പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‌റെ കൊലപാതകത്തിന് പിന്നില്‍ എട്ടംഗസംഘമെന്ന് എഫ്‌ഐആര്‍. അനീഷ്, ശബരീഷ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. കൃത്യം നടത്തിയവരെയെല്ലാം തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൊലപാതകത്തിന് പിന്നില്‍ മുൻ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന ദൃക്‌സാക്ഷി മൊഴിയും പുറത്തു വന്നു. പാര്‍ട്ടി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ദൃക്‌സാക്ഷിയായ സുരേഷിന്‌റെ മൊഴി. ഷാജഹാനെ ആദ്യം വെട്ടിയത് ശബരീഷാണെന്നും പിന്നാലെ അനീഷ് ആക്രമിച്ചെന്നും സുരേഷ് പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങള്‍ക്കിടെ ഇന്നലെ രാത്രി 9.15 ഓടെയാണ് ബൈക്കിലെത്തിയ സംഘം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മാരകമായി വെട്ടേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
അതേസമയം, കൊലയ്ക്കു പിന്നിൽ ആർഎസ്എസാണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നതായും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. കൊലപാതകത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും പ്രതിഷേധം രേഖപ്പെടുത്തി. കൊലപാതകം ആസൂത്രിതമാണെന്നും കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കമാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.