ഉത്തരകന്നഡയിൽ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഒമ്പതാം ദിനവും തുടരും. ആധുനിക യന്ത്രം ഉപയോഗിച്ച് ഗംഗാവലി നദിയിലാണ് തിരച്ചിൽ തുടരുന്നത്. റിട്ട. മേജർ. ജനറൽ ഇന്ദ്രബാലിന്റെ നേതൃത്വത്തിൽ ആണ് ഇന്ന് പരിശോധന.
മുന്നറിയിപ്പിനെ തുടർന്ന് ബോറിങ് യന്ത്രത്തിന് പകരം ബൂം യന്ത്രം കൊണ്ടുവന്നാണ് പരിശോധന നടത്തുക. വലിയ യന്ത്രം കൊണ്ടുവന്ന് പരിശോധന നടത്തിയാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് ഇത്.
പുഴയിലെ അടിയൊഴുക്ക് തിരച്ചിലിന് പ്രതികൂലമായ സാഹചര്യത്തിലാണ് ഇന്നലെ പരിശോധന നിർത്തിവെച്ചത്. നാവികസേനയായിരുന്നു പുഴയിലെ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പുഴയ്ക്ക് മറുവശത്ത് താമസിച്ചുവന്നിരുന്ന സന്നു ഹനുമന്ത ഗൗഡ എന്ന സ്ത്രീയുടെ മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. അപകടം ഉണ്ടായ സ്ഥലത്തിന് പത്ത് കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെടുത്തത്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അർജുന്റെ ലോറിക്ക് ഒപ്പം അപകടത്തിൽപ്പെട്ട ശരവണൻ, അപകട സ്ഥലത്ത് ഉണ്ടായിരുന്ന കടയുടമ ലക്ഷമൺ നായിക് എന്നയാളുടെ ബന്ധു ജഗനാഥിനെയും ഇനി കണ്ടെത്താനുണ്ട്.
അതേസമയം അർജുന് വേണ്ടി നല്ല രീതിയിൽ തിരച്ചിൽ നടക്കുന്നുണ്ടെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. തിരച്ചിലിൽ തൃപ്തരാണെന്നും അർജുനെ തിരികെ കിട്ടുന്നതുവരെ തിരച്ചിൽ നടത്തണമെന്നും അഞ്ജു ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്ന് തിരച്ചിലിന് പോയ സന്നദ്ധപ്രവർത്തകർക്ക് നന്ദി പറഞ്ഞ അഞ്ജു രക്ഷാപ്രവർത്തനം ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു.
അതേസമയം സോണാർ പരിശോധനയിൽ പുതിയ സിഗ്നലുകൾ ലഭിച്ചതായിട്ടാണ് വിവരം.
പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.