കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് അപകടം. നാല് വിദ്യാര്‍ഥികള്‍ മരിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച ടെക് ഫെസ്റ്റിനിടെയാണ് അപകടം. സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരക്കിനിടെ വീണ പലര്‍ക്കും ചവിട്ടേറ്റതാണ് മരണത്തിന് ഇടയാക്കിയത്.
നാലുപേരുടെ മരണം ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത പരിപാടിക്കിടെ മഴ പെയ്തതാണ് അപകടത്തിന് ഇടയാക്കിയത്. ഇതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയത് തിക്കിനും തിരക്കിനും ഇടയാക്കുകയായിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചികിത്സയ്ക്ക് ഉള്‍പ്പെടെ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയതായും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.