സീറോ-മലബാര്‍ സഭയുടെ തലവനെ തിരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എട്ടാം തീയതി ആരംഭിക്കുന്ന സമ്മേളനത്തില്‍ വത്തിക്കാന്‍ തീരുമാനങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് സീറോ മലബാര്‍ മെത്രാന്‍ സമിതി. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞ സീറോ മലബാര്‍സഭ തലവന്‍ സ്ഥാനത്തേക്കാണ് പുതിയ ഒരാളെ കണ്ടെത്തേണ്ടത്. എന്നാല്‍ പല കാര്യങ്ങളിലും ഇപ്പോഴും വ്യക്തത ആയിട്ടില്ല.
സീറോ- മലബാര്‍ സഭയിലെയും എറണാകുളം അങ്കമാലി അതിരൂപതയിലെയും പ്രശ്‌നങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്ത 2023 ലെ സഭാസിനഡ് സഭയുടെ പേരും സഭാ ആസ്ഥാനവും മാറ്റുന്നതിന് തീരുമാനം എടുത്തിരുന്നു. കത്തോലിക്ക സഭയിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാനോന്‍ നീയമം ശീര്‍ഷകം നാലിലെ 57 ആം കാനോന്‍ പ്രകാരം ഇക്കാര്യത്തിന് മാര്‍പാപ്പായുടെ അംഗീകാരം മാത്രമാണ് അവശേഷിക്കുന്നത്. അത് കൂടി ലഭിച്ചാല്‍ നിലവിലെ എറണാകുളം - അങ്കമാലി എന്ന സ്ഥാനം പുതിയ പേരിന് വഴിമാറും.
കാനോന്‍ 57 പ്രകാരം പൗരസ്ത്യസഭകളുടെ തലവന് സഭാതിര്‍ത്തിയിലുള്ള പ്രധാന നഗരത്തില്‍ സ്ഥിരം സിംഹാസന പള്ളിയും വാസസ്ഥാനവും വേണം. നിലവില്‍ സീറോ-മലബാര്‍ സഭയ്ക്ക് ഇന്ത്യ മുഴുവന്‍ അധികാര പരിധിയുണ്ട്. പോര്‍ച്ച്ഗീസ് ഭരണത്തിലേക്ക് കേരളത്തിലെ നസ്രാണിസമൂഹം മാറുന്നതിന് മുന്‍പ് ഇന്ത്യ മുഴുവന്‍ അധികാര പരിധി ഉണ്ടായിരുന്ന കേരത്തിലെ ക്രൈസ്തവരുടെ അതിരൂപത കൊടുങ്ങല്ലൂരായിരുന്നു. പിന്നീട് കൊടുങ്ങല്ലൂര്‍ രൂപത ഗോവന്‍ രൂപതയില്‍ ലയിപ്പിച്ചു. എന്നാല്‍ രൂപത ഇപ്പോഴും വത്തിക്കാന്‍ രേഖകളില്‍ നില നില്‍ക്കുന്നുണ്ട്. ഈ രൂപതയുടെ സവിശേഷ സ്ഥാനം നിലനിര്‍ത്തി വത്തിക്കാന്‍ കൊടുങ്ങല്ലൂര്‍ രൂപതയുടെ ചുമതലയുള്ള ഗോവന്‍ ആര്‍ച്ച്ബിഷപ്പിന് പാത്രിയര്‍ക്കിസിന്റെ സ്ഥാനിക പദവി കൂടി നല്‍കിയിട്ടുണ്ട്.
ലത്തീന്‍ കത്തോലിക്കാ സഭയില്‍ പരമാധികാരമുള്ള ഏക പാത്രിയര്‍ക്കീസ് റോമിന്റെ മെത്രാപോലീത്തയായ മാര്‍പാപ്പായാണ്. എന്നാല്‍ ഇതിന് പുറമെ സ്ഥാനിക പാത്രിയര്‍ക്കല്‍ സ്ഥാനം തുടരുന്നത് ഇറ്റലിയിലെ വെനീസിലും, ഇന്ത്യയിലെ ഗോവയിലുമാണ്. നിലവിലെ സാഹചര്യത്തില്‍ സീറോ മലബാര്‍ സഭയുടെ അസ്ഥാനം എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്ന് മാറ്റും എന്ന കാര്യം ഉറപ്പാണ്. സെന്റ് മേരീസ് കത്തീഡ്രലിന്റെ ബസലിക്ക പദവിയും ഒഴിവാകും. ഇതോടെ പുതിയ സഭാ തലവന്റെ സ്ഥാനാരോഹണത്തിന് പ്രോ കത്തീഡ്രല്‍ പ്രഖ്യാപിക്കേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ഇതെല്ലാം വത്തിക്കാന്‍ പ്രഖ്യാപിക്കണം.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം കത്തോലിക്ക സഭയില്‍ പുതിയ പാത്രിയര്‍ക്കേറ്റുകള്‍ സ്ഥാപിച്ചിട്ടില്ല. നിലവില്‍ ഉക്രേനിയന്‍ സഭയും സീറോ മലബാര്‍ സഭയുമാണ് പുതിയ പാത്രിയര്‍ക്കേറ്റിനായി അവകാശ വാദം ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സീറോ മലബാര്‍ സഭ ഏറെ മുന്നോട്ട് പോവുകയും ചെയ്തു. കാനോന്‍ 61 പ്രകാരം സീറോ മലബാര്‍ സഭയ്ക്ക് വത്തിക്കാനില്‍ ഒരു കാര്യാലയവും ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തെന്ന സഭാ തലവന്റെ സ്ഥിരം പ്രതിനിധിയുമുണ്ട്.
ഈ സാഹചര്യത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനപ്പേര് പാത്രിയര്‍ക്കീസിന് വഴിമാറുമോ എന്ന കാര്യത്തിനായി വത്തിക്കാന്‍ തീരുമാനത്തിലേക്ക് ഉറ്റുനോക്കുകയാണ് സഭ.
എന്നാല്‍ പാത്രിയര്‍ക്കീസിന്റെ രൂപത സ്ഥാനിക രൂപതയോ സ്ഥിരം രൂപതയോ എന്നത് സംബന്ധിച്ചും ആസ്ഥാനം സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. നിലവില്‍ 24 വ്യക്തിസഭകളുടെ കൂട്ടായ്മയായ കത്തോലിക്ക സഭയില്‍ ഏഴ് പൗരസ്ത്യസഭകള്‍ മാത്രമാണ് പാത്രിയര്‍ക്കല്‍ പദവിയിലുള്ളത്. എന്നാല്‍ പാശ്ചാത്യസഭയില്‍ എല്ലാവിധ അവകാശ അധികാരങ്ങളോടും കൂടിയ ഏക പാത്രിയര്‍ക്കിസ് ലത്തീന്‍ കത്തോലിക്ക സഭയുടെ റോമന്‍ മെത്രാപോലിത്തയായ മാര്‍പാപ്പയാണ്. ഇതില്‍ പൗരസ്ത്യസഭകളുടെ പാത്രിയാര്‍ക്കിസുമാര്‍ ആരും നിലവില്‍ പാത്രിയര്‍ക്കല്‍ ആസ്ഥാനത്ത് താമസിക്കുന്നില്ല. പലര്‍ക്കും ആ സ്ഥാനങ്ങളില്‍ രൂപത പോലും അവശേഷിക്കുന്നില്ല. പാശ്ചാത്യ പാത്രിയര്‍ക്കീസായ മാര്‍പാപ്പ മാത്രമാണ് പാത്രിയര്‍ക്കേറ്റില്‍ സ്ഥിര താമസം ഉള്ളത്. അതിനാല്‍ സീറോ മലബാര്‍ സഭയുടെ തലവനും കൊടുങ്ങല്ലൂര്‍ രൂപതയുടെ സ്ഥാനിക ചുമതല കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇരുന്ന് നിര്‍വഹിക്കാന്‍ കഴിയുമെന്നാണ് സഭാ നേതൃത്വം കണക്കാക്കുന്നത്.