മന്നത്ത് പത്മനാഭന് മുൻപിൽ ഇപ്പോഴും തീണ്ടാപ്പലകയുള്ളതായി സംശയമുണ്ടെന്ന് എസ്എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. മന്നം പ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയ ശിവഗിരി മഠത്തിലെ സന്യാസിമാർക്ക് പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് സ്വാമി ശുഭാംഗാനന്ദയുടെ പ്രതികരണം. വൈക്കം സത്യാഗ്രഹത്തിന്റെ മൂല്യം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലൊരു സംഭവമെന്നും സ്വാമി പറഞ്ഞു.
വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് ചുമതലക്കാർ തടഞ്ഞത്. തുടർന്ന് പുഷ്പാർച്ചന നടത്താതെ മടങ്ങുകയായിരുന്നു.
"വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളെയും ആദരിക്കാനാണ് എത്തിയത്. ടി കെ മാധവന്റെയും പെരിയോറിന്റെയും പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് മന്നത്തിന്റെ പ്രതിമയ്ക്ക് മുൻപിലെത്തിയത്. എന്നാൽ മുൻകൂട്ടി അനുവാദം വാങ്ങിയാൽ മാത്രമേ കയറാൻ കഴിയൂയെന്ന് പറഞ്ഞ് അവിടെ നിന്നിരുന്നവർ ഞങ്ങളെ തിരികെ അയക്കുകയായിരുന്നു," സ്വാമി ശുഭാംഗാനന്ദ ദ ഫോർത്തിനോട് പറഞ്ഞു.
''വൈക്കം സത്യഗ്രഹത്തിന്റെ മൂല്യങ്ങൾ റദ്ദ് ചെയ്യപ്പെടുന്ന സംഭവമാണുണ്ടായത്. മന്നത്ത് പത്മനാഭനെപ്പോലെയുള്ള നവോത്ഥാന നേതാക്കളെ ചില വിഭാഗങ്ങളുടെ സ്വകാര്യ സ്വത്തായി കരുതുന്നത് ശരിയല്ല. ശ്രീനാരായണ ഗുരുദേവനെ അങ്ങനെയല്ല ഞങ്ങൾ കരുതുന്നത്. ഇത്തരം സംഭവങ്ങൾ മന്നത്തിനെ അപമാനിക്കുന്നതിന് തുല്യമാണ്'' - സ്വാമി പറഞ്ഞു.