മലയാള സിനിമ രംഗത്ത് പലപ്പോഴും നടക്കുന്നത് തൊഴിലിനുപകരം ശരീരം എന്ന നിലയിലുള്ള മോശം പ്രവണതകളെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിയമ വ്യവസ്ഥ അനുസരിച്ച് നടപടി നേരിടേണ്ട തരത്തില്‍ ലൈംഗിക ചൂഷണങ്ങളുടെ തെളിവുകള്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് അടിവരയിയുന്നു.
സിനിമ മേഖലയില്‍ സത്രീകള്‍ വളരെ മോശം അവസ്ഥയാണെന്ന് തെളിയിക്കുന്നതിനായി താമസസ്ഥലത്ത് നേരിടുന്ന ഭീഷണികളെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. താമസ സ്ഥലത്ത് സ്ത്രീകള്‍ നിരന്തരം ശല്യം ചെയ്യപ്പെടുന്നു. മുറികളുടെ വാതിലില്‍ മുട്ടുന്നത് പതിവാണ്. ഇത് പലപ്പോഴും ഭീഷണിയും വാതില്‍ തകരുന്ന നിലയിലേക്കും എത്തുന്നു. ബലം പ്രയോഗിച്ച് മുറിയിലേക്ക് കടന്നുകയറുന്ന സാഹചര്യങ്ങളുണ്ട്. നടിമാര്‍ക്കൊപ്പം സെറ്റുകളില്‍ എത്തുന്ന കുടുംബാംഗങ്ങള്‍ പോലും ഭീഷണി നേരിടുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സിനിമയില്‍ അവസരം ലഭിക്കാന്‍ ലൈംഗിക താത്പര്യത്തിന് വഴങ്ങാന്‍ നിര്‍ബന്ധിക്കുന്നു. എതിര്‍ക്കുന്നവർ ധിക്കാരികളായി മുദ്രകുത്തപ്പെടുന്നു. പരാതി പറഞ്ഞാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നത് ചൂഷണത്തിന് ശക്തിപകരുന്നു. അഡ്ജസ്റ്റ് മെന്റ്, ക്രോംപ്രമൈസ് എന്നീ പേരുകളില്‍ കാസ്റ്റിങ് കൗച്ച് നടക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കാസ്റ്റിങ് കൗച്ച് യാഥാർഥ്യം. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി. എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നു. നടന്മാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോൾ ഇങ്ങനെ കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി.
കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങളുണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയേയോ പോലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നു. നടിമാരെ പരസ്യമായി സൈബർ ഇടങ്ങളിൽ അശ്ലീലഭാഷയിൽ ആക്രമിക്കുന്നു. സമൂഹമാധ്യമങ്ങളിൽ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്ത് നടിമാരെ നാണംകെടുത്തുന്നു. സിനിമയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയാൽ വലിയ റിസ്കാണ് നടിമാർക്കും ബന്ധുക്കൾക്കും ഏറ്റെടുക്കേണ്ടിവരുന്നത്.
ഇത്തരത്തിൽ ഉപദ്രവിക്കുന്ന പലരും സ്വാധീവമുള്ളവരാണ്. അതിനാൽ അവരുടെ ചെവിയിൽ കേസിനെ സംബന്ധിച്ച കാര്യങ്ങൾ എത്തുന്നത് നടിമാരെ ഭയപ്പെടുത്തുന്നു. നടിമാർക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളും ഉപദ്രവങ്ങളും കമ്മിഷനെ ഞെട്ടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടിവരുന്ന സാഹചര്യം. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. ആ സാചര്യത്തിൽ സംവിധായകൻ കഠിനമായി വിമർശിച്ചു.