KERALA

സിനിമമേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍: തുടരന്വേഷണത്തിന് രൂപംനല്‍കി പ്രത്യേക അന്വേഷണസംഘം

വെബ് ഡെസ്ക്

മലയാള സിനിമ മേഖലയിലെ ലൈംഗികചൂഷണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പരാതികളില്‍ തുടരന്വേഷണത്തിന് രൂപം നല്‍കി. ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പ്രത്യേകസംഘത്തിന് കൈമാറും.

ഇന്ന് പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസര്‍മാരെ കൂടാതെ മറ്റ് മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍മാരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ചലച്ചിത്ര മേഖലയിലെ നിരവധി സ്ത്രീകളാണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്. ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും ആദ്യഘട്ടത്തില്‍ കേസെടുക്കാനോ അന്വേഷിക്കാനോ ഉള്ള നീക്കങ്ങളൊന്നും സര്‍ക്കാരിന്‌റെഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ അവസാനം സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.

സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വിഷയത്തെ സംബന്ധിച്ച് നേരത്തെ പോലീസ് നിയമോപദേശം തേടിയിരുന്നു. അങ്ങനെ ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

ഏഴംഗ സംഘമാണ് അന്വേഷണത്തിനുണ്ടാവുക. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന നാല് വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് സംഘം. ഡിഐജി എസ് അജീത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ് ക്വാട്ടേഴ്സ് എസ് പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പോലീസ് എഐജി ജിപൂങ്കുഴലി, കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ തുടങ്ങിയവരാണ് സംഘത്തിലെ വനിതാ അംഗങ്ങള്‍. ലോ ആന്‍ഡ് ഓര്‍ഡര്‍ എഐജി അജിത്ത് വി, ക്രൈംബ്രാഞ്ച് എസ് പി (തിരുവനന്തപുരം) എസ്. മധുസൂദനന്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണു സംഘത്തിന്റെ മേല്‍നോട്ട ചുമതല.

മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആരോപണം ഉന്നയിച്ച സ്ത്രീകളെ ബന്ധപ്പെട്ട് സംഘം മൊഴികള്‍ ശേഖരിക്കും. ഇവര്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയും പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്താല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്തും.പരാതിയുള്ള മറ്റുള്ളവര്‍ക്കും അന്വേഷണസംഘത്തെ സമീപിക്കാം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും