KERALA

ലൊക്കേഷനിലെ ലൈംഗികാതിക്രമം: ജയസൂര്യയ്‌ക്കെതിരെ ഒരു കേസ് കൂടി, അറസ്റ്റ് ഭയന്ന് നടന്‍ ഉടനെ കേരളത്തിലേക്കില്ല

മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമത്തിലാണ് ജയസൂര്യ. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

വെബ് ഡെസ്ക്

യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്നു തിരുവനന്തപുരം സ്വദേശിയായ നടി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ജയസൂര്യയ്‌ക്കെതിരെ കേസ് എടുത്തത്. കരമന പൊലീസ് സ്റ്റേഷനിലാണു യുവതി പരാതി നല്‍കിയത്. കുറ്റകൃത്യം നടന്നത് തൊടുപുഴയില്‍ ആയതിനാല്‍ പരാതി തൊടുപുഴ പൊലീസിനു കൈമാറി.

സിനിമ മേഖലയിലെ ലൈംഗികപരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. നേരത്തെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തു വച്ചു കടന്നുപിടിച്ചു ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണു ജാമ്യമില്ലാ വകുപ്പും ചുമത്തിയത്.

അതേസമയം, തനിക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തില്‍ അറസ്റ്റ് ഭയന്ന് ന്യൂയോര്‍ക്കിലുള്ള നടന്‍ ഉടനെ കേരളത്തില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ജയസൂര്യയുടെ അടുത്ത സുഹൃത്തുക്കള്‍ ചില മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ അറസ്റ്റിനുള്ള സാധ്യത വളരെ ഏറെയാണെന്ന് അഭിഭാഷകര്‍ ജയസൂര്യയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമത്തിലാണ് ജയസൂര്യ. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി എന്ത് തീരുമാനം എടുക്കുന്നു എന്നത് അനുസരിച്ചായിരിക്കും ജയസൂര്യ നാട്ടിലെത്തുക.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം