KERALA

ക്വട്ടേഷന്‍, കൊലക്കേസ്, സ്വര്‍ണക്കടത്ത്; തില്ലങ്കേരിയിലെ സൈബര്‍ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ വെട്ടിലാക്കുമോ?

ആനന്ദ് കൊട്ടില

ക്വട്ടേഷന്‍, കൊലക്കേസ്, സ്വര്‍ണക്കടത്ത് കണ്ണൂരിലെ സിപിഎമ്മിനെ വെട്ടിലാക്കിയ സൈബര്‍ വെളിപ്പെടുത്തലുകളുടെ അലയൊലികള്‍ അടങ്ങുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ തില്ലങ്കേരിയിലെ സൈബര്‍ പോരാളികള്‍ ആരംഭിച്ച ഏറ്റുമുട്ടലാണ് സംസ്ഥാന തലത്തിലേക്ക് ചര്‍ച്ചയായി ഉയര്‍ന്നത്. കൊലപാതകം, മുതല്‍ കള്ളക്കടത്ത് വരെ ആരോപിച്ചും ഏറ്റുപറഞ്ഞും പരസ്പരം ഏറ്റുമുട്ടിയ സംഘങ്ങളില്‍ ഒരുപക്ഷത്തെ മുന്നില്‍ നിന്ന് നയിച്ചത് ആകാശ് തില്ലങ്കേരി. ഒപ്പം ആകാശിനെപ്പോലെ നേരത്തേ സജീവ സിപിഎം പ്രവര്‍ത്തകരായിരുന്ന, എന്നാല്‍ പിന്നീട് പാര്‍ടി തന്നെ തള്ളിപ്പറഞ്ഞ ഒരുകൂട്ടര്‍. മറുവശത്ത് പാര്‍ട്ടിക്കാരെന്ന് ഉറപ്പിച്ച് പറയാവുന്നവരും.

ടിപി ചന്ദ്രശേഖരന്‍ വധത്തിനു ശേഷം സിപിഎമ്മിനെ ഏറ്റവുമധികം പിന്തുടര്‍ന്ന കേസുകളിലൊന്നായ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ ക്രൂരമായ കൊലപാതകം

സിപിഎമ്മിനെ തന്നെ പ്രതിരോധത്തിലാക്കും വിധമുള്ള ആകാശ് തില്ലങ്കേരിയുടെ കമന്റ് വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ ചര്‍ച്ച സംസ്ഥാന തലത്തിലേക്ക് തിരിയുകയും, രാഷ്ട്രീയ സ്വഭാവം കൈവരിക്കുകയുമായിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധത്തിനു ശേഷം സിപിഎമ്മിനെ ഏറ്റവുമധികം പിന്തുടര്‍ന്ന കേസുകളിലൊന്നായ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടിയുടെ ആസൂത്രണമുണ്ടെന്ന ആരോപണമാണ് ചര്‍ച്ചകളില്‍ നിറഞ്ഞത്.

2018 ഫെബ്രുവരി 12 നായിരുന്നു ഷുഹൈബ് കൊല്ലപ്പെട്ടത്. ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. ഷുഹൈബിന്റെ മൃതദേഹത്തില്‍ 37 മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അടയാളപ്പെടുത്തിയത്. ഈ കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ഇതാണ് ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ ഇടയായതും, പുതിയ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയതും. കേസില്‍ ഉന്നത സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസിന്റെയും ഷുഹൈബിന്റെ കുടുംബത്തിന്റെയും ആരോപണം.

രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നാണ് ആകാശ് തില്ലങ്കേരിയുടെ പുതിയ പോസ്റ്റിലും ആവര്‍ത്തിക്കുന്നത്

വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ ആകാശ് തില്ലങ്കേരിയെ സിപിഎം തള്ളിപ്പറയുന്നുണ്ട്. മാപ്പുസാക്ഷിയാകാനുള്ള ക്രിമിനല്‍ ഗൂഢാലോചന എന്നാണ് സിപിഎമ്മിന്റെ പ്രതിരോധം. ഷുഹൈബ് വധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ തന്നെ നേരിട്ട് വരികയും ചെയ്തു. സൈബര്‍ യുദ്ധമവസാനിപ്പിക്കാന്‍ പ്രവര്‍ത്തകരോടും നേതാക്കളോടും സിപിഎം അന്ത്യശാസനം കൊടുത്തിട്ടുമുണ്ട്. എന്നാല്‍ പാര്‍ട്ടി വീണ്ടും വീണ്ടും ഒറ്റപ്പെടുത്തുമ്പോള്‍ മറുപക്ഷത്തിന്റെ ഇനിയുള്ള നീക്കം എന്തായിരിക്കുമെന്നതും സിപിഎമ്മിന് തലവേദനയാകും.

ഇതിന് പിന്നാലെ, വനിതാ നേതാവിനെ അധിക്ഷേപിച്ച കുറ്റത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ആകാശ് തില്ലങ്കേരി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. അപ്പോഴും പാര്‍ട്ടിയെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും ഇയാള്‍ തുടരുകയാണ്. പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയും കമന്റുകളിലൂടെയും സമൂഹിക മാധ്യമത്തില്‍ ആകാശിന്റെ ഇടപെടല്‍ സജീവമായി തുടരുന്നത്. രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നാണ് ആകാശ് തില്ലങ്കേരിയുടെ പുതിയ പോസ്റ്റിലും ആവര്‍ത്തിക്കുന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും