KERALA

സിദ്ധാര്‍ത്ഥന്റെ മരണം: രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍, പിടിയിലായത് വിദ്യാര്‍ത്ഥികളായ അബി, നസീഫ്

നേരത്തേ, കേസുമായി ബന്ധപ്പെട്ട് 18 പ്രതികള്‍ അറസ്റ്റിലായിരുന്നു

വെബ് ഡെസ്ക്

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി പകസ്റ്റഡിയില്‍. കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി നസീഫ് വി, മൂന്നാംവര്‍ഷം വിദ്യാര്‍ത്ഥി അബി എന്നിവരാണ് പിടിയിലായത്. നേരത്തേ, കേസുമായി ബന്ധപ്പെട്ട് 18 പ്രതികള്‍ അറസ്റ്റിലായിരുന്നു.

മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍, അഖില്‍ കെ, കാശിനാഥന്‍ ആര്‍ എസ്, അമീന്‍ അക്ബര്‍ അലി, അരുണ്‍ കെ, ആസിഫ് ഖാന്‍ എന്‍, അമല്‍ ഇഹ്സാന്‍, അജയ് ജെ, സൗദ് റിസാല്‍ ഇ കെ, അല്‍ത്താഫ് എ, ആദിത്യന്‍ വി, മുഹമ്മദ് ഡാനിഷ് എം, റെഹാന്‍ ബിനോയ്, ആകാശ് എസ് ഡി, അഭിഷേക് എസ്, ശ്രീഹരി ആര്‍ ഡി, ഡോണ്‍സ് സായി, ബില്‍ഗെറ്റ് ജോഷ്വാ എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.

സംഭവുമായി ബന്ധപ്പെട്ട് 18 വിദ്യാര്‍ഥികളെ കോളേജ് സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം 31 വിദ്യാര്‍ഥികള്‍ക്ക് പഠനവിലക്കും കോളേജിലെ ആന്റി റാഗിങ്ങ് കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് വിലക്ക്.

ഇവര്‍ക്ക് ഇനി അംഗീകൃത സ്ഥാപനങ്ങളില്‍ എവിടെയും പഠനം നടത്താനാകില്ല. ഈ വിദ്യാര്‍ത്ഥികളെ കോളജ് ഹോസ്റ്റലില്‍ നിന്നടക്കം പുറത്താക്കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ആന്റി റാഗിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു. ഇതില്‍ നിന്നാണ് 31 പേരെ കുറ്റക്കാരായി കണ്ടെത്തിയത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ കസ്റ്റഡിയിലായവര്‍.

ഫെബ്രുവരി പതിനെട്ടിനായിരുന്നു സിദ്ധാര്‍ത്ഥനെ ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിന് മുന്‍പുള്ള മൂന്ന് ദിവസങ്ങളില്‍ സീനിയര്‍ വിദ്യാര്‍ഥികളും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു. ബെല്‍റ്റും കേബിളും ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് മര്‍ദിച്ചതിന്റെ മുറിവുകള്‍ സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നുണ്ട്.

സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ പ്രഖ്യാപനം വന്നിതനു പിന്നാലെയാണ് കേസിലെ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലാകുന്നത്. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണത്തിനുള്ള സര്‍ക്കാര്‍ തീരുമാനം.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ ദൗര്‍ഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തില്‍ ആഴ്ത്തിയതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സിദ്ധാര്‍ത്ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു.

പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂര്‍വ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാര്‍ത്ഥിന്റെ മാതാവ് ബഹു മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി