പാറശാല ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശുചിമുറിയിലേക്ക് പോയ ഗ്രീഷ്മ അവിടെ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ആത്മഹത്യാശ്രമം തിരിച്ചറിഞ്ഞ ഉടനെ ഗ്രീഷ്മയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഗ്രീഷ്മയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയില്‍ രേഖപ്പെടുത്തും.
തിരുവനന്തപുരം റൂറല്‍ എസ് പി ഓഫിസിലായിരുന്ന ഗ്രീഷ്മയെ ഇന്ന് പുലര്‍ച്ചയോടെയാണ് നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. പുലര്‍ച്ചെ ഏഴ് മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. അകത്ത് കയറിയ ശേഷം ഗ്രീഷ്മ ലൈസോള്‍ കുടിക്കുകയുമായിരുന്നു. ഗ്രീഷ്മയ്ക്ക് സുരക്ഷ ഒരുക്കിയതില്‍ പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയാണുണ്ടായത്. കൃത്യവിലോപം നടത്തിയ രണ്ട് വനിതാ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ് പി ഡി. ശില്‍പ അറിയിച്ചു.
കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമത്തിന് കാരണം. രണ്ട് വനിതാ പോലീസുകാരെ ഗ്രീഷ്മയുടെ കാവലിനായി നിയോഗിച്ചിരുന്നു. ഇത്തരം കേസുകളില്‍ കുറ്റവാളികളെ ശുചിമുറിയില്‍ കൊണ്ടുപോകുമ്പോള്‍ ശുചിമുറിക്ക് അകത്തും കാവല്‍ വേണമെന്ന് ചട്ടമുണ്ട്. എന്നാല്‍ ഗ്രീഷ്മയുടെ കാവലിനായി നിയോഗിച്ച പോലീസുകാര്‍ ശുചിമുറിക്ക് പുറത്താണ് നിന്നിരുന്നത്. ഗ്രീഷ്മയ്ക്കായി നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പ്രത്യേകം ശുചിമുറിയും സജ്ജീകരിച്ചിരുന്നു. എന്നാല്‍ സ്റ്റേഷന് പുറത്തെ ബാത്ത്റൂമിലാണ് പോലീസുകാര്‍ ഗ്രീഷ്മയെ കൊണ്ടുപോയത്.