത്തിയ സംഘത്തിൽ നിന്ന് തിരുവനന്തപുരം സ്വദേശികളായ നാലുപേരെയും കൊല്ലത്തുനിന്നുള്ള മൂന്നുപേരെയും കാണാതാകുകയായിരുന്നു.

ജോലി കണ്ടെത്താൻ വേണ്ടി നാലുപേരും മനഃപൂർവം മുങ്ങിയതാണെന്ന് ഏജൻസിയുടെ മാനേജിങ് ഡയറക്ടർ അബ്ദുൽ ജലീൽ പറഞ്ഞു. "കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴുപേരെ കാണാതായത്. ജോലി കണ്ടെത്താനായി മനഃപൂർവം അവർ ചെയ്ത പ്രവൃത്തിയാണ്" - ജലീൽ പറഞ്ഞു. ഇസ്രയേലിൽ കുറച്ചുനാൾ ജോലി നോക്കി പണം സമ്പാദിച്ച ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തിരികെപോകുകയാണ് അവരുടെ ലക്ഷ്യമെന്നാണ് ടൂർ ഓപ്പറേറ്റർ ആരോപിക്കുന്നത്.

മുങ്ങിയവരിൽ അഞ്ചുപേരുടെ പണമടച്ചത് ഒരാളാണെന്ന് ജലീൽ ചൂണ്ടിക്കാട്ടുന്നു. 11 പേരുടെ യാത്രയ്ക്ക് വേണ്ടിയുള്ള 14 ലക്ഷം രൂപ ഒരൊറ്റ അക്കൗണ്ടിൽ നിന്നാണ് എത്തിയത്

ഇത്തരത്തിൽ ആളുകളെ ടൂറിസ്റ്റുകളായി കൊണ്ടുപോയി, ജോലിക്ക് റിക്രൂട്ട് ചെയ്യുന്ന ചില റാക്കറ്റുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. സന്ദർശനം ലക്ഷ്യംവച്ച് പോകുന്ന യാത്രികർക്കൊപ്പമായിരിക്കും അവരെയും കൊണ്ടുപോകുക. ഇസ്രയേലിൽ എത്തിയാലുടൻ അവരെ കാണാതാകുകയാണ് പതിവ്. നിയമവിരുദ്ധമായ പ്രവൃത്തിക്ക് വലിയ തുകയും ഇത്തരം സംഘങ്ങൾ ആളുകളിൽനിന്ന് ഈടാക്കാറുണ്ട്.

മുങ്ങിയവരിൽ അഞ്ചുപേരുടെ പണമടച്ചത് ഒരാളാണെന്ന് ജലീൽ ചൂണ്ടിക്കാട്ടുന്നു. 11 പേരുടെ യാത്രയ്ക്ക് വേണ്ടിയുള്ള 14 ലക്ഷം രൂപ ഒരൊറ്റ അക്കൗണ്ടിൽ നിന്നാണ് എത്തിയത്. അതിൽ ആറുപേരുടെ വിസ നിഷേധിക്കപ്പെട്ടതോടെ അഞ്ചുപേർക്ക് മാത്രമാണ് ഇസ്രയേലിൽ പ്രവേശിക്കാനായതെന്നും ജലീൽ പറഞ്ഞു. മലപ്പുറത്തെ ഏജൻസിയുടെ ഇസ്രായേൽ ടൂറിന്റെ കാര്യങ്ങൾ കൈകാര്യം ചെയുന്ന ഇസ്രയേൽ ടൂർ ഏജൻസി മുങ്ങിയ ഓരോ ആൾക്കും 15,000 ഡോളർ കെട്ടിവയ്ക്കണമെന്നാണ് നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തുക കെട്ടിവയ്ച്ചില്ലെങ്കിൽ മറ്റുള്ള യാത്രികരെ കൂടി പ്രശ്നം ബാധിച്ചേക്കും.

മാസങ്ങൾക്ക് മുൻപാണ് ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽ നിന്നുള്ള കർഷകസംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവെന്ന കർഷകനെ കാണാതായത്. ഉടൻ തന്നെ സംഭവം ഇന്ത്യൻ എംബസിയെ അറിയിക്കുകയും പിന്നീട് നാട്ടിലേക്ക് തിരികെയെത്തിക്കുകയും ചെയ്തിരുന്നു. ഇസ്രയേലിലെ ഉയർന്ന ശമ്പളം ലക്ഷ്യമിട്ട് നിരവധി പേരാണ് കേരളത്തിൽ നിന്ന് അനധികൃതമായി രാജ്യത്തേക്ക് കടക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ