പത്തനംതിട്ടയില്‍ യുവാവിന്‌റെ മരണത്തിന് കാരണമായ മോക്ഡ്രില്‍ അപകടത്തില്‍ വീഴ്ചകള്‍ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കളക്ടറുടെ റിപ്പോര്‍ട്ട്. പത്തനംതിട്ട കളക്ടര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മോക്ഡ്രില്‍ നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടുന്നത്. കളക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
മോക്ഡ്രില്‍ നടത്തിപ്പില്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്ത നിവാരണ അതോറിറ്റിയും അഗ്നിശമന സേനയും തമ്മില്‍ ധാരണയുണ്ടായിരുന്നില്ലെന്നാണ് കുറ്റപ്പെടുത്തല്‍. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക്ഡ്രില്‍ മാറ്റിയതും അപകടത്തിന് കാരണമായി. നാല് കിലോ മീറ്റര്‍ അപ്പുറത്തേക്ക് മോക്ഡ്രില്‍ മാറ്റിയത് ജില്ലാ കളക്ടറെ അറിയിച്ചിരുന്നില്ല. ദുരന്തനിവാരണ അതോറിറ്റിയാണ് സ്ഥലം മാറ്റത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചെളി നിറഞ്ഞ സ്ഥലമാണ് മോക്ഡ്രില്ലിനായി തിരഞ്ഞെടുത്തതെന്നും വിശദീകരിക്കുന്നു.ആസൂത്രണത്തില്‍ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടി സബ് കളക്ടര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രളയ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി താലൂക്ക് തലത്തില്‍ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടെയാണ് വ്യാഴാഴ്ച പത്തനംതിട്ടയില്‍ അപകടമുണ്ടായത്. പത്തനംതിട്ട കല്ലൂപ്പാറ പാലത്തിങ്കല്‍ സ്വദേശി ബിനു സോമനാണ് മുങ്ങി മരിച്ചത്. വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം മോക്ഡ്രില്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം. വെള്ളത്തില്‍ വെച്ചുള്ള രക്ഷാ പ്രവര്‍ത്തനം അനുകരിക്കുന്നതിനിടെ പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകനായ ബിനുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങള്‍ ബിനുവിനെ രക്ഷപ്പെടുത്തി തിരുവല്ല പുഷ്പ്പഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.