KERALA

വീണ്ടും ലൈംഗികാതിക്രമ കേസ്; തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണനെ പുറത്താക്കണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകർ

വെബ് ഡെസ്ക്

വീണ്ടും ലൈംഗികാതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ കേരളത്തിലെ വനിത മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ് വര്‍ക്ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ (എന്‍ഡബ്ല്യുഎംഐ). പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്ത് രാധാകൃഷ്ണന്‍ ഇനിയും തുടരുന്നത് മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതയ്ക്ക് ഭംഗമേല്‍പ്പിക്കുന്ന കാര്യമാണെന്നും രാധാകൃഷ്ണനെ പ്രസ്‌ക്ലബ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കണമെന്നും എന്‍ഡബ്ല്യുഎംഐ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

നടുറോഡില്‍ യുവതിയെ അപമാനിച്ച കേസില്‍ തിരുവനന്തപുരം പ്രസ് ക്‌ളബ് പ്രസിഡന്റ് എം രാധാകൃഷ്ണനെ പ്രതിചേര്‍ത്ത് വഞ്ചിയൂര്‍ ജെഎഫ്എംസി - 3 കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതി ശരിവെക്കുന്ന തരത്തില്‍ സംഭവമുണ്ടായെന്ന് വ്യക്തമായതോടെയാണ് പൊലീസിന്റെ നടപടി. പരാതിക്കാരി രാധാകൃഷ്ണനെതിരെ കോടതിയില്‍ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്.

നെറ്റ് വര്‍ക്ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ കേരളയുടെ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം:

അഞ്ച് വര്‍ഷം മുന്‍പ് മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാര ആക്രമണം നടത്തിയ തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ വീണ്ടും അതീവഗുരുതരമായ പരാതി വന്നിരിക്കുകയാണ്.

രാധാകൃഷ്ണന്‍ നടുറോഡില്‍ വെച്ച് ഒരു സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും മോശമായി ആംഗ്യം കാണിച്ചശേഷം അവര്‍ പ്രതികരിച്ചപ്പോള്‍ അവിടെനിന്ന് രക്ഷപ്പെട്ടെന്നുമാണ് കന്റോണ്‍മെന്റ് പോലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐപിസി 354 എ വകുപ്പ് ചുമത്തി പ്രതി ചേര്‍ത്താണ് പോലീസ് റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്.

2019 ല്‍ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് സദാചാര ആക്രമണം നടത്തിയ കേസില്‍ കോടതി വിചാരണ നേരിടുന്ന ആളാണ് രാധാകൃഷ്ണന്‍. വനിതാ മാധ്യമപ്രവര്‍ത്തകരുടെ നിരന്തര സമരത്തെത്തുടര്‍ന്ന് ഇയാളെ കുറച്ച് കാലത്തേക്ക് പ്രസ് ക്ലബ്ബില്‍നിന്ന് പുറത്താക്കിയെങ്കിലും തിരുവനന്തപുരത്തെ ചില മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയോടെ അയാള്‍ പ്രസിഡന്റായി തുടരുകയാണ്.

ഇതില്‍ പ്രതിഷേധിച്ച് വലിയൊരു വിഭാഗം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രസ് ക്ലബ് വിട്ടിട്ട് കാലങ്ങളായി. എൻഡബ്ല്യുഎംഐ നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഒരു വലിയവിഭാഗം പുരുഷ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ പ്രസ് ക്ലബ് പ്രസിഡന്റായി തുടരുന്നുവെന്ന് മാത്രമല്ല അയാളുടെ ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് അതൊരു പ്രോത്സാഹനവുമായി മാറുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നു.

2019 ലെ കേസിനെത്തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന മാധ്യമസ്ഥാപനമായ കേരള കൗമുദി രാധാകൃഷ്ണനെ പുറത്താക്കിയിരുന്നു. എന്നിട്ടും മാധ്യമപ്രവര്‍ത്തകന്റെ വ്യാജമേലങ്കിയണിഞ്ഞ് പ്രസ് ക്ലബ് നേതൃസ്ഥാനത്തിരുന്ന് ഗുരുതര കുറ്റകൃത്യങ്ങള്‍ തുടരുകയാണ് രാധാകൃഷ്ണന്‍.

ഇത്ര കാലം കഴിഞ്ഞും പ്രസ് ക്ലബും തിരുവനന്തപുരത്തെ വലിയൊരു മാധ്യമ സമൂഹവും ഇത്രയും ഗുരുതര കുറ്റകൃത്യം ചെയ്തയാളെ സംരക്ഷിക്കുകയും പ്രസ് ക്ലബ് പ്രസിഡന്റ് സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്യുന്നത് യാതൊരുവിധത്തിലും പൊറുക്കാനാവുന്നതല്ല. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്ത് രാധാകൃഷ്ണന്‍ ഇനിയും തുടരുന്നത് മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതക്ക് ഭംഗമേല്പിക്കുന്ന കാര്യമാണ്.

കേസിലെ നടപടി പോലീസ് വേഗത്തിലാക്കണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എൻഡബ്ല്യുഎംഐ ആവശ്യപ്പെടുകയാണ്. ഈ വിഷയത്തില്‍ നീതിനിര്‍വഹണം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഭാഗത്തുനിന്ന് ഇനിയെങ്കിലുമുണ്ടാകണമെന്നും രാധാകൃഷ്ണനെ പുറത്താക്കണമെന്നും എൻഡബ്ല്യുഎംഐ ആവശ്യപ്പെടുകയാണ്. ഇയാള്‍ക്കെതിരെ പരാതി കൊടുക്കാനും നിയമനടപടികളുമായി മുന്നോട്ടുപോകാനും ആര്‍ജ്ജവം കാണിച്ച സ്ത്രീകള്‍ക്ക് എൻഡബ്ല്യുഎംഐയുടെ ഐക്യദാര്‍ഢ്യം.

അതേസമയം, തന്നെ പ്രതിയാക്കിയേ അടങ്ങൂയെന്ന ചില മാധ്യമപ്രവര്‍ത്തകരുടെയും അവര്‍ക്കു വഴങ്ങേണ്ടിവന്ന ചില പോലീസ് ഉദ്യോഗസ്ഥരുടേയും അജന്‍ഡയാണ് തനിക്കെതിരായ കേസെന്ന് എം രാധാകൃഷ്ണന്‍ വിശീദകരണത്തില്‍ പറഞ്ഞു. പരാതിക്കാരിയുടെ 164 സ്റ്റേറ്റ്‌മെന്റ് എടുക്കുകയും അതില്‍ താനാണ് തെറി വിളിച്ചതെന്ന് പറയിപ്പിക്കുകയും തുടർന്ന് പ്രതി ചേര്‍ക്കുകയുമായിരുന്നെന്നാണ് രാധാകൃഷ്ണന്റെ വാദം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും