സോളാർ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി ദല്ലാൾ നന്ദകുമാർ. പരാതിക്കാരി എഴുതിയ കത്തുമായി ബന്ധപ്പെട്ട് പിണറായിയോട് സംസാരിച്ചിരുന്നു. അദ്ദേഹം തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ പേരുള്ള കത്ത് പുറത്തുവരാൻ യുഡിഎഫിലെ രണ്ട് ആഭ്യന്തരമന്ത്രിമാർ ആഗ്രഹിച്ചു. കത്ത് സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് വി എസ് അച്യുതാനന്ദനാണെന്നും എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ നന്ദകുമാർ പറഞ്ഞു.
2016 ലെ തിരഞ്ഞെടുപ്പ് സമയത്തോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്തത്. എകെജി സെന്ററിനടുത്തുള്ള ഫ്ലാറ്റിലെ മൂന്നാംനിലയിൽ വച്ചാണ് പിണറായി വിജയനെ കണ്ടത്. എന്നാൽ 2016ൽ മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയനെ കണ്ടിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു.
തന്നെ കാണാൻ വന്ന നന്ദകുമാറിനെ ഇറക്കിവിട്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ അങ്ങനെയുണ്ടായിട്ടില്ലെന്ന് നന്ദകുമാർ പറഞ്ഞു.
ഡൽഹി കേരള ഹൗസിൽവച്ച് പിണറായി വിജയൻ തന്നെ ഇറക്കി വിട്ടിട്ടില്ല. വി എസ് അച്യുതാനന്ദന്റെ മുറിയാണെന്ന് കരുതി പിണറായിയുടെ മുറിയുടെ ബെൽ അടിച്ചു. 'നിങ്ങൾ എന്താണ് കാണിക്കുന്നത്' എന്നാണ് അദ്ദേഹം ചോദിച്ചത്. കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു.
സോളാര്‍ കേസിലെ പരാതിക്കാരി ഉമ്മന്‍ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ വി എസ് തന്നോട് അവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മന്‍ ചാണ്ടിയുടെ പേരുള്ള 25 പേജുള്ള കത്ത് അടക്കം അതിജീവിത എഴുതിയെന്ന് പറയുന്ന ചില കത്തുകള്‍ കൈമാറുകയായിരുന്നു.
2016 ലാണ് ശരണ്യ മനോജ് കത്ത് ഏൽപ്പിച്ചതെന്നും നന്ദകുമാർ പറഞ്ഞു. ശരണ്യ മനോജിന് ഈ കാര്യത്തിൽ സാമ്പത്തിക താല്പര്യങ്ങളുണ്ടായിരുന്നു.
പിന്നീടാണ് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് കത്ത് നല്‍കിയത്. കത്തിനായി 1.25 ലക്ഷം രൂപ പരാതിക്കാരിക്ക് നൽകി. അമ്മയുടെ ചികിത്സയ്ക്ക് എന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്. ശരണ്യ മനോജിനൊപ്പമെത്തിയാണ് പരാതിക്കാരി പണം വാങ്ങിയത്. തമ്പാനൂർ രവിയുo ബെന്നി ബെഹന്നാനും പണം നൽകാം എന്ന് പറഞ്ഞുവെന്ന് പരാതിക്കാരി പറഞ്ഞു. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്നും നന്ദകുമാർ വ്യക്തമാക്കി.
25 പേജുള്ള കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ട്. ഉമ്മൻചാണ്ടി ശാരീരികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അതിജീവിത അദ്ദേഹത്തിന് പരാതി നല്‍കിയിരുന്നു. അതിൽ താൻ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല.
യുഡിഎഫിന്റെ ഭാഗമായിരുന്ന രണ്ട് ആഭ്യന്തരമമന്ത്രിമാർ മുഖ്യമന്ത്രിയാകാൻ കൊതിച്ചതിന്റെ ഫലമാണ് ഉമ്മൻ ചാണ്ടി തേജോവധത്തിന് വിധേയമായത്. ഈ കേസ് കലാപമാകണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു.
2011-2016 കാലത്തെ ഉമ്മൻ ചാണ്ടി സർക്കാർ തനിക്കെതിരെ രണ്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. രണ്ട് കേസുകളും സിബിഐ റഫർ ചെയ്ത ശേഷം അവസാനിപ്പിക്കുകയായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു.