ദക്ഷിണ കന്നഡ ജില്ലയില്‍ ഷിരൂരില്‍ പനവേല്‍ - കന്യാകുമാരി ദേശീയ പാതയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ കാണാതായ മലയാളി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ അനിശ്ചിതത്വം. ഗംഗാവലി പുഴയിലും തീരത്തും നടത്തിയ തിരച്ചില്‍ പതിമൂന്ന് ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗതി കാണാത്ത സാചര്യത്തില്‍ തിരച്ചില്‍ താത്കാലികമായി നിര്‍ത്തി.
വെള്ളത്തിനടിയില്‍ കാഴ്ച സാധ്യമാകാത്തതും ഒഴുക്കുമാണ് ദൗത്യത്തിന് തിരിച്ചടിയായി ചൂണ്ടിക്കാട്ടുന്നത്
ഗംഗാവലി പുഴയില്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള ഡൈവിങ് സംഘം നടത്തിവന്ന തിരച്ചിലും ഇന്ന് വൈകീട്ടോടെ അവസാനിപ്പിച്ചിരുന്നു. വെള്ളത്തിനടിയില്‍ കാഴ്ച സാധ്യമാകാത്തതും ഒഴുക്കുമാണ് ദൗത്യത്തിന് തിരിച്ചടിയായി ചൂണ്ടിക്കാട്ടുന്നത്. മുങ്ങിയപ്പോള്‍ പാറക്കല്ലുകളാണ് കിട്ടുന്നതെന്നും അവ ഒഴിവാക്കാതെ അര്‍ജുന്റെ ലോറിക്കടുത്തേക്ക് എത്താന്‍ കഴിയില്ലെന്നുമാണ് സംഘം അറിയിക്കുന്നത്. ഡൈവിങ് സാധ്യമല്ലെന്ന് നേവി ഡൈവിങ് സംഘവും അറിയിച്ചു.
എന്നാല്‍, അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തരുതെന്നാണ് കേരളത്തിലെ ജനപ്രതിനിധികളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. രക്ഷാദൗത്യം അവസാനിപ്പിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഈക്കാര്യം സൂചിപ്പിച്ച് കത്തയച്ചത്. അര്‍ജുനെ കണ്ടെത്തുന്നത് സംബന്ധിച്ച് അനുകൂലമായ ഫലം ലഭിക്കുന്നതുവരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും, ആവശ്യമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഇതുവരെ നടന്നപ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കേരളത്തിന്റെ പ്രത്യേക നന്ദി അറിയിക്കുന്നതായും കത്തില്‍ വ്യക്തമാക്കി.
തിരച്ചില്‍ തുടരുന്ന വിഷയത്തില്‍ കേരള കര്‍ണാടക മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പുതിയ പദ്ധതി തയ്യാറാക്കണമെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് അറിയിച്ചു. ദൗത്യത്തില്‍ നിരാശയുണ്ടെന്നും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പ്ലാന്‍ ബി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. ''കേരളം മുഴുവന്‍ അര്‍ജുനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടെ നില്‍ക്കുന്നത്. ഇപ്പോഴത്തെ കാര്യങ്ങള്‍ ഇരു മുഖ്യമന്ത്രിമാരെയും ധരിപ്പിക്കും. എല്ലാ ദിവസവും മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ പ്രതീക്ഷയുള്ള എന്തെങ്കിലും വിവരം നല്‍കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അര്‍ജുന്റെ ലോറിയ്ക്കായുള്ള തിരച്ചില്‍ ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞതിന് ശേഷം തുടരാനാണ് പദ്ധതി. പുഴയില്‍ ഡ്രജിങ് നടത്തുന്നതിന് കേരളത്തില്‍ നിന്നും ഉപകരണം എത്തിക്കാനും നീക്കം നടത്തുന്നുണ്ട്.