കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീശന്‌റെ പുറകില്‍ താനാണെന്ന ആരോപണം ഉന്നയിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആന്‌റോ അഗസ്റ്റിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഇത് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ റിപ്പോര്‍ട്ടര്‍ടിവിക്കും 24 ന്യൂസ് ചാനലിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
തനിക്കെതിരെ ആന്റോ ഉയര്‍ത്തിയ ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കാനും ശോഭ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. ആന്‌റോ അഗസ്റ്റിന്‌റെ വീട്ടില്‍ താന്‍ എത്തിയതിന്‌റെ ഒരു ഫോട്ടോയെങ്കിലും പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനും ശോഭ ആവശ്യപ്പെട്ടു. എന്നെ എന്തുകൊണ്ട് നിങ്ങള്‍ വിളിക്കുന്നില്ല, പ്രമോട്ട് ചെയ്യുന്നില്ല എന്ന് ചോദിച്ച് ഞാന്‍ ആന്‌റോ അഗസ്റ്റിനെ വിളിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ആ വിളിച്ച നമ്പര്‍, തീയതി, സമയം ഇവ ജനങ്ങളുടെ മുന്നില്‍വയ്ക്കാന്‍ ആന്‌റോ തയ്യാറാകണം. ശോഭ സുരേന്ദ്രന്‍ ഇപ്പോള്‍ ഐടിസി ഗ്രാന്‍ഡ് ചോളയിലൊക്കെയാണ് താമസം. താമസിക്കാനുള്ള ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തുകൊടുത്തിരുന്നത് ആന്‌റോ അഗസ്റ്റിന്‍ ആണെന്നാണ് പറഞ്ഞത്. ഏതെങ്കിലും ഒരു മുറി ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഹോട്ടലില്‍ ആന്‌റോ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്‌റെ വിശദാംശങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍വയ്ക്കാന്‍ തയ്യാറകണം.
ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തുതന്നത് അദ്ദേഹമാണെന്നാണ് പറഞ്ഞത്. ഇല്ലാത്ത ബലാല്‍സംഗക്കേസ് ഒരു സ്ത്രീയെക്കൊണ്ട് പറയിക്കാന്‍ ആ സ്തീക്ക് പത്ത്‌ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ആ സ്ത്രീയെ കാണാന്‍ ആന്‌റോ പോയതിന് സാക്ഷിയാണ് താന്‍.
കഴിഞ്ഞ ദിവസം ആന്‌റോയുടെ ചാനലില്‍ വാഴ്ത്തിപ്പാടിയ സതീഷ്‌കൃഷ്ണ സെയില്‍എംഎല്‍എ ജയിലിലാണ്. അങ്ങനെ ജയിലില്‍ക്കിടക്കുന്നവരെ വാഴ്ത്തിപ്പാടുകയും തന്നെ വേട്ടയാടാന്‍ വേണ്ടിയും തന്‌റെ പാര്‍ട്ടിയിലെ പ്രവര്‍ത്തകരെക്കൊണ്ട് തന്നെ വെറുപ്പിക്കാന്‍ സതീശന്‍ എന്ന ഒരു കരുവിനെ ആദ്യം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം ഇറക്കുകയും അതില്‍ ആന്‌റോ ഉള്‍പ്പെടെ ഗൂഢാലോചന നടത്തുകയും ചെയ്തതായും ശോഭ പറഞ്ഞു. തിരൂര്‍ സതീശനും ആന്‍റോ ആഗസ്റ്റിനുമെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
മാംഗോ ഫോണിന്‍റെ പേരില്‍ ആന്‍റോ അഗസ്റ്റിന്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. സച്ചിനെയും അമിതാഭ് ബച്ചനെയും അവരറിയാതെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി. വയനാട് പുനരധിവാസത്തിന്‍റെ മറവില്‍ ആന്‍റോ അഗസ്റ്റിന്‍ വന്‍ തട്ടിപ്പ് നടത്തിയെന്നും ശോഭ ആരോപിച്ചു.