കായംകുളം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നടപടിയുമായി എഫ്എഫ്ഐ. കുറ്റാരോപിതനായ നിഖില്‍ തോമസിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. വിവാദമുയർന്നപ്പോൾ നിഖിലിനെ സംരക്ഷിക്കുന്ന നിലപാട് എടുത്ത എസ്എഫ്ഐ ഒടുവിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതെന്ന് സമ്മതിക്കുകയാണ് പുറത്താക്കൽ നടപടിയിലൂടെ.
എസ്എഫ്ഐ പ്രവർത്തകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണ് നിഖിലിന്റെതെന്ന് വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. വിവാദങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ മുഴുവന്‍ ചുമതലകളില്‍ നിന്നും നിഖിലിനെ മാറ്റി നിര്‍ത്തിയിരുന്നവെന്നും എസ്എഫ്‌ഐ വിശദീകരിച്ചു. വിവാദത്തിന്‌റെ പശ്ചാത്തലത്തില്‍ വിശദീകരണം തേടിയപ്പോള്‍ നിഖില്‍ സംഘടനയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് നിഖില്‍ ചെയ്തത്. മാഫിയ സംഘങ്ങളുടെ സഹായത്തോടെ നിഖില്‍ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്ന മാഫിയാസംഘത്തിന്‌റെ ഭാഗമായി നിഖില്‍ മാറിയെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു.
കായകുളം എംഎസ്എം കോളേജിലെ എംകോം പ്രവേശനത്തിനായി നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ഉയര്‍ന്ന പരാതി. ഇതേ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന നിഖില്‍, കലിംഗ സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് പ്രവേശനത്തിനായി ഹാജരാക്കിയത്. സംഘടനാതലത്തില്‍ നിന്ന് തന്നെ ഉയര്‍ന്ന ആക്ഷേപത്തില്‍ നിഖിലില്‍ നിന്ന് എസ്എഫ്‌ഐ നേതൃത്വം വിശദീകരണം തേടിയിരുന്നു. ഇതിന്‌റെ അടിസ്ഥാനത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റല്ല നിഖില്‍ ഹാജരാക്കിയതെന്ന നിലപാടാണ് എസ്എഫ്ഐ എടുത്തത്. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊ ഇക്കാര്യം മാധ്യമങ്ങളിൽ വിശദീകരിക്കുകയും ചെയ്തു.
കലിംഗ സര്‍വകലാശാലയില്‍ നിഖില്‍ തോമസ് എന്ന പേരില്‍ ഒരു വിദ്യാര്‍ഥി പഠിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ എസ്എഫ്‌ഐ പരുങ്ങലിലായി. വ്യാജസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നാണ് പ്രാഥമികമായി വ്യക്തമാകുന്നതെന്ന് കേരള സര്‍വകലാശാലയും നിലപാടെടുത്തു. ഇതോടെ നിഖിലിനെതിരെ കേളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് നിഖിലിന് പ്രവേശനം നല്‍കിയതെന്ന് കോളേജ് മാനേജ്‌മെന്‌റ് വ്യക്തമാക്കിയതോടെ സിപിഎമ്മും പ്രതിരോധത്തിലായി. കര്‍ശന നടപടി സ്വീകരിക്കണമെന്നമെന്ന് സിപിഎം നേതൃത്വം കൂടി ആവശ്യപ്പെട്ടതോടെ നിഖിലിനെ പുറത്താക്കുകയല്ലാതെ എസ്എഫ്‌ഐയ്ക്ക് വേറെ വഴിയില്ലാതായി. എസ്എഫ്‌ഐ കായകുളം ഏരിയ സെക്രട്ടറി ആയിരുന്നു വിവാദമുയരുമ്പോള്‍ നിഖില്‍ തോമസ്.