എഴുത്തുകാരൻ സിവിക്ക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ ജാമ്യാപേക്ഷയിൽ വിവാദ ഉത്തരവുമായി കോഴിക്കോട് സെഷൻസ് കോടതി. ലൈംഗികാർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രഥമികമായി നിലനിൽക്കില്ലെന്നാണ് സിവിക്ക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്.
ജാമ്യാപേക്ഷയ്ക്കൊപ്പം കുറ്റാരോപിതന്‍ നല്‍കിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുവെന്നാണ്. അതുകൊണ്ട് 354 എ പ്രാഥമികമായി കേസില്‍ നിലനില്‍ക്കില്ല' എന്നാണ് കോടതിയുടെ നിരീക്ഷണം.
74 വയസുളള ശാരീരിക ശേഷിയില്ലാത്ത സിവിക്ക് ചന്ദ്രൻ പരാതിക്കാരിയെ ബലം പ്രയേഗിച്ച് പീഡിപ്പിച്ചു എന്നു പറയുന്നതില്‍ വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354-ാം വകുപ്പ് നിലനില്‍ക്കണമെങ്കില്‍ സ്ത്രീയുടെ മാനം നശിപ്പിക്കാനുളള ബോധ പൂര്‍വമായ ശ്രമം നടത്തണം. 354 -ാം വകുപ്പ് ലൈംഗിക പീഡനത്തെക്കുറിച്ചും അതിനുള്ള ശിക്ഷയെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. ഈ വകുപ്പ് പ്രയോഗിക്കണമെങ്കില്‍ ശാരീരികമായി സ്പര്‍ശം ഉണ്ടാവുകയും ലൈംഗികാവശ്യത്തിനായുള്ള ചേഷ്ടകള്‍ നടത്തുകയും ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുകയും ചെയ്യണം. കോടതി പറഞ്ഞു. 2020 കോഴിക്കോട് ജില്ലയിലെ നന്ദിയില്‍ നടന്ന ക്യാമ്പിനിടെ കുറ്റാരോപിതന്‍ പരാതിക്കാരിയെ ലൈംഗികമായി കീഴ്‌പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. കൊയിലാണ്ടി പോലീസ് 354 അ(2), 341, 354 എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
എസ്.സി-എസ്.ടി ആക്ട് പ്രകാരം പ്രതിക്കെതിരേയുള്ള കുറ്റം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.മറ്റൊരു യുവ എഴുത്തുകാരിയും സിവിക് ചന്ദ്രനെതിരെ ലൈംഗികപീഡന ആരോപണവുമായി രംഗത്ത് വന്നിരുന്നു.
അതേ സമയം പ്രതിയോടുളള മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ശത്രുക്കളില്‍ ചിലര്‍ കേസ് കെട്ടിചമച്ചതാണെന്നും സംഭവം നടന്ന ആറുമാസത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ചെയ്യപ്പെടുന്നതെന്നുമാണ പ്രതിഭാഗം വാദിച്ചു. എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ കാലതാമസമുണ്ടാകുമ്പോള്‍, കാലതാമസത്തിന്റെ കാരണം കൃത്യമായി വിശദീകരിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ സമാനമായ ലൈംഗിക പീഡനക്കേസ് മുമ്പ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു.2020ല്‍ കോഴിക്കോട് സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും സിവിക് ചന്ദ്രനെതിരെ കേസുണ്ടായിരുന്നു.കൊയിലാണ്ടി പോലീസാണ് കേസെടുത്തത്.