KERALA

ഗവർണർ കാലിക്കറ്റ് സർവകലാശാലയില്‍; പുറത്ത് എസ്എഫ്ഐ പ്രതിഷേധം, ലാത്തി ചാർജ്

വെബ് ഡെസ്ക്

എസ്എഫ്ഐയുടെ കടുത്ത പ്രതിഷേധത്തിനിടെ പോലീസ് സുരക്ഷയില്‍ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് സർവകലാശാലയില്‍ പ്രവേശിച്ചു. സർവകലാശാലയുടെ പരിസര പ്രദേശത്ത് കനത്ത പോലീസ് സന്നാഹമാണ് നിലവില്‍. ഗവർണറെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധി എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. സർവകലാശാലയുടെ പുറത്തെ റോഡില്‍ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ചില ശബ്ദങ്ങള്‍ മാത്രമാണ് കേട്ടതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. "എന്റെ കാറിന് സമീപം ആരെത്തിയാലും ഞാന്‍ പുറത്തിറങ്ങും. ആക്രമിക്കണമെങ്കില്‍ എന്നെയാകാം. കാർ ആക്രമിക്കാന്‍ അനുവദിക്കില്ല. അത് സർക്കാരിന്റെ സ്വത്താണ്. ഇവരെല്ലാം ക്രിമിനലുകളാണ്, മുഖ്യമന്ത്രിയാണ് ഇവരുടെ പിന്നില്‍. നിർണായ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്," ഗവർണർ പറഞ്ഞു.

രാത്രി ഏഴ് മണിയോടെയാണ് ഗവർണർ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. 7.20ഓടെ ഗവർണർ സർവകലാശാലയിലെ ഗസ്റ്റ് ഹൗസിലെത്തി. കരിപ്പൂർ മുതല്‍ സർവകലാശാല വരെയുള്ള 10 കിലോ മീറ്റർ ദൂരത്തില്‍ കനത്ത സുരക്ഷയായിരുന്നു പോലീസ് ഒരുക്കിയിരുന്നത്.

നേരത്തെ കാലിക്കറ്റ് സര്‍വകലാശാലയിലേക്കുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ബലപ്രയോഗത്തിലൂടെയാണ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയായിരുന്നു പോലീസ് നടപടി.

വൈകിട്ട് നാല് മണിയോടെ ആയിരുന്നു കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രതിഷേധം ആരംഭിച്ചത്. ക്യാമ്പസിന് അകത്ത് നിന്നും ഗേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നാലെയായിരുന്നു പോലീസ് നടപടി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തെരുവുഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴ്ന്നു എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരേയുള്ള എസ് എഫ് ഐയുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കുമെന്നും ആര്‍ഷോ പ്രതികരിച്ചു. ഗവർണർക്കെതിരെ ഒരുകാരണവശാലും കാമ്പസിനുള്ളിൽ പ്രവേശിപ്പിക്കില്ലെന്ന് ആഹ്വാനം ചെയ്തായിരുന്നു പ്രതിഷേധം. ഗവർണർക്കെതിരെ കരിങ്കൊടിയും ഗോബാക്ക് വിളികളുമായാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍പോലീസ് സന്നാഹമാണ് ക്യാമ്പസിന് അകത്തും പുറത്തും ഒരുക്കിയിരിയ്ക്കുന്നത്.

സര്‍വകലാശാളകളെ കാവിവത്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐ ആരിഫ് മുഹമ്മദ് ഖാന് എതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിട്ടത്. ഇതിന് പിന്നാലെ ആണ് സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ഗവര്‍ണറെ തടയുമെന്ന് എസ്എഫ്‌ഐയും നിലപാട് എടുത്തിരുന്നു. പിന്നാലെ ക്യാമ്പസില്‍ "ഗവര്‍ണര്‍ ഗോബാക്ക്" എന്നുള്‍പ്പെടെയുള്ള ബാനറുയര്‍ത്തിയിരുന്നു.

കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളിക്ക് പിന്നാലെ മൂന്നു ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ താമസിക്കാനായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്നും കേരളത്തിലെ ഒരു ക്യാമ്പസിലും കയറാന്‍ അനുവദിക്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു .

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം