21 ദിവസത്തെ സംഭവ ബഹുലമായ നിയമസഭാ സമ്മേളനത്തിന് ഇന്ന് തിരശ്ശീല വീണു. നിരന്തര അടിയന്തര പ്രമേയ നോട്ടീസുകളും പ്രതിപക്ഷ പ്രതിഷേധവും കയ്യാങ്കളിയും ഒക്കെയായി അസാധാരണ കാഴ്ചകൾക്കും സഭാ സമ്മേളനം വേദിയായി. പ്രതിപക്ഷ പ്രതിഷേധങ്ങളെ പരിഹസിച്ച് സഭയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി.
'' മുൻപ് ഞങ്ങളും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല'' - വി ശിവൻകുട്ടി പരിഹസിച്ചു. ഇത് എവിടുത്തെ സമരം ആണെന്നും മന്ത്രി ചോദിച്ചു. ശിവൻകുട്ടിയുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 2015 മാർച്ച് 13ന് നിയമസഭയിൽ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധവും സഭയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളും മന്ത്രി മറന്നോ എന്നാണ് ഉയരുന്ന പരിഹാസ ചോദ്യങ്ങൾ.