KERALA

ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണയുമായി കെപിസിസി; തരൂർ പക്ഷത്തിന് എതിർപ്പ്, യുവനിരയില്‍ പ്രതീക്ഷ

വെബ് ഡെസ്ക്

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ നല്‍കുന്ന കെപിസിസി നിലപാടില്‍ തരൂര്‍ പക്ഷത്തിന് കടുത്ത അതൃപ്തി. ഉത്തരവാദപ്പെട്ട പദവികള്‍ വഹിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തരുതെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കെയായിരുന്നു കേരള നേതാക്കളുടെ പ്രതികരണം. കെ സുധാകരന്റെ പ്രതികരണം കെപിസിസി പ്രസിഡന്റ്എന്ന നിലയിലല്ല. വ്യക്തിപരമാണെന്നാണ് തരൂരിന്റെ മറുപടി. വി ഡി സതീശനും ഖാര്‍ഗെയ്ക്ക് ഒപ്പമാണെന്ന് പരസ്യമായി പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്‍റെ തലമുതിര്‍ന്ന നേതാക്കളിലൊരാളായ എ കെ ആന്‍റണി ഖാര്‍ഗെയുടെ പത്രികയില്‍ ഒപ്പുവെക്കുക കൂടി ചെയ്തതോടെ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കള്‍ ഒന്നടങ്കം തരൂരിനെതിരാണെന്ന് പ്രതീതിയുണ്ടാകുന്ന സാഹചര്യത്തില്‍ കൂടിയാണ് അത് അങ്ങനെയല്ലെന്ന് സ്ഥാപിക്കാനുള്ള തരൂരിന്‍റെ ശ്രമം. മുതിര്‍ന്ന നേതാക്കളില്‍ പ്രതീക്ഷ വെയ്ക്കാതെ കൂടുതല്‍ യുവനിരയെ ഒപ്പം നിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് തരൂര്‍ പക്ഷം. തിരഞ്ഞടുപ്പില്‍ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന പ്രതികരണത്തിലൂടെ നേത്യത്വത്തിനോട് അമർഷമുള്ളവരുടെ വോട്ട് കിട്ടുമെന്ന പ്രതീക്ഷയുമുണ്ട്.

മല്ലികാർജുന്‍ ഖാർഗെ

യുവാക്കളുടെ വലിയ നിര സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ അണിനിരക്കുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ എതിര്‍ത്ത് രംഗത്തെത്തുന്നത് ഹൈക്കമാന്‍ഡില്‍ നിന്നുള്ള രഹസ്യ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന പരാതി തരൂരിനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. അധ്യക്ഷനായാല്‍ നിലവിലെ പാർട്ടി സമവാക്യങ്ങളിൽ മാറ്റങ്ങൾ വരുമെന്ന ഭയംകൊണ്ടാണ് ശശി തരൂരിനെ കേരള നേതാക്കള്‍ എതിര്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍.

ശശി തരൂര്‍ മത്സരിച്ചാല്‍ മനഃസാക്ഷി വോട്ട് ചെയ്യുമെന്ന് ആദ്യ ഘട്ടത്തില്‍ നിലപാട് വ്യക്തമാക്കിയ സുധാകരന്‍ കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പറഞ്ഞതിങ്ങനെയാണ്.

'പരിണതപ്രജ്ഞനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെപോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതം. സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തും ഊര്‍ജവും പകരും. രാജ്യത്തിന് ഭീഷണിയായ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റുന്നതിനും മതേതര ജനാധിപത്യചേരി ശക്തിപ്പെടുത്തുന്നതിനും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും പ്രാപ്തിയും ആര്‍ജവവും ഖാര്‍ഗെയ്ക്ക് ഉണ്ട്' ഇങ്ങനെ നീളുന്നു കെപിസിസി അധ്യക്ഷന്റെ വാക്കുകള്‍.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി

സുധാകരനും സതീശനും മാത്രമല്ല മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഖാര്‍ഗെയ്ക്ക് പരസ്യപിന്തുണയുമായി രംഗത്ത് വന്നിരുന്നു. തരൂരുമായി വ്യക്തിപരമായ നല്ല ബന്ധമുണ്ടെന്ന് പറയുമ്പോഴും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് ചെന്നിത്തലയുടേത്. മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്ക് ഒപ്പം നില്‍ക്കുമ്പോഴും യുവനിരയുടെ പിന്തുണ തരൂരിന് തന്നെയാണ്. കെഎസ് ശബരീനാഥന്‍ തരൂരിന്‍റെ പത്രികയില്‍ ഒപ്പിട്ടു, ഹൈബി ഈഡന്‍ എംപിയും തരൂരിനൊപ്പമാണ്. യൂത്ത് കോണ്‍ഗ്രസിന്‍റേയും കെഎസ്‍യുവിന്‍റെയും സംസ്ഥാന നിരയിലുള്ള മറ്റ് നേതാക്കളും തരൂരിന് ഒപ്പമാണെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ച് കഴിഞ്ഞു.

ഇതിനപ്പുറം പ്രതീക്ഷിച്ചാണ് തരൂർ മത്സരിക്കാന്‍ ഇറങ്ങിയത്. ആര് തളർത്തിയാലും ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകും

"ഇതിനപ്പുറം പ്രതീക്ഷിച്ചാണ് തരൂർ മത്സരിക്കാന്‍ ഇറങ്ങിയത്. ആര് തളർത്തിയാലും ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകും". തരൂർ ക്യാമ്പിലെ ഒരു നേതാവ് 'ദ ഫോർത്തി'നോട് പ്രതികരിച്ചു. മത്സരം ഉള്‍പാര്‍ട്ടി ജനാധിപത്യ ലക്ഷണമായി കാണണമെന്ന് നേതാക്കള്‍ പറയുമ്പോഴും ഏകപക്ഷീയമായി വിലക്കുകള്‍ മറികടന്ന് മുതിർന്ന നേതാക്കളടക്കം രംഗത്ത് വരുന്നത് ജനാധിപത്യത്തിന്‍റെ സൂചനയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ അധികാര ഘടന അനുസരിച്ച് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തോല്‍പിക്കാന്‍ തരൂരിന് കഴിയുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് തരൂർ കെപിസിസി ആസ്ഥാനത്ത് സന്ദർശിക്കാന്‍ എത്തിയത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും