ദക്ഷിണ കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ എഴാം ദിവസവും വിഫലം. അര്‍ജുന്റെ ലോറി കരയിലില്ലെന്ന് തിരച്ചിലിന് നേതൃത്വം നല്‍കിയ സൈന്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ദൗത്യത്തിനെത്തിയ കരസേന സംഘം തിരച്ചില്‍ പൂര്‍ത്തിയാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. കരയിലെ തങ്ങളുടെ ദൗത്യം പൂര്‍ത്തിയായെന്ന് സൈന്യം ഔദ്യോഗികമായി തന്നെ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.
അതേസമയം, ലോറിയ്ക്കായുള്ള തിരച്ചില്‍ ഗംഗാ വാലി പുഴ കേന്ദ്രീകരിച്ച് പുരോഗമിക്കും. നദീ തീരത്തുനിന്ന് ലഭിച്ച ജിപിഎസ് സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരച്ചിന് സഹായകരമായ ഉപഗ്രഹ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ കൈമാറി. മണ്ണിടിച്ചിലുണ്ടായ ദിവസം രാവിലെ ആറ് മണിക്കുള്ള ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ ജില്ലാ ഭരണകൂടത്തിന് കൈമാറിയത് എന്നാണ് വിവരങ്ങള്‍. നേരത്തെ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അര്‍ജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലംവിട്ട് ലോറി പോയിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. അര്‍ജുന്റെ മൊബൈല്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്താണ് ഇപ്പോള്‍ ലോഹസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
അതിനിടെ, തിരച്ചില്‍ നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. സൈന്യം വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം ലോറി അപകട സ്ഥലത്ത് ഇല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു എന്നും ആരോപിച്ചു. നേരത്തെ, അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാതെ സുപീംകോടതി. കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കാനാണ് നിര്‍ദേശം. വിഷയം ഉടന്‍ പരിഗണിക്കാന്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്നാണ് ജില്ലാകളക്ടര്‍ ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരിക്കുന്നത്. അര്‍ജുന്റെ വാഹനം കരയിലുണ്ടാകാന്‍ 99 ശതമാനവും സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു. പുഴയിലേക്ക് ട്രക്ക് പതിച്ചിരിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഭരണകൂടം പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. മണ്ണിടിച്ചില്‍ ഉണ്ടായ സമയത്ത് വലിയ അളവില്‍ മണ്ണ് പുഴയില്‍ വീണിട്ടുണ്ട്. ഷിരൂരിലെ തിരച്ചിലിനായി കേരളത്തില്‍ നിന്നും കൂടുതല്‍ പേര്‍ അപകട സ്ഥലത്ത് എത്തി. എന്റെ മുക്കം, കര്‍മ ഓമശേരി, പുല്‍പറമ്പ് രക്ഷാസേന എന്നീ സംഘടനകളിലെ 30 അംഗങ്ങളാണ് ഷിരൂരില്‍ എത്തിയിരിക്കുന്നത്.
പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.