സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള വീണ വിജയന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരിക്കുകയാണ്. എസ്എഫ്ഐഒ അന്വേഷണം തടയില്ലെന്ന് കോടതി വ്യക്തമാക്കി. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നുവെന്ന ആരോപണത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം. കേസ് എങ്ങനെ കർണാടക ഹൈക്കോടതിയിലെത്തി, എക്സാലോജിക്കിന് വാദങ്ങൾ എന്ത്, എസ്എഫ്ഐ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കാം.
നിയമ നടപടി കര്‍ണാടകയിലെത്തിയതെങ്ങനെ?
ഐ ടി കമ്പനിയായി രജിസ്റ്റര്‍ ചെയ്ത വീണ വിജയന്റെ ഉടമസ്ഥതയിലുളള എക്‌സാലോജിക്ക് സൊലൂഷന്‍സിന്റെ ആസ്ഥാനം ബെംഗളൂരുവിലായതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി നടത്തുന്ന അന്വേഷണം തടയണമെന്ന ഹര്‍ജിയുമായി കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസി (എസ്എഫ്ഐഒ) നെയും കേന്ദ്ര സര്‍ക്കാരിനെയും എതിര്‍കക്ഷികളായി ചേര്‍ത്തായിരുന്നു എക്‌സാലോജിക്ക് ഹര്‍ജി സമര്‍പ്പിച്ചത്.
എക്‌സാലോജിക്കിന്റെ വാദം
എസ്എഫ്ഐഒ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു എക്സാലോജിക്ക് സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ വാദം. കമ്പനി നിയമപ്രകാരം എക്‌സാലോജിക്കിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. അതേസമയത്ത് തന്നെയുള്ള എസ്എഫ്ഐഒ അന്വേഷണം നിയമവിരുദ്ധമാണ്. എസ്എഫ്ഐഒ അന്വേഷണത്തിന് മുന്‍പ് തന്നെ രജിസ്ട്രാറുടെ അന്വേഷണം ആരംഭിച്ചിരുന്നതായും എക്സാലോജികിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദത്താര്‍ വാദിച്ചു.
എസ്എഫ്‌ഐഒ നടത്തിവരുന്ന അന്വേഷണത്തിനാധാരമായ വിവരങ്ങള്‍ കമ്പനിക്ക് ലഭ്യമാക്കണമെന്നും ഏജന്‍സിയുടെ തുടര്‍നടപടികള്‍ക്കെല്ലാം ഇടക്കാല സ്റ്റേ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലൂടെ കമ്പനി കോടതിയോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ എസ് എഫ് ഐ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ എക്‌സലോജിക്കിനോട് നിര്‍ദേശിക്കുകയായിരുന്നു ജസ്റ്റിസ് എം നാഗപ്രസന്ന. ഈ ഹര്‍ജി തീര്‍പ്പാകും വരെ കമ്പനി മേധാവിയായ വീണയെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ പോലുള്ള കടുത്ത നടപടികള്‍ പാടില്ലെന്നും കോടതി നിര്‍ദേശമുണ്ടായി.
എസ്എഫ്‌ഐഒ പരിശോധിക്കുന്നതെന്ത്
കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുടൈല്‍ ലിമിറ്റഡുമായി (സിഎംആര്‍എല്‍) വീണ വിജയന്റെ ഉടമസ്ഥതയിലുളള എക്‌സാലോജിക്കും നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് എസ്എഫ്‌ഐഒയുടെ അന്വേഷണം. വീണയുടെ കമ്പനിക്ക് സിഎംആര്‍എല്‍ 1.72 കോടി രൂപയുടെ കണക്കില്‍ പെടാത്ത പണം നല്‍കിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചായിരുന്നു എസ് എഫ് ഐ ഓ യുടെ രംഗ പ്രവേശം.
കമ്പനി നിയമത്തിലെ 210-ാം വകുപ്പ്
കമ്പനി നിയമം അനുസരിച്ച് ഒരു സ്ഥാപനത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് അന്വേഷണം പ്രഖ്യാപിക്കുന്നതിന് അധികാരം നല്‍കുന്നതാണ് കമ്പനി നിയമത്തിലെ 210-ാം വകുപ്പ്.
208-ാം വകുപ്പ് പ്രകാരം രജിസ്ട്രാറുടെയോ ഇന്‍സ്പെക്ടറുടെയോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന് അന്വേഷണം പ്രഖ്യാപിക്കാം. ഇതിന് പുറമെ കമ്പനിയുടെ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് കമ്പനി പാസാക്കിയ ഒരു പ്രത്യേക പ്രമേയം ആവശ്യപ്പെടുന്ന സാഹചര്യത്തിലും പൊതുതാല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിനും അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്.
ഒരു സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് ഒരു കോടതിയോ ട്രിബ്യൂണലോ അതിന്റെ മുമ്പാകെയുള്ള ഏതെങ്കിലും നടപടികളില്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍, കേന്ദ്ര സര്‍ക്കാര്‍ ആ കമ്പനിയുടെ കാര്യങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിടും.
ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്കായി കേന്ദ്ര സർക്കാരിന് ഒന്നോ അതിലധികമോ വ്യക്തികളെ ഇന്‍സ്‌പെക്ടര്‍മാരായി നിയമിക്കാനും 210-ാം വകുപ്പ് അധികാരം നല്‍കുന്നു.
എസ് ഐ എഫ് ഒ അന്വേഷണം
കമ്പനി നിയമം 210-ാം വകുപ്പിലെ വ്യവസ്ഥകള്‍ക്കപ്പുറം ഒരു കമ്പനിയുമായി ബന്ധപ്പെട്ട് ഗുരുതരമായ തട്ടിപ്പ് അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായപ്പെടുന്ന സാഹചര്യത്തിലാണ് ഇതേ നിയമത്തിലെ 212-ാം വകുപ്പ് പ്രകാരമുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണം ആരംഭിക്കുന്നത്.
കമ്പനി നിയമം വകുപ്പ് 208 പ്രകാരമുള്ള രജിസ്ട്രാറുടെ നിര്‍ദേശം ഉള്‍പ്പടെ 210-ാം വകുപ്പ് പ്രകാരമുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് അന്വേഷണം പ്രഖ്യാപിക്കാനാകും. ഈ വകുപ്പ് പ്രകാരം കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയെ ജാമ്യത്തിലോ സ്വന്തം ബോണ്ടിലോ വിട്ടയക്കുന്നതല്ല.
എസ്എഫ്‌ഐഒയ്ക്ക് കേന്ദ്ര സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.